ഭവന സമുച്ചയങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഐജിഎല്‍

ഭവന സമുച്ചയങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഐജിഎല്‍

സിഎന്‍ജി പമ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനാണ് പദ്ധതി; പരീക്ഷണാടിസ്ഥാനത്തില്‍ നോയ്ഡയിലെ ഹൗസിംഗ് കോളനിയില്‍ ഇന്ധന പമ്പ് സ്ഥാപിച്ചിട്ടുണ്ട്

 

ന്യൂഡെല്‍ഹി: ഭവന സമുച്ചയങ്ങളില്‍ സിഎന്‍ജി വിതരണ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് റീട്ടെയ്‌ലറായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). സിഎന്‍ജി പമ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ് മാനേജിംഗ് ഡയറക്റ്റര്‍ ഇ എസ് രംഗനാഥന്‍ പറഞ്ഞു. സിഎന്‍ജി സ്റ്റേഷനുകളില്‍ ചാര്‍ജിംഗ് സംവിധാനത്തിന് തുടക്കമിട്ടുകൊണ്ട് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് രംഗത്തേക്കും ചുവടുവെക്കാന്‍ ഐജിഎല്‍ പദ്ധതിയിടുന്നുണ്ട്.

ദേശീയ തലസ്ഥാന മേഖലയിലും പ്രാന്ത പ്രദേശങ്ങളിലും വാഹനങ്ങള്‍ക്ക് ഇന്ധനമായും ഭവനങ്ങളില്‍ പാചകവാതകമായും സിഎന്‍ജി എത്തിക്കുന്ന കമ്പനി സിഎന്‍ജി സ്റ്റേഷനുകള്‍ക്ക് മുന്നിലുള്ള വലിയ ക്യൂ കാരണം സമ്മര്‍ദം അഭിമുഖീകരിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നോയ്ഡയിലെ ഒരു റെസിഡെന്‍ഷ്യല്‍ ഹൗസിംഗ് കോംപ്ലക്‌സില്‍ കമ്പനി സിഎന്‍ജി വിതരണ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സില്‍ പമ്പ് സ്ഥാപിക്കുമ്പോള്‍ അവിടെ താമസിക്കുന്ന ആളുകള്‍ക്ക് ഇന്ധന വിതരണത്തില്‍ മുന്‍ഗണന ലഭിക്കുമെന്ന് രംഗനാഥന്‍ പറഞ്ഞു. 10 X 10 മീറ്റര്‍ ഏരിയയാണ് പമ്പ് സ്ഥാപിക്കാനാവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പമ്പിന്റെ നടത്തിപ്പും പരിപാലനവും കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരു ഡച്ച് കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും രംഗനാഥന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 60 സിഎന്‍ജി വിതരണ സ്റ്റേഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും രണ്ട് ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും പൈപ്പിലൂടെ പാചക വാതക കണക്ഷനുകള്‍ നല്‍കാനുമാണ് ഐജിഎല്ലിന്റെ പദ്ധതി. ഡെല്‍ഹി, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ഗാസിയാബാദ്, റെവാരി എന്നിവിടങ്ങളിലായി 452 സിഎന്‍ജി സ്‌റ്റേഷനുകളാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: FK News
Tags: CNG