ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ആര്‍ഡിഐഎഫ്

ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്താനൊരുങ്ങി ആര്‍ഡിഐഎഫ്

ഇന്തോ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കിടെ എന്‍ഐഐഎഫുമായി രണ്ട് കരാറുകളില്‍ ആര്‍ഡിഐഎഫ് ഒപ്പുവെക്കും

ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്തികൊണ്ട് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫണ്ടുമായും (എന്‍ഐഐഎഫ്) യുഎഇയില്‍ നിന്നുള്ള ഡിപി വേള്‍ഡുമായും സഹകരിച്ചാണ് ആര്‍ഡിഐഎഫ് രാജ്യത്ത് നിക്ഷേപം നടത്തുക. ഇന്നും നാളെയുമായി നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കിടെ എന്‍ഐഐഎഫുമായി രണ്ട് കരാറുകളില്‍ ആര്‍ഡിഐഎഫ് ഒപ്പുവെക്കുമെന്ന് ആര്‍ഡിഐഎഫ് സിഇഒ കിറില്‍ ദിമിത്രിയേവ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തുറമുഖ, ലോജിസ്റ്റിക്‌സ് മേഖലകളില്‍ പരസ്പര സഹകരണത്തോടെ നിക്ഷേപം നടത്താനുദ്ദേശിച്ചുള്ളതാണ് എന്‍ഐഐഎഫുമായുള്ള ഒരു കരാര്‍. ധാതു-രാസവള വിഭാഗത്തില്‍ നിക്ഷേപം നടത്തുന്നതിനുവേണ്ടിയുള്ളതായിരിക്കും രണ്ടാമത്തെ കരാര്‍. വളങ്ങളുടെ വിഭാഗത്തില്‍ ഉല്‍പ്പാദന യൂണിറ്റുകളുടെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ആര്‍ഡിഐഎഫ് നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുക.
ഇതിനുപുറമെ പോര്‍ട്ട്‌ഫോളിയോ കമ്പനിയായ പിഎഒ ഫോസ്ആഗ്രോ, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചും ആര്‍ഡിഐഎഫ് രാജ്യത്ത് നിക്ഷേപം നടത്തും. ഇന്ന് 20ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരുമായും മറ്റ് ഇന്‍സ്റ്റിറ്റിയൂഷനുകളുമായും ആര്‍ഡിഐഎഫിന് പങ്കാളിത്തമുണ്ട്. 10 ബില്യണ്‍ ഡോളറിന്റെ കരുതല്‍ മൂലധനമാണ് ആര്‍ഡിഐഎഫിനുള്ളത്.
ആര്‍ഡിഐഎഫിന്റെ പിന്തുണയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് രൂപീകരിച്ചത്. ഈ സഹകരണം വികസിപ്പിക്കുന്നത് ഇന്ത്യന്‍ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ക്ക് ഒരു അന്താരാഷ്ട്ര സ്വഭാവം ഉറപ്പാക്കുമെന്നും കിറില്‍ ദിമിത്രിയേവ് അഭിപ്രായപ്പെട്ടു. തങ്ങളുടെ നിക്ഷേപ പദ്ധതികളുടെ ഭാഗമായിട്ടുള്ള എല്ലാവരും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയവരാണ്. വിജയകരമായ ഒരു സഹകരണ നിക്ഷേപ മാതൃക ആര്‍ഡിഐഎഫ് വികസിപ്പിച്ചിട്ടുണ്ട്. ഓരോ നിക്ഷേപത്തിലും ലോകത്തിലെ മുന്‍നിരയിലുള്ള നിക്ഷേപ ഫണ്ടുകളെ ആകര്‍ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും കിറില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പങ്കാളികളുമായി ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനും തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള നിര്‍ണായക അവസരമായാണ് ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചകളെ ആര്‍ഡിഐഎഫ് കാണുന്നത്. റഷ്യന്‍ പ്രതിനിധികള്‍ക്കൊപ്പം ആര്‍ഡിഐഎഫും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നുതിനുവേണ്ടി സംഘടിപ്പിക്കുന്ന ഇന്ത്യ-റഷ്യ ബിസിനസ് ഉച്ചകോടിയിലും തങ്ങളുടെ പ്രാതിനിധ്യമുണ്ടാകുമെന്ന് കിറില്‍ ദിമിത്രിയേവ് അറിയിക്കുന്നത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനു മാത്രമല്ല രാജ്യങ്ങള്‍ തമ്മിലുള്ള യഥാര്‍ത്ഥ വ്യാപാര ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശം. ഇരു രാജ്യങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നമനത്തിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. ലോകത്തിന്റൈ മുന്‍ നിരയിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിന് യോജിച്ച പങ്കാളിയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy