പഠിച്ച വിഷയമല്ല, സംരംഭകമോഹമാണ് പ്രധാനം

പഠിച്ച വിഷയമല്ല, സംരംഭകമോഹമാണ് പ്രധാനം

സംരംഭകത്വം എന്നത് ഇന്നത്തെ കാലത്ത് ഒരു ആവേശമാണ്. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്നത് വൈറ്റ് കോളര്‍ ജോലി തേടി മറ്റുള്ളവരുടെ കീഴില്‍ ജോലി നോക്കാനല്ല, മറിച്ച് നിരവധിപ്പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭത്തിന്റെ ഉടമയാവാനാണ്. ഇവിടെ പഠിച്ച വിഷയം പ്രസക്തമല്ല എന്നതാണ് പ്രധാനം. എംബിബിഎസും ബിടെക്കും കഴിഞ്ഞ ശേഷം തനിക്ക് യോജിച്ച മേഖല ബിസിനസാണ് എന്ന് മനസിലാക്കി വഴിമാറി സംരംഭകത്വത്തിലേക്ക് എത്തിയവര്‍ നിരവധിയാണ്. പഠിച്ചവിഷയത്തേക്കാള്‍ സംരംഭകത്വത്തോടുള്ള പാഷനാണ് ബിസിനസില്‍ പ്രധാനം എന്നതിനാല്‍ വിജയം എന്നും ഇവര്‍ക്കൊപ്പം തന്നെ നിന്നു. സകല സാഹചര്യവും ഉണ്ടായിട്ടും ബിസിനസിലേക്ക് ഇറങ്ങാന്‍ വിമുഖത കാണിക്കുന്നവര്‍ക്കുള്ള പ്രചോദനം കൂടിയാണ്, സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ബിസിനസ് വിജയം നേടിയ ഈ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍...

ബിടെക്ക് പഠിച്ചവന്‍ ഏതെങ്കിലും ഉയര്‍ന്ന എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യണം, എംബിഎ ബിരുദധാരിക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷനല്ലാതെ വേറെ എന്താണ് യോജിച്ചത്? എംബിബിഎസ് കഴിഞ്ഞാല്‍ ഒന്നുകില്‍ എംഡിക്ക് ചേരണം അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ പ്രാക്ടീസ് തുടങ്ങണം, എല്‍എല്‍ബി കഴിഞ്ഞവന് കോടതി മുറി വിട്ടൊരു ജീവിതമില്ല….ഇത്തരം വ്യവസ്ഥാപിത ചിന്തകള്‍ക്ക് അവസാനമിടുകയാണ് സംരംഭകത്വം എന്ന പാഷന്‍. ഇവിടെ ബിടെക്ക് ബിരുദധാരി ഡയറി ഫാം നടത്തുന്നു, എംബിബിഎസ് ബിരുധാരി സ്വന്തമായി ബൊട്ടീക്ക് നടത്തുന്നു, ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍ ഹോട്ടല്‍ നടത്തുന്നു, എന്തിനേറെ പറയുന്നു നിയമം പഠിച്ചവന്‍ വക്കീല്‍ കുപ്പായം ഉപേക്ഷിച്ച് പാടത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നു.

ചുറ്റുപാടും നോക്കിയാല്‍ ഉദാഹരണങ്ങള്‍ അനവധിയാണ്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭകത്വ വികസന പരിപാടികളും സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വായ്പ പദ്ധതികളും എല്ലാം ചേര്‍ന്ന്, പാഷനുള്ള ആര്‍ക്കും സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ കഴിയുന്ന ഒരു അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് തങ്ങള്‍ പഠിച്ച മേഖലയും ലഭിച്ച വൈറ്റ് കോളര്‍ ജോലിയും ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്കിറങ്ങുവാന്‍ യുവാക്കള്‍ തയ്യാറാകുന്നത്. എന്നാല്‍ വെറുതെ അങ്ങ് സംരംഭകര്‍ ആകുകയല്ല, മറിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ അവസരങ്ങള്‍ വിനിയോഗിച്ച് പുതിയ സംരംഭകത്വ മാതൃക സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അവസരം കിട്ടുമ്പോള്‍ വിനിയോഗിക്കാന്‍ അറിയാത്തവന്‍ തൊഴിലാളിയും അവസരങ്ങളെ ശരിയായി വിനിയോഗിക്കുന്നവന്‍ തൊഴില്‍ ദാതാവുമാകുന്നു എന്ന വാചകത്തില്‍ അടിയുറച്ച് സംരംഭകത്വത്തിലേക്ക് വഴിമാറി എത്തിയ അടിയുറച്ചാണ് ഈ ന്യൂ ജെന്‍ സംരംഭകരുടെ യാത്ര.

പഠിച്ചത് ബിടെക്ക്, ജോലി പാല്‍ വില്‍പന

ബിടെക്ക് ബിരുദ നേടിയശേഷം ഇനിയെന്ത് എന്ന ചോദ്യമാണ് കൊച്ചി പൂക്കാട്ടുപടി സ്വദേശിയായ അജുല്‍ അന്‍വറിനെ സംരംഭകണക്കുന്നത്. എന്നാല്‍ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങുക എന്നതല്ല, ആശയം കൊണ്ട് വ്യത്യസ്തമായ ഒരു ബിസിനസ് തുടങ്ങുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് മനസ്സില്‍ ഉറപ്പിച്ച അജുല്‍ അതിനായുള്ള വിപണി പഠനവും ആരംഭിച്ചു. ശുദ്ധമായ പശുവിന്പാലിന്റെ ലഭ്യത നമ്മുടെ നാട്ടില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ അജുല്‍ ഡയറി ഫാമിംഗിലേക്ക് തിരിയാന്‍ തീരുമാനിച്ചു. എന്‍ജിനീയറിംഗ് കഴിഞ്ഞ പയ്യന്‍ പശു വളര്‍ത്താന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ വീട്ടുകാരില്‍ നിന്നും നേരിട്ടത് വന്‍ പ്രതിഷേധം.

എന്നാല്‍ വെറും പശു വളര്‍ത്തല്‍ അല്ല താന്‍ ഉദ്ദേശിക്കുന്നത് എന്നും പശുവിന്‍ പാല്‍ ഓണ്‍ലൈന്‍ ഡെലിവറി ആണ് എന്നും പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച അജുലിന് പൂര്‍ണ പിന്തുണയും ബിസിനസില്‍ പങ്കാളിത്തവുമായി മൂന്നു കൂട്ടുകാര്‍ കൂടിയെത്തി. ടി എം ഫൈസല്‍, സഫര്‍ അക്ബര്‍, മുഹമ്മദ് താഷ്‌വീക് തുടങ്ങിയ കൂട്ടുകാരും അജുലിനെ പോലെ വഴിമാറി സംരംഭകത്വത്തിലേക്ക് എത്തിയവര്‍ തന്നെ. എംബിഎ , ബിടെക്ക് ബിരുധാരികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാങ്ക് വായ്പയെടുത്ത് ആരംഭിച്ച പാല്‍ക്കുപ്പി ഡോട്ട് ഇന്‍ എന്ന സ്ഥാപനം എറണാകുളം ജില്ലയുടെ ഏത് ഭാഗത്തും ആവശ്യക്കാര്‍ക്ക് ശുദ്ധമായ പശുവിന്‍ പാല്‍ എത്തിക്കുന്നു. ആപ്പ് മുഖാന്തിരമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. പൂക്കാട്ടുപടിയിലെ ഫാമിലാണ് പശുവളര്‍ത്തല്‍. ബിടെക്ക് ഉപേക്ഷിച്ചതില്‍ ഈ സംരംഭകന് തീരെ നഷ്ടബോധമില്ല. സംരംഭകത്വത്തില്‍ മുന്നേറുന്നതിന്റെ സന്തോഷം മാത്രം. വരും വര്‍ഷങ്ങളില്‍ ഫാം വികസിപ്പിച്ച് കേരളത്തിലെ മറ്റു ജില്ലകളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അജുലും സംഘവും.

ജര്‍മനിയിലെ ജോലി വേണ്ട, അടുക്കളപ്പുറത്തെ വിജയം മതി

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക്ക് ബിരുദം നേടിയ ശേഷം ജര്‍മനിയിലെ ഒരു മുന്‍നിര സ്ഥാപനത്തില്‍ ജോലി നോക്കി വരവെയാണ് വയനാട് മീനങ്ങാടി സ്വദേശി എബിന്‍ കുര്യാക്കോസിന്റെ മനസ്സില്‍ സംരംഭകത്വം എന്ന മോഹം ഉദിക്കുന്നത്. എന്നാല്‍ താന്‍ പഠിച്ചതും ജോലി ചെയ്യുന്നതുമായ മേഖലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു മേഖലയില്‍ നിക്ഷേപം നടത്താനാണ് എബിന്‍ ആഗ്രഹിച്ചത് എന്ന് കേട്ടപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചവര്‍ നിരവധി. പാചകം എളുപ്പത്തില്‍ ആക്കുന്നതിന് ഉപകരിക്കുന്ന സുഗന്ധവ്യഞ്ജന പേസ്റ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ആയിരുന്നു എബിന്റെ പദ്ധതി. വയനാട്ടില്‍ നിന്നും മായാമോ കലര്‍പ്പോ ഇല്ലാത്ത ഗുണനിലവാരമുള്ള വെളുത്തുള്ളിയും ഇഞ്ചിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ലഭിക്കും എന്ന ഉറപ്പിലാണ് എബിന്‍ ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് മുതിര്‍ന്നത്.

ജര്‍മനിയില്‍ നിന്നും ജോലി രാജി വച്ച് നാട്ടില്‍ എത്തിയ എബിന്‍ കെഎസ്‌ഐഡിസിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് കീഴില്‍ വായ്പയെടുത്താണ് ബിസിനസ് ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ തന്നെയാണ് സ്ഥാപനം തുടങ്ങുന്നതിനായുള്ള സാങ്കേതിക വിദ്യ പഠിച്ചതും. അര്‍ഗോസ ഗൗര്‍മെറ്റ് പ്രൈവറ് ലിമിറ്റഡ് എന്ന പേരില്‍ വിപണിയില്‍ എത്തിച്ച സുഗന്ധവ്യഞ്ജന പേസ്റ്റുകള്‍ വളരെ എളുപ്പത്തില്‍ വിപണി പിടിച്ചെടുത്തു. കിടമത്സരം കുറഞ്ഞ വിപണിയാണ് എന്ന് മനസിലാക്കി നാല് കോടി രൂപയുടെ നിക്ഷേപമാണ് എബിന്‍ ഈ മേഖലയില്‍ നടത്തിയത്. ഹോട്ടലുകളില്‍ നിന്നും മറ്റുമായി വലിയ ഓര്‍ഡറുകള്‍ ലഭിക്കുന്നത് എബിന് നേട്ടമാകുന്നുണ്ട്. അന്യനാട്ടില്‍ കിടന്ന് ഏറെക്കാലം ജോലി ചെയ്യുന്നതിനേക്കാള്‍ ഏറെ സന്തോഷം സ്വന്തം നാട്ടില്‍, കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സംരംഭം നടത്തിയാല്‍ ലഭിക്കും എന്ന് ഉറപ്പിക്കുകയാണ് എബിന്റെയും അര്‍ഗോസയുടെയും വിജയം.

വിപ്രോക്ക് ബൈ പറഞ്ഞു ബൊട്ടീക്ക് തുടങ്ങിയ അഞ്ജലി

കോഴിക്കോട്ടെ ആദ്യത്തെ ഓണ്‍ലൈന്‍ ബൊട്ടീക്ക് ആയ ഇംപ്രസയുടെ ഉടമ അഞ്ജലി ചന്ദ്രന്റെ സംരംഭക ജീവിതം ആകെ സംഭവബഹുലമാണ്.ബിറ്റ്‌സ് പിലാനിയില്‍ നിന്നു എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയ അഞ്ജലി വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കവെയാണ് സംരംഭകത്വം എന്ന മോഹം മനസ്സിലുടക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുകയും ഒട്ടേറെ യാത്രകള്‍ ചെയ്യുകയും ചെയ്തിരുന്ന അഞ്ജലിക്ക്, വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് നടത്തിയ ഒരു യാത്രക്കൊടുവിലാണ് കൈത്തറി വസ്ത്രങ്ങള്‍ക്കായി ഒരു ബൊട്ടീക്ക് എന്ന ചിന്ത വരുന്നത്.

വിപണിയില്‍ ഇന്ത്യന്‍ കൈത്തറികള്‍ക്ക് മികച്ച വിലയുണ്ട് എങ്കിലും ഇടനിലക്കാരുടെ ചൂഷണം നിമിത്തം കൈത്തറി നിര്‍മാതാക്കള്‍ക്ക് വളരെ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് മനസിലാക്കിയ അഞ്ജലി, സമൂഹ്യപ്രതിബദ്ധതയെ മുന്‍നിര്‍ത്തി ഇടനിലക്കാരെ ഒഴിവാക്കി, നിര്‍മാതാക്കളില്‍ നിന്നും കൈത്തറി വസ്ത്രങ്ങള്‍ നേരിട്ട് വാങ്ങി വില്‍പന നടത്തുന്ന ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കുകയായിരുന്നു. വിപ്രോയിലെ ജോലി രാജി വച്ച് ഇത്തരം ഒരു ‘സാഹസത്തിന്’ മുതിരുമ്പോള്‍ എതിര്‍ത്തവര്‍ നിരവധി. എല്ലാ എതിര്‍പ്പുകളെയും ബഹുമാനപൂര്‍വ്വം അവഗണിച്ച് തന്റെ തീരുമാനവുമായി അഞ്ജലി മുന്നോട്ട് പോയി. ഇന്ന് ഇംപ്രസ ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈനിലേക്കും വളര്‍ന്നിരിക്കുന്നു. ഇപ്പോഴും ധാരാളം യാത്രകള്‍ ചെയ്ത് നേരിട്ട് തന്നെയാണ് കൈത്തറിവസ്ത്രങ്ങള്‍ നിര്‍മാതാക്കളില്‍ നിന്നും അഞ്ജലി ശേഖരിക്കുന്നത്. അഞ്ജലിയുടെ സംരംഭകത്വ മികവിന്റെ ഭാഗമായി മികച്ച വനിതാ സംരംഭകക്കുള്ള അവാര്‍ഡ് പലകുറി അഞ്ജലിയെ തേടിയെത്തി.

ബിടെക്കും പാചകവും കോര്‍ത്തിണക്കിയ ടേസ്റ്റ് ജെറ്റ്

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദവും മികച്ച ജോലിയും ഇതുരണ്ടും കൈവശം ഉണ്ടായിരുന്നിട്ടും കൊച്ചി സ്വദേശിയായ പാര്‍വതി രാകേഷിന്റെ ചിന്ത എപ്പോഴും സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്നതായിരുന്നു. എന്നാല്‍ വഴി മാറി സംരംഭകത്വത്തിലേക്ക് എത്തി വിജയം നേടിയ മറ്റു സംരംഭകരരുടെ കഥയില്‍ നിന്നും വ്യത്യസ്തമായി പാര്‍വതിക്ക് സംരംഭകത്വത്തിലേക്കിറങ്ങാന്‍ എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് രാകേഷ് കൂടെയുണ്ടായിരുന്നു. ഇരുവരും ഭക്ഷണം ഏറെ ഇഷ്ടമുള്ളവര്‍, രുചിവൈവിധ്യങ്ങള്‍ തേടിപ്പോകാന്‍ മനസുള്ളവര്‍..അങ്ങനെയുള്ളപ്പോള്‍ തങ്ങള്‍ തുടങ്ങുന്ന സംരംഭവും ആ മേഖലയില്‍ തന്നെയാകുന്നതാണ് ഉചിതമെന്ന് പാര്‍വതിക്ക് തോന്നി. എന്നാല്‍ ഒരു ഹോട്ടലോ , ഫുഡ് പ്രോസസ്സിംഗ് യൂണിറ്റോ ഒന്നുമായിരുന്നില്ല പാര്‍വതിയുടെ മനസ്സില്‍. മറിച്ച്, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം. മായം ചേര്‍ക്കാത്ത, നല്ല നാടന്‍ രുചിയുള്ള ഭക്ഷണത്തെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന സ്ഥാപനത്തിന് പാര്‍വതി ടേസ്റ്റ് ജെറ്റ് എന്ന് പേര് നല്‍കി.

എവിടെ നിന്നുവേണമെങ്കിലും വെബ്‌സൈറ്റ് വഴി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാം. പാചകത്തില്‍ താല്‍പര്യമുള്ള ആര്‍ക്കും ടേസ്റ്റ് ജെറ്റിന്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കി നല്‍കാം. ഇത്തരത്തില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫോട്ടോയും വിലയും വെബ്‌സൈറ്റില്‍ കാണിച്ചിരിക്കും. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കും. ടേസ്റ്റ് ജെറ്റ് നേടുന്ന വരുമാനത്തിന് പുറമേ, രുചികരമായ ഭക്ഷണം തയ്യാറാക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ടേസ്റ്റ് ജെറ്റ് വഴി വരുമാനമുണ്ടാക്കാന്‍ കഴിയുന്നു. ഫുഡ്‌സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് നേടിയ ശേഷമാണ് പാര്‍വതി സഥാപനം ആരംഭിച്ചത്. വിതരണം ചെയ്യുന്ന ഭക്ഷണം ഗുണമേന്മ പരിശോധനക്ക് ശേഷമാണ് ഉപഭോക്താകകളിലേക്ക് എത്തുന്നത്. ലോണ്‍ എടുത്ത് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ നേട്ടത്തിന്റെ പാതയിലാണ്. ഫുഡ് ഡെലിവറിയുടെ കാര്യത്തില്‍ കേരളത്തിന്റെ ആമസോണ്‍ ആയി മാറുക എന്നതാണ് ടേസ്റ്റ് ജെറ്റിലൂടെ പാര്‍വതി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Entrepreneurship, Slider