നവംബര്‍-ഡിസംബറില്‍ ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞേക്കും

നവംബര്‍-ഡിസംബറില്‍ ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞേക്കും

ഉല്‍സവ, വിവാഹ സീസണുകള്‍ ബിസിനസിനും നികുതി പിരിവിനും സഹായകരമാവും; സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വില്‍പ്പനയും വാങ്ങലും കുറയും; നികുതി വരുമാനത്തിലും ആനുപാതികമായ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ്

 

ന്യൂഡെല്‍ഹി: ഉല്‍സവ സീസണിലെ ആവശ്യകതയുടെയും റവന്യൂ വിഭാഗം നടപ്പിലാക്കിയ നികുതി വെട്ടിപ്പ് വിരുദ്ധ നയങ്ങളുടെയും പിന്‍ബലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് ധനകാര്യ മന്ത്രാലയം. സെപ്റ്റംബറില്‍ ചരക്കു സേവന നികുതിയില്‍ നിന്നുള്ള വരുമാനം 94,442 കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഉല്‍സവകാല സീസണില്‍ ആവശ്യകത ഉയരുന്നതോടെ ഇത് ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഈ വര്‍ഷം ഏപ്രിലിലാണ് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ആദ്യമായി ലക്ഷം കോടി കവിയുന്നത്. 1,03,458 കോടി രൂപയായിരുന്നു ആ മാസത്തെ നികുതി പിരിവ്.

”ജിഎസ്ടി കളക്ഷന്‍ വര്‍ധിച്ചു വരുന്നതാണ് നിലവിലെ പ്രവണത. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെ പ്രതിമാസ കളക്ഷന്‍ വീണ്ടും ഒരു ലക്ഷം കോടി രൂപയിലേക്കെത്തും,” ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018 ഒക്‌റ്റോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വില്‍പ്പനയും വാങ്ങലുമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നികുതി പിരിവില്‍ പ്രതിഫലിക്കുക. ഉല്‍സവകാല സീസണിന് തുടക്കം കുറിക്കുന്ന ഗണേശ ചതുര്‍ത്ഥി വരെ ആളുകള്‍ വിപണിയില്‍ നിന്ന് പിന്‍മാറി നില്‍ക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു വിനായക ചതുര്‍ത്ഥി. നികുതി വെട്ടിപ്പു തടയുന്നതിനായി അടുത്ത നടപടികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയതും വരുമാനം ഉയരുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”ഉല്‍സവകാല സീസണിലെ ആവശ്യകത കാരണം ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി കടക്കും. ആളുകള്‍ ഉല്‍പ്പന്നങ്ങള്‍ വന്‍ തോതില്‍ വാങ്ങുകയും വില്‍പ്പന അഭിവൃദ്ധിപ്പെടുത്താന്‍ വമ്പനികള്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും പ്രമോഷണല്‍ ഓഫറുകളുമായി മുന്നോട്ടു വരികയും ചെയ്യുന്ന സമയമാണിത്. വില്‍പ്പന വര്‍ധന സര്‍ക്കാരിനെ ഉയര്‍ന്ന വരുമാനം നേടുന്നതില്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” നികുതി, നിയമ സ്ഥാപനമായ ലക്ഷ്മികുമരന്‍ ആന്‍ഡ് ശ്രീധരന്‍ പാര്‍ട്‌ണേഴ്‌സിലെ പങ്കാളിയായ എല്‍ ബദ്രി നാരായണന്‍ പറഞ്ഞു.

ഇന്ത്യന്‍ ഉല്‍സവങ്ങളും വിവാഹ സീസണും ഒരുമിച്ചെത്തുന്നത് ആകെ ആവശ്യകതയില്‍ വര്‍ധനയുണ്ടാക്കുമെന്നും നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ ജിഎസ്ടി പിരിവ് താല്‍ക്കാലികമായെങ്കിലും ഇതുവഴി ഉയരുമെന്നും എഎംആര്‍ജി ആന്‍ഡ് അസോസിയേറ്റ്‌സ് പാര്‍ട്ണര്‍ രജത് മോഹന്‍ പറഞ്ഞു. നികുതി വരുമാനം ഉയര്‍ത്തുന്നത്, ധനക്കമ്മി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ചെലവിടല്‍ പരിമിതപ്പെടുത്തുന്നതിനേക്കാള്‍ സാമ്പത്തികമായി കൂടുതല്‍ പ്രാവര്‍ത്തികമായ മാര്‍ഗമാണെന്നും മോഹന്‍ വ്യക്തമാക്കി.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വില്‍പ്പനയും വാങ്ങലും കുറയുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു ശേഷം നികുതി വരുമാനത്തിലും ആനുപാതികമായ ഇടിവുണ്ടാകുമെന്ന ആശങ്കയും ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു. ജൂണ്‍ മാസത്തിലെ 95,610 കോടി രൂപയെക്കാള്‍ വരുമാനം ഉയര്‍ന്ന് ജൂലൈയില്‍ 96,483 കോടി രൂപ വരെയെത്തി. ഇതേത്തുടര്‍ന്നു പല ഉല്‍പ്പന്നങ്ങളെയും ഉയര്‍ന്ന നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരു ലക്ഷം കോടി കടക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഓഗസ്റ്റില്‍ വന്‍ ഇടിവു സംഭവിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലായി ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം 67 ലക്ഷമാണ്.

Comments

comments

Categories: Business & Economy
Tags: GST