ദുബായിലെ ഏറ്റവും വലിയ ബാങ്ക് സേവനങ്ങള്‍ വാട്സാപ്പില്‍ നല്‍കാന്‍ പദ്ധതിയിടുന്നു

ദുബായിലെ ഏറ്റവും വലിയ ബാങ്ക് സേവനങ്ങള്‍ വാട്സാപ്പില്‍ നല്‍കാന്‍ പദ്ധതിയിടുന്നു

ഡിജിറ്റല്‍ ചാനലിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

 

ദുബായ്: ബാങ്കിംഗ് സേവനങ്ങള്‍ വാട്്‌സാപ്പില്‍ നല്‍കാന്‍ പദ്ധതിയിട്ട് എമിറേറ്റ്‌സ് എന്‍ബിഡി. യുഎഇയില്‍ വാട്‌സാപ്പ് വഴി ബാങ്കിംഗ് സേവനങ്ങള്‍ ആദ്യമായി നല്‍കുന്ന ദുബായിലെ ഏറ്റവും വലിയ ബാങ്കാണ് എമിറേറ്റ്‌സ് എന്‍ബിഡി. ഡിജിറ്റല്‍ ചാനലിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എക്കൗണ്ടിലെ ബാലന്‍സ് തുക അറിയുക, കാര്‍ഡ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുകയോ അണ്‍ബ്ലോക്ക് ചെയ്യുകയോ ചെയ്യുക തുടങ്ങി ബാങ്കുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ദിവസേന ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്‌സാപ്പ് വഴി ബാങ്ക് ലഭ്യമാക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ പരീക്ഷിക്കുകയാണിപ്പോള്‍ ഈ പുതിയ വാട്‌സാപ്പ് ബാങ്കിംഗ് സംവിധാനം. പരീക്ഷണം വിജയകരമായാല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

വാട്‌സാപ്പ് വഴിയുള്ള ബാങ്കിംഗ് സേവന സംവിധാനത്തിന്റെ ആദ്യ ഘട്ടമാണിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്‌സാപ്പ് വഴി ഉപഭോക്തൃ ശൃംഖല മെച്ചപ്പെടുത്തുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഡിജിറ്റല്‍ അനുഭവവും ഇതുവഴി കൈവരിക്കാനാകുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അബ്ദുള്ള ഖാസിം പറഞ്ഞു. ബാങ്കിംഗ് സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം നടപ്പാക്കിയതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി റീട്ടെയ്ല്‍ ബാങ്കിംഗ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് സീനിയല്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് മേധാവിയുമായ സുവോ സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്തിലെ ഏതൊരു വ്യക്തിയുമായും എളുപ്പത്തില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള സംവിധാനമാണ് വാട്‌സാപ്പ്. ബാങ്കിംഗ് സേവനങ്ങള്‍ ലളിതമാക്കുന്നതോടൊപ്പം അവയെ കുറിച്ച് കൃത്യമായ അവബോധം ഉപഭോക്താക്കളില്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ വാട്‌സാപ്പ് ബിസിനസ് എക്കൗണ്ടില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങളും വളരെ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ എമിറേറ്റ്‌സ് ബാങ്കിന്റെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഓരോ വര്‍ഷവും 30 വര്‍ധനവ് കാണിക്കുന്നുണ്ട്. മാത്രവുമല്ല ആകെയുള്ള ഉപഭോക്താക്കളില്‍ പകുതിയില്‍ കൂടുതല്‍ ആളുകളും മൊബീല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Arabia