ദേശീയ കാര്‍ഷിക നയം ഡബ്ല്യുടിഒ ചട്ടങ്ങള്‍ പാലിച്ചുള്ളതായിരിക്കും

ദേശീയ കാര്‍ഷിക നയം ഡബ്ല്യുടിഒ ചട്ടങ്ങള്‍ പാലിച്ചുള്ളതായിരിക്കും

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2.2 ശതമാനം മാത്രമാണ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ദേശീയ കാര്‍ഷിക കയറ്റുമതി നയം ആഗോള വ്യാപാര ചട്ടങ്ങളുമായി ചേര്‍ന്ന് പോകുന്നതായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ)അറിയിച്ചു. വിവിധ രാജ്യങ്ങളിലെ കാര്‍ഷിക നയങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡബ്ല്യുടിഒ യോഗത്തില്‍ ഇന്ത്യയുടെ കാര്‍ഷിക നയം സംബന്ധിച്ച് മറ്റ് രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യത്തില്‍ ലോക വ്യാപര സംഘടനയില്‍ വിശദീകരണം നല്‍കിയത്.

വിവിധ സര്‍ക്കാര്‍ നയങ്ങളിലൂടെ കാര്‍ഷിക മേഖലയിലെ വിപണനത്തിനും ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കും കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് നയം. ഇത്തരം നടപടികള്‍ക്ക് ഡബ്ല്യുടിഒ അനുമതി നല്‍കിയിട്ടുണ്ട്. ദേശീയ കാര്‍ഷിക നയം സംബന്ധിച്ച നിര്‍ദേശം ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യ അറിയിച്ചു.

കുറഞ്ഞ കയറ്റുമതി വില ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളായന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇന്ത്യയുടെ കാര്‍ഷിക നയം. 2022ഓടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 60 ബില്യണ്‍ ഡോളറിലധികമാക്കാനാണ് നയം ലക്ഷ്യമിടുന്നത്. നിലവില്‍ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ് ദേശീയ കാര്‍ഷിക നയം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പച്ചകൊടി കാണിക്കുന്നതോടെ നയം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് വിടും. നയം സംബന്ധിച്ച് മറ്റ് രാജ്യങ്ങളുടെ വസ്തുതാപരമായ ആശങ്കകള്‍ ഇന്ത്യ പരിഗണിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നയം മുന്നോട്ടുവെക്കുന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് ഇന്ത്യ സ്വീകരിക്കുക എന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഈ നടപടികള്‍ എങ്ങനെ ഗുണം ചെയ്യുമെന്നും, ഗ്രീന്‍ ബോക്‌സ് പിന്തുണ ഉപയോഗിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടോ എന്നും യൂറോപ്യന്‍ യൂണിയന്‍ ചോദിച്ചിരുന്നു. കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ളതാണ് ഗ്രീന്‍ സബ്‌സിഡികള്‍. ഇത്തരം സബ്‌സിഡികള്‍ നല്‍കുന്നതിന് അംഗ രാഷ്ട്രങ്ങള്‍ക്ക് ഡബ്ല്യുടിഒ അനുമതി നല്‍കിയിട്ടുണ്ട്.

മേയില്‍ ഇന്ത്യ ഡബ്ല്യുടിഒയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഗ്രീന്‍ ബോക്‌സ് പിന്തുണ 2014-2015ലെ 20.8 ബില്യണ്‍ ഡോളറില്‍ നിന്നും 2015-2016ല്‍ 18.3 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട്. ഇതില്‍ ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങള്‍ക്കായി 15.6 ബില്യണ്‍ ഡോളറാണ് 2015-2016ല്‍ ഇന്ത്യ ചെലവഴിച്ചത്. 2014-2015ല്‍ ഇത് 17.1 ബില്യണ്‍ ഡോളറായിരുന്നു. ഡബ്ല്യുടിഒയുടെ 2015ലെ കണക്കുകള്‍ പ്രകാരം ഒന്‍പതാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2015ലെ ഒരു ശതമാനത്തില്‍ നിന്നും 2016ല്‍ 2.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: FK News
Tags: WTO

Related Articles