2019 ബിഎംഡബ്ല്യു 3 സീരീസ് അനാവരണം ചെയ്തു

2019 ബിഎംഡബ്ല്യു 3 സീരീസ് അനാവരണം ചെയ്തു

പാരിസ് : 2019 മോഡല്‍ ബിഎംഡബ്ല്യു 3 സീരീസ് സെഡാന്‍ പാരിസ് മോട്ടോര്‍ ഷോയില്‍ ഔദ്യോഗികമായി അനാവരണം ചെയ്തു. ഏഴാം തലമുറ 3 സീരീസ് ഏതുവിധത്തിലും പൂര്‍ണ്ണമായും പുതിയതാണ്. മുന്‍ തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ധാരാളം മാറ്റങ്ങളുമായാണ് ‘ഏഴാം തമ്പുരാന്‍’ വരുന്നത്. മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ, വോള്‍വോ എസ്60 എന്നിവയാണ് എതിരാളികള്‍. പുതു തലമുറ ബിഎംഡബ്ല്യു 3 സീരീസ് പ്രീമിയം സെഡാന്‍ സെഗ്‌മെന്റില്‍ മറ്റെല്ലാ എതിരാളികളെയും പിന്നിലാക്കും. പുതിയ 5 സീരീസ്, 7 സീരീസ് മോഡലുകളിലേതുപോലെ പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ രൂപകല്‍പ്പനയില്‍ സ്വാഭാവികമായ പരിണാമം സംഭവിച്ചിരിക്കുന്നു.

ബിഎംഡബ്ല്യു 8 സീരീസില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് പുതിയ 3 സീരീസിലെ വലിയ കിഡ്‌നി ഗ്രില്‍. എല്‍ഇഡികള്‍ ലഭിച്ചതോടെ ഹെഡ്‌ലാംപുകള്‍ മുമ്പെന്നത്തേക്കാളും ഷാര്‍പ്പ് ആയിരിക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയുള്ളതാണ്. ബിഎംഡബ്ല്യുവിന്റെ പുതിയ ലേസര്‍ ലൈറ്റുകള്‍ ഓപ്ഷണലാണ്. ബംപര്‍ പൂര്‍ണ്ണമായും പുതുക്കിപ്പണിതിരിക്കുന്നു. 3 സീരീസ് എം-സ്‌പോര്‍ട് എഡിഷനിലെ വലിയ എയര്‍ ഇന്‍ടേക്കുകള്‍ പുതിയ 3 സീരീസിന് ലഭിച്ചു. ബോണറ്റിലെ ലൈനുകള്‍ പൗരുഷം വിളിച്ചോതുന്നവയാണ്. പുതിയ 3 സീരീസിലെ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ക്ക് ഇപ്പോള്‍ നീളം കൂടിയിരിക്കുന്നു.

ഏഴാം തലമുറയില്‍ എത്തിയതോടെ ബിഎംഡബ്ല്യു 3 സീരീസിന്റെ അളവുകളില്‍ മാറ്റം വന്നു. മുന്‍ഗാമിയേക്കാള്‍ നീളം 76 മില്ലി മീറ്റര്‍ വര്‍ധിച്ചു. വീല്‍ബേസിന്റെ നീളം കൂടിയത് 41 എംഎം. മുന്നില്‍ 43 മില്ലി മീറ്ററും പിന്നില്‍ 21 മില്ലി മീറ്ററും വീതി വര്‍ധിച്ചു. സെഡാന്റെ ബൂട്ട് കപ്പാസിറ്റിയും ഇപ്പോള്‍ കൂടുതലാണ്. 481 ലിറ്ററായി വര്‍ധിച്ചു. കാബിനിലുടനീളം ഇപ്പോള്‍ 37 ലിറ്റര്‍ അധിക സ്ഥലസൗകര്യം ലഭിക്കും. ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതോടെ പുതിയ 3 സീരീസിന്റെ കെര്‍ബ് വെയ്റ്റ് 55 കിലോഗ്രാം കുറഞ്ഞു.

കാറിനകവും ഇപ്പോള്‍ കൂടുതല്‍ ആധുനികമാണ്. പൂര്‍ണ്ണമായ അഴിച്ചുപണി നടത്തിയിരിക്കുന്നു. നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നത്. അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് പകരം 8.8 ഇഞ്ച് ഡിസ്‌പ്ലേ കാണാം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവ ഓപ്ഷണലായി ലഭിക്കും. ബിഎംഡബ്ല്യു ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റാണ് മറ്റൊരു ഫീച്ചര്‍.

ബിഎംഡബ്ല്യു 330ഐ എക്‌സ്‌ഡ്രൈവ് വേരിയന്റിലെ 2.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോചാര്‍ജ്ഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 255 ബിഎച്ച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎംഡബ്ല്യു എം340ഐ എക്‌സ്‌ഡ്രൈവ് വേരിയന്റിലെ കൂടുതല്‍ കരുത്തുറ്റ 3.0 ലിറ്റര്‍, ടര്‍ബോ, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 382 ബിഎച്ച്പി കരുത്തും 500 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. ഈ വേരിയന്റിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.2 സെക്കന്‍ഡ് മതി. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ സെഡാനുകളിലൊന്ന്.

8 സ്പീഡ് സ്‌പോര്‍ട് സ്‌റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് രണ്ട് എന്‍ജിനുകളും ചേര്‍ത്തിരിക്കുന്നത്. അതിവേഗ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ലേഔട്ടുകളില്‍ പുതിയ 3 സീരീസ് ലഭിക്കും. 320ഡി, 330ഡി മോഡലുകള്‍ക്കായി 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ എന്‍ജിനുകളാണ് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 2020 ല്‍ 330ഇ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിപണിയിലെത്തും.

അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, എക്‌സ്‌റ്റെന്‍ഡഡ് ട്രാഫിക് ജാം അസിസ്റ്റ്, ജെസ്ചര്‍ കണ്‍ട്രോള്‍ തുടങ്ങിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യകള്‍ പുതിയ 3 സീരീസില്‍ നല്‍കിയതായി ബിഎംഡബ്ല്യു അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും. 2019 തുടക്കത്തില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: BMW 3 series