സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് സ്മാര്‍ട്ട് ഹോമിലേക്ക് ഷഓമി

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് സ്മാര്‍ട്ട് ഹോമിലേക്ക് ഷഓമി

കൃത്രിമ ബുദ്ധിയിലും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലും അധിഷ്ഠിതമായ ഗൃഹോല്‍പ്പന്ന ശ്രേണിയുമായി ഷഓമി; ലഗേജ്, ഷൂസ്, വസ്ത്ര മേഖലയിലേക്കും കമ്പനി ചുവടു വെക്കുന്നു

ബെംഗളൂരു: സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന പൊതുധാരണ തിരുത്തുന്നതിന്റെ ഭാഗമായി ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ വിശാലമാക്കി ചൈനീസ് ഇലക്ട്രോണിക് ഭീമനായ ഷഓമി. ഫിറ്റ്‌നസ്, ആരോഗ്യം, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് ട്രാവല്‍ തുടങ്ങിയ വ്യത്യസ്തമായ വിഭാഗങ്ങളിലാണ് ഷഓമി തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നത്. കൃത്രിമ ബുദ്ധിയിലും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലും അധിഷ്ഠിതമായ സാങ്കേതികവിദ്യകളാണ് ഇതിനായി കമ്പനി കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മല്‍സരാധിഷ്ഠിതമായ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബ്രാന്‍ഡ് എന്ന നേട്ടം കൈവരിച്ച ഷഓമി, നിലവില്‍ രാജ്യത്ത് സ്മാര്‍ട്ട് ഹോം വിഭാഗത്തിലേക്കാണ് ചുവടുവെച്ചിരിക്കുന്നത്. എയര്‍, വാട്ടര്‍ ശുദ്ധീകരണ ഉപകരണങ്ങള്‍, പ്രൊജക്റ്ററുകള്‍, സുരക്ഷാ കാമറകള്‍, ടെലിവിഷനുകള്‍, അടുക്ക ഉപകരണങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ കമ്പനി അവതരിപ്പിച്ചത്. ”സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാത്രം കണക്കാക്കപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2014 ല്‍ ആണ് ഞങ്ങള്‍ ആരംഭിച്ചത്. സ്മാര്‍ട്ട് ഹോം വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം, ലഗേജ്, ഷൂസ്, വസ്ത്രം തുടങ്ങി സാങ്കേതിക ഇതര ഉല്‍പ്പന്നങ്ങളിലേക്കും ഞങ്ങള്‍ തിരിഞ്ഞു,” ഷഓമി ഇന്ത്യ കാറ്റഗറി ആന്‍ഡ് ഓണ്‍ലൈന്‍ സെയ്ല്‍സ് വിഭാഗം തലവനായ രഘു റെഡ്ഡി പറഞ്ഞു. ‘മി ഹോം’ സ്റ്റോറുകള്‍ രാജ്യത്തുടനീളം വ്യാപിപ്പിച്ചു കൊണ്ട് തങ്ങളുടെ ആഗോള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കാനുള്ള അവസരമൊരുക്കാനാണ് പരിപാടി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഓഫ് തിംഗ് പ്ലാറ്റ്‌ഫോമാണ് ഷഓമി എന്ന് ഷഓമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും, ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററുമായ മനു കുമാര്‍ ജെയ്ന്‍ പറഞ്ഞു. മി എല്‍ഇഡി ടിവികളുമായി സംയോജിപ്പിച്ചുകൊണ്ട് വോയ്‌സ് അസിസ്റ്റന്‍സ് സംവിധാനമുള്ള ഒരു പുതുതലമുറ ആന്‍ഡ്രോയ്ഡ് ടിവി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്ക് ബാക്ക് ഫീച്ചറോടു കൂടിയ മി എയര്‍ പ്യൂരിഫയര്‍ 2എസും, ഹോം സെക്യൂരിറ്റി കാമറ 360ഉം താങ്ങാവുന്ന വിലയില്‍ ലഭ്യമാണ്. ”ഇവിടെ ലോഞ്ച് ചെയ്യുന്നതെന്തും തികച്ചും ഇന്ത്യക്ക് അനുസൃതമായി നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ ധാരാളം ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണിത്,” റെഡ്ഡി കൂട്ടിച്ചേര്‍ച്ചു.

ഷഓമിയും, മി സംവിധാനത്തിന്റെ ഭാഗമായ മറ്റ് 200 പങ്കാളികളും ചേര്‍ന്ന് ഉപഭോക്താക്കളുടെ ജീവിതരീതി, സ്മാര്‍ട്ട് ഹോം, യാത്ര, ടോയ്‌സ് വിഭാഗങ്ങളില്‍ 115 ദശലക്ഷത്തിലധികം ഉപകരണങ്ങളാണ് നിര്‍മിക്കുന്നത്. എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയിലൂടെയുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നത് തുടരുമെന്ന് കമ്പനി പറഞ്ഞു. ”പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിലുള്ള അവസരങ്ങള്‍ അതിരുകളില്ലാത്തതാണ്. ജനങ്ങള്‍ മി ടിവിക്കായി ആഗ്രഹിച്ചു. വോയ്‌സ് സപ്പോര്‍ട്ടാടെ അത് ഞങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ചു. ലാപ്പ്‌ടോപ്പുകള്‍ ലോഞ്ച് ചെയ്യണമെന്നാണ് ഇപ്പോള്‍ ജനങ്ങളുടെ ആവശ്യം,” റെഡ്ഡി പറഞ്ഞു.

ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഷഓമി നിലവില്‍ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. നിലവില്‍ ബെംഗളൂരു, ചെന്നൈ, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലായി 4 മി ഹോം എക്‌സ്പീരിയന്‍സ് സ്റ്റോറുകളാണ് ഇന്ത്യയില്‍ കമ്പനിക്കുള്ളത്. രാജ്യത്തുടനീളമായി 36 മി ഹോം സ്‌റ്റോറുകളും ഷഓമിക്കുണ്ട്. ഓഫ്‌ലൈന്‍ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്താന്‍ 2018ല്‍ 100 മി ഹോം സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Comments

comments

Categories: Tech
Tags: Xiaomi