സെപ്റ്റംബര്‍ പാദത്തില്‍ ടെസ്‌ല നിര്‍മ്മിച്ചത് 80,000 വാഹനങ്ങള്‍ ; റെക്കോഡ് പ്രകടനം

സെപ്റ്റംബര്‍ പാദത്തില്‍ ടെസ്‌ല നിര്‍മ്മിച്ചത് 80,000 വാഹനങ്ങള്‍ ; റെക്കോഡ് പ്രകടനം

മൂന്നാം പാദത്തില്‍ ടെസ്‌ല ലാഭമുണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക് ആവര്‍ത്തിച്ചിരുന്നു

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല മൂന്നാം സാമ്പത്തിക പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) നിര്‍മ്മിച്ചത് എണ്‍പതിനായിരത്തോളം വാഹനങ്ങള്‍. ഇലക്ട്രിക് വാഹന ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് റെക്കോഡ് പ്രകടനമാണ് ടെസ്‌ലയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇവയില്‍ 53,000 വാഹനങ്ങള്‍ മോഡല്‍ 3 സെഡാനാണെന്ന് ഇലക്ട്രിക് വാഹന ബ്ലോഗായ ഇലക്ട്രെക് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം പാദത്തില്‍ 50,000 ത്തിനും 55,000 ത്തിനുമിടയില്‍ യൂണിറ്റ് മോഡല്‍ 3 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് ടെസ്‌ല ഉദ്ദേശിച്ചിരുന്നത്. ലക്ഷ്യം നേടിയെന്നര്‍ത്ഥം. ഇതിനുമുമ്പത്തെ രണ്ട് പാദങ്ങളിലുമായി (ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍) ആകെ നിര്‍മ്മിച്ച ഏകദേശം അത്രയും കാറുകളാണ് കഴിഞ്ഞ മൂന്ന് മാസത്തില്‍ ടെസ്‌ല നിര്‍മ്മിച്ചത്. ടെസ്‌ലയുടെ മിഡ്‌സൈസ് ഇലക്ട്രിക് സെഡാനാണ് മോഡല്‍ 3.

ഉല്‍പ്പാദന നേട്ടം സംബന്ധിച്ച് ടെസ്‌ലയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ഉല്‍പ്പാദന, വിതരണ കണക്കുകള്‍ ഈയാഴ്ച്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തില്‍ ടെസ്‌ല ലാഭമുണ്ടാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2010 ല്‍ നാസ്ഡാക്കില്‍ ഐപിഒ നടത്തിയശേഷം ലാഭകരമായ രണ്ട് സാമ്പത്തിക പാദങ്ങള്‍ മാത്രമാണ് ടെസ്‌ലയ്ക്ക് അവകാശപ്പെടാനുള്ളത്.

ടെസ്‌ല ഓഹരി വിപണി വിടുമെന്നും സ്വകാര്യമാക്കുമെന്നും പ്രസ്താവിച്ച് ട്വീറ്റ് ചെയ്തതിനെതുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഈയിടെ പുലിവാല് പിടിച്ചിരുന്നു. മസ്‌കിന്റെ ട്വീറ്റ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കണ്ടെത്തി. കമ്മീഷനുമായി ഒത്തുതീര്‍പ്പിലെത്തിയാണ് ഇലോണ്‍ മസ്‌ക് തലയൂരിയത്. ഇതനുസരിച്ച് മസ്‌കും ടെസ്‌ലയും 20 ദശലക്ഷം യുഎസ് ഡോളര്‍ വീതം പിഴയടയ്ക്കണം. ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്‌ക് ഒഴിയും. മൂന്ന് വര്‍ഷത്തേക്ക് ഇലോണ്‍ മസ്‌കിന് ചെയര്‍മാന്‍ സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയില്ല.

Comments

comments

Categories: Auto
Tags: Tesla