ചാണക്യ തന്ത്രങ്ങളുമായി അവന്‍ എത്തി, അവിനാശ്

ചാണക്യ തന്ത്രങ്ങളുമായി അവന്‍ എത്തി, അവിനാശ്

കമല്‍ഹാസനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ അവിനാശ് എത്തിയതോടെ ആവേശത്തിലാണ് അണികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാംപെയ്ന്‍ സ്ട്രാറ്റജിസ്റ്റ് എന്ന നിലയില്‍ ലോകശ്രദ്ധ നേടിയ അവിനാശ് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിക്കുമോ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച് അദ്ദേഹത്തെ അധികാരത്തിലേറ്റിയ അവിനാശ് ഇരഗവരപു, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ എത്തിയതോടെ തമിഴകത്ത് ഇനി കഥ മാറുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ പണ്ഡിതര്‍ ഉയര്‍ത്തുന്നത്.

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനുവേണ്ടി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനും കരുക്കള്‍ നീക്കാനുമാണ് അവിനാശ് എത്തിയത്. നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ്
ഡയറക്റ്ററാണ് അവിനാശ് ഇരഗവരപു. 2014-ല്‍ ഗവര്‍ണര്‍ ഡൗഗ് ഡ്യൂസിക്കുവേണ്ടി അവിനാശ് പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനോ അവരുടെ സീറ്റു നിലനിര്‍ത്താനോ അവിനാശിന് കഴിഞ്ഞത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. 2014-ലെ ട്രംപ് വിജയഗാഥയുടെ അടവും തന്ത്രവും മെനഞ്ഞത് അവിനാശ് ആയിരുന്നു.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അവിനാശ് പിന്നീട് എംബിഎയും കരസ്ഥമാക്കി. അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രചാരണങ്ങള്‍ വിജയകരമായി നടത്തിയ മികവുറ്റ പ്രാവീണ്യവും അവിനാശിനുണ്ട്.

കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അവിനാശ് ലക്ഷ്യമിട്ടത് 36.6 ദശലക്ഷം വോട്ടായിരുന്നു. അതില്‍ 28.6 ദശലക്ഷം വോട്ട് നേടുകയും ചെയ്തു. സാങ്കേതിക വിദ്യയുടേയും ചടുലതന്ത്രങ്ങളുടേയും നിറവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനോ, അവരുടെ സീറ്റ് നിലനിര്‍ത്താനോ അമേരിക്ക ആശ്രയിക്കുന്ന ഇന്ത്യക്കാരനാണ് അവിനാശ്. പ്രേക്ഷകരേയും ശ്രോതാക്കളേയും ആകര്‍ഷിക്കാനും പിടിച്ചിരുത്താനും അവിനാശ് ഉപയോഗിക്കുന്നത് ഡാറ്റാ മോഡലിംഗും സൈക്കോഗ്രാഫിക്
പ്രൊഫൈലിംഗുമാണ്.

രാഷ്ട്രീയ കക്ഷികളുടെ അടിത്തട്ടുകളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ ന്യൂനതകളും ഗുണങ്ങളും കണ്ടെത്തിയാണ് അവിനാശ് അടവും തന്ത്രവും മെനയുന്നത്. സ്ഥാനാര്‍ത്ഥിയുടെ പോരായ്മകളും സ്വാധീനവും വിലയിരുത്തി സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അവിനാശ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍, പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള പരിശീലന കളരികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗങ്ങളില്‍ അവിനാശ് കേന്ദ്രബിന്ദുവായി.

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. പാര്‍ട്ടി ഭാരവാഹികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കികൊണ്ട് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടേതടക്കം നിരവധി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുപിന്നില്‍ തന്ത്രങ്ങള്‍ മെനഞ്ഞ അവിനാശ്, കോയമ്പത്തൂരില്‍ നടന്ന മക്കള്‍ നീതി മയ്യം ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും കമല്‍ഹാസന്റെ അഴിമതി വിരുദ്ധ ആശയങ്ങള്‍ എത്തിക്കുകയാണ് അവിനാശിന്റെ പ്രധാന ലക്ഷ്യം. ഗ്രാമങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുകയും മാതൃക ഗ്രാമങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അത് പ്രചാരണായുധമാക്കുകയും ലക്ഷ്യമിടുന്നുണ്ട്.

തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും തയ്യാറായികൊണ്ടിരിക്കുകയാണ്. എത്ര സീറ്റുകളില്‍ മത്സരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. പൊള്ളാച്ചിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിന് പൊലീസ് നിബന്ധനകള്‍ മുന്നോട്ട് വച്ചെന്ന കമല്‍ഹാസന്റെ ആരോപണം വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

 

അവിനാശ്, ദി സ്ട്രാറ്റജിസ്റ്റ്

  • ആന്ധ്രപ്രദേശിലെ രാജമുന്‍ഡ്രി സ്വദേശിയാണ് അവിനാശ് അവിനാശ് ഇരഗവരപു
  • ലോകത്തെ അറിയപ്പെടുന്ന പൊളിറ്റിക്കല്‍ കാംപെയ്ന്‍ സ്ട്രാറ്റജിസ്റ്റാണ് ഇന്ന് അവിനാശ്
  • 2013ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനുവേണ്ടിയാണ് ആദ്യം തന്ത്രങ്ങള്‍ മെനഞ്ഞത്
  • അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക സ്വാധീനമായി മാറി
  • ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയാണ് അവിനാശ് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുക
  • ഹോങ്കോംഗിലെ ഒരു പ്രമുഖ പാര്‍ട്ടിക്കുവേണ്ടിയും അവിനാശ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്
  • നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ് അവിനാശ്
  • കമല്‍ഹാസന്റെ രാഷ്ട്രീയ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ അവിനാശിന് സാധിക്കുമെന്നാണ് പ്രതീക്ഷ

Comments

comments

Categories: FK News
Tags: Avinash