സംരംഭകരുടെ പുത്തന്‍ വരുമാനമാര്‍ഗമായി ചക്ക !

സംരംഭകരുടെ പുത്തന്‍ വരുമാനമാര്‍ഗമായി ചക്ക !

കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന വിശേഷണം ലഭിച്ചതോടെ ചക്കയുടെ രാശി തെളിഞ്ഞു, ഒപ്പം സംരംഭകരുടെയും. ഒരുകാലത്ത് തൊടിയില്‍ ആവശ്യക്കാരില്ലാതെ വീണു പോയിരുന്ന ചക്കക്ക് ഇന്ന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണുള്ളത്. ചക്ക വരട്ടിയും ചക്കവറുത്തതും മാത്രം വിപണിയില്‍ ലഭ്യമായിരുന്ന കാലം കഴിഞ്ഞു, ഇന്ന് ചക്കയില്‍ നിന്നും നിര്‍മിക്കുന്ന 150 ലേറെ മൂല്യ വര്‍ധിത വസ്തുക്കളാണ് വിപണിയില്‍ എത്തുന്നത്. സഹകരണ സംഘങ്ങളും വ്യക്തികളും സംരംഭം രൂപീകരിച്ച് വളരെ മികച്ച ബിസിനസ് മോഡലുമായാണ് ചക്ക വിഭവങ്ങളെ സമീപിക്കുന്നത്.കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ല്‍ പരം ചെറുകിട ഇടത്തരം ഭക്ഷ്യ യൂണിറ്റുകളാണ് ചക്കയിലെ സംരംഭകാവസരം വിനിയോഗിച്ച് ബിസിനസില്‍ സജീവമായിട്ടുള്ളത്

നല്ല ചൂടുള്ള ചക്കവറുത്തത്, മുത്തശ്ശിപ്പെരുമ നിലനില്‍ക്കുന്ന ചക്കവരട്ടി, നാടന്‍ ഭക്ഷണത്തിന്റെ നൊസ്റ്റാള്‍ജിയ നിറഞ്ഞ ചക്കപ്പുഴുക്ക്, രുചികരമായ ഇടിച്ചക്കത്തോരന്‍, ഏറിയാല്‍ ഒരു ചക്ക പ്രഥമന്‍…ഇതെല്ലാം മാത്രമായിരുന്നു കഴിഞ്ഞ കുറച്ചു കാലം മുന്‍പ്‌വരെ മലയാളിയുടെ ചക്കവിഭവങ്ങള്‍. ഗ്രാമത്തിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നായ പ്ലാവിനും ചക്കക്കും പൊന്നും വിലയുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ധനപരമായി ഏറെ ബുദ്ധിമുട്ടുകള്‍ നിലനിന്നിരുന്ന കാലത്ത് മൂന്നുനേരവും വിശപ്പകറ്റാന്‍ സഹായിച്ചിരുന്നത് ചക്കയുടെ സുലഭതയായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത് വാസ്തവമായിരുന്നു. എന്നാല്‍ പിന്നീട് കാലം പുരോഗതി പ്രാപിച്ചപ്പോള്‍ ചക്കയോടുള്ള കമ്പം മലയാളികള്‍ക്ക് അല്‍പം കുറഞ്ഞു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. എന്നാല്‍ ഇപ്പോഴിതാ ചക്ക തന്റെ നഷ്ടപ്രതാപം വീണ്ടെടുത്ത് പൂര്‍വാധികം ശക്തിയോടെ മലയാളിയുടെ തീന്മേശയിലേക്ക് എത്തിയിരിക്കുയാണ്.

മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയമാനങ്ങള്‍ നല്‍കിയിരിക്കുകയാണ് ചക്കയെന്ന കാര്‍ഷികവിള. സംസ്ഥാനത്തിനയെ ഔദ്യോഗിക ഫലമായി ചക്കയെ തെരെഞ്ഞെടുത്തതോടെ ലോകമാകമാനം ഈ ഫലം ശ്രദ്ധനേടി. ആ അവസരം മികച്ച രീതിയില്‍ വിനിയോഗിച്ചിരിക്കുകയാണ് സംസ്ഥാനത്തെ സംരംഭകര്‍. ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും കേക്കും വരെ ചക്കയില്‍ നിന്നും നിര്‍മിക്കാം എന്ന് തെളിയിച്ചിടത്താണ് ഈ സംരംഭകരുടെ വിജയം. ഇതിനെല്ലാം പുറമെ ചക്ക ഉണ്ടാക്കിയതും, ചക്കപ്പൊടിയുമെല്ലാം പാക്കറ്റുകളിലാക്കി വിപണിയില്‍ എത്തിക്കുന്നു. ചെറുകിട സംരംഭമായി തുടങ്ങിയ പല സ്ഥാപനങ്ങളും ഇന്ന് വിദേശത്തേക്ക് പോലും ചക്ക വിഭവങ്ങള്‍ കയറ്റിയയക്കാന്‍ തുടങ്ങിയിരിക്കുന്നു.

പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ കൃഷി വിജ്ഞാനകേന്ദ്രവും സംരംഭകര്‍ക് കൂട്ടായി നിലകൊള്ളുന്നു. ആലപ്പുഴ കൃഷി വിജ്ജാനകേന്ദ്രത്തില്‍ ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ നിര്മാണത്തെയും വിപണനത്തെയും പറ്റി കഌസുകള്‍ നടക്കുന്നുണ്ട്.

ചക്കവിഭവങ്ങളെ അടുത്തറിയാം

ഇത്രയേറെ മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഒരു ഫലം വേറെ ഇല്ല. ചക്കയില്‍ നിന്നും എന്തെല്ലാം നിര്‍മിക്കാം എന്നതിനേക്കാള്‍ ഏതൊക്കെ നിര്‍മിക്കാന്‍ കഴിയില്ല എന്ന് ചോദിക്കുന്നതാകും കൂടുതല്‍ ഉചിതം. ചിക്കന്‍ 65 ന് പകരക്കാരനായി ചക്ക 65 പോലും ഇന്ന് വിപണിയില്‍ ലഭ്യമാണ്. മാത്രമല്ല, ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ എന്തും തയ്യാറാക്കാന്‍ മായം ഏതുമില്ലാത്ത ചക്ക ഉല്‍പ്പന്നങ്ങള്‍ തയ്യാറാണ്. പുട്ടുംഉപ്പുമാവും ന്യൂഡില്‍സും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഇന്ന് ഉണക്കി പൊടിച്ച ചക്ക ഉപയോഗിക്കുന്നു.500 ഗ്രാം , ഒരു കിലോ തൂക്കത്തിലാണ് ചക്കപ്പൊടി ലഭിക്കുന്നത്.

ചക്ക ഹല്‍വ, പായസം, പഫ്‌സ്, വട, കട്‌ലറ്റ്, അട, ചക്ക, അച്ചാര്‍ എന്നുവേണ്ട ചക്കയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ നിരവധിയാണ്.വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും വിപണന സാധ്യതകള്‍ കൂടുതലായി കണ്ടെത്താന്‍ കഴിഞ്ഞതോടെ മികച്ച വരുമാനം എന്ന സ്വപ്നം യഥാര്‍ത്ഥ്യമായി. ഇന്ന് നിരവധി ചെറുകിട, ഇടത്തരം യൂണിറ്റുകളായി തിരിഞ്ഞാണ് ചക്കയുടെ ശേഖരണവും സംസ്‌കരണവും എല്ലാം. യുഎസ് , യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത്.

കേരളത്തില്‍ വില്‍ക്കുന്ന ഒരുകിലോ ചക്ക ഉപ്പേരിക്ക് 450 രൂപവരെ വിലയുണ്ട്. ചക്ക ഹല്‍വ കിലോക്ക് 500 രൂപയാണ്. വിലയുടെ കാര്യത്തില്‍ എന്നും സംരംഭകരെ തുണയ്ക്കുന്ന സമീപനമാണ് ചക്ക വിഭവങ്ങള്‍ക്കുള്ളത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ചക്കയുടെ മുക്കാല്‍ ഭാഗവും പാഴാകുന്നതായിട്ടാണ് കണക്ക്. എന്നാല്‍ ഈ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍ വളര്‍ന്നതോടെ മികച്ച വരുമാനം നേടിത്തരുന്ന ഒരു കാര്‍ഷിക വിലയായി ചക്കമാറും എന്നതില്‍ സംശയം വേണ്ട.

മാതൃകയായി ജാക്ഫ്രൂട്ട് 365

സീസണല്‍ ഫ്രൂട്ട് ആയി മാത്രം ലഭിച്ചിരുന്ന ചക്ക വര്‍ഷത്തില്‍ 365 ദിവസവും ലഭ്യമാകും എന്ന ഉറപ്പോടെ മൈക്രോസോഫ്റ്ററിലെ മികച്ച ജോലി ഉപേക്ഷിച്ച് സംരംഭകനായ ജെയിംസ് ജോസഫ് ആരംഭിച്ച സ്ഥാപനമാണ് ജാക്ഫ്രൂട്ട് 365 .മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്ള്‍ടര്‍ സ്ഥാനത്ത് ഇരിക്കെയാണ് ചക്കയിലെ സംരംഭകത്വ സാധ്യതകള്‍ തേടി അദ്ദേഹം ജോലി ഉപേക്ഷിച്ചത്. നിര്ജ്ജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനത്തോളം കുറക്കാം എന്നും അതിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എളുപ്പമാക്കാമെന്നും കണ്ടെത്തിയ ജെയിംസ് ജോസഫ് ആലപ്പുഴ അരൂരില്‍ ജാക്ഫ്രൂട്ട് 365 ന്റെ ഫാക്റ്ററി തുറന്നു.

തുടര്‍ന്ന് രാജ്യത്തെ മൂന്നു പ്രമുഖ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ജാക്ക് ഫ്രൂട്ട് ബട്ടര്‍ മസാല, പുഡ്ഡിംഗ്, ചക്കപ്പായസം , ചക്ക കബാബ്, കേക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തു. ഹോട്ടലുകളിലെ പ്രീമിയം വിഭവങ്ങളുടെ കൂട്ടത്തില്‍ ഇവ ഇടം നേടിയത് വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്നും ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ വികസനത്തില്‍ ശ്രദ്ധ പതിപ്പിച്ച ജെയിംസ് ചക്കപ്പഴത്തില്‍ നിന്നും ജാം, ഹല്‍വ, ജെല്ലി, വൈന്‍, നെക്റ്റര്‍, വിനാഗിരി, ഐസ്‌ക്രീം, ഫ്രൂട്ടബാര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തു.ഇന്ത്യന്‍ വിപണിയില്‍ സംഗതി വിജയം നേടിയതോടെ ഓണലൈന്‍ വില്‍പ്പനയിലും ജാക്ഫ്രൂട്ട് 365 പ്രത്യേക ശ്രദ്ധപതിപ്പിച്ചു.

ചക്ക ഉല്‍പ്പന്നങ്ങളുടെ കേരളം കണ്ട ആദ്യത്തെ ബ്രാന്‍ഡ് ആണ് ജാക്ഫ്രൂട്ട് 365. ജനുവരി മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ചക്ക സീസണില്‍ ഏകദേശം 2200 കോടി രൂപയുടെ ചക്കയാണ് കേരളത്തില്‍ പാഴാക്കിക്കളയുന്നത്. ഇതില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നത് കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞാല്‍ സംരംഭകത്വത്തിലൂടെ മികച്ച വരുമാനം നേടാനാകുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യും.

ഉണക്കക്കച്ചയുമായി പാലായുടെ ജാക്ക് 10

പാലായിലെ ഒരു പറ്റം റബ്ബര്‍ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷികാശയം ഒന്ന് മാറ്റി പ്രയോഗിച്ചതിന്റെ ഭാഗമായാണ് ജാക്ക് 10 എന്ന ബ്രാന്‍ഡ് നിലവില്‍ വരുന്നത്. തീര്‍ത്തും കര്‍ഷക കൂട്ടായ്മയില്‍ പിറന്ന ഈ ബ്രാന്‍ഡിന് നബാര്‍ഡിന്റെ സഹായം കൂടി ലഭിച്ചതോടെ അത് മികസിച്ചൊരു തുടക്കമായി. റബ്ബര്‍ അല്ലാതെ തങ്ങളുടെ കൃഷിയിടത്തില്‍ ഉള്ള ചക്കയും കപ്പയും ഒക്കെ ധനസമൃദ്ധിയുടെ സ്രോതസ്സുകളാക്കി മാറ്റാനുള്ള തീരുമാനത്തില്‍ നിന്നുമാണ് ഈ സംരംഭം വിജയം കണ്ടത്.

26 അംഗങ്ങള്‍ ഉള്ള ഈ കര്‍ഷക കൂട്ടായ്മ കാഞ്ഞിരമറ്റത്തെ കൃഷിക്കാര്‍ നബാര്‍ഡിന്റെ കീഴിലുള്ള ഫാര്‍മേഴ്‌സ് ക്ലബ് കൂടിയാണിപ്പോള്‍. കാഞ്ഞിരമറ്റം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയായി വളരാനുള്ള അണിയറപ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു. അംഗങ്ങളായ കൃഷിക്കാരും പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് 25 ലക്ഷം രൂപയുെട ഓഹരി സമാഹരിച്ചാണ് കര്‍ഷകകമ്പനിക്കു തുടക്കം കുറിച്ചത്.ഇത്തരത്തില്‍ ശേഖരിച്ച പണം കൊണ്ട് ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഫാക്റ്ററിക്കായി കെട്ടിടവും യന്ത്രങ്ങളും വാങ്ങി.

2016 ഡിസംബര്‍ മാസത്തിലാണ് ഫാക്റ്ററി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ സീസണില്‍ 20 ടണ്‍ ചക്കയാണ് സംസ്‌കരിച്ച് ഉണക്കി പാക്കറ്റുകളിലാക്കി വിറ്റത്. ഒരു കിലോ ഉണക്കചക്കക്ക് 500 രൂപയാണ് വില. ആദ്യവര്‍ഷം ഏകദേശം 5000 കിലോ ഉണക്കച്ചക്ക സിലക്കണ്‍ കഴിഞ്ഞു . ജാക്ക് 10 എന്ന ബ്രാന്‍ഡ് നെയിമിലാണ് വില്‍പന. വിദേശത്തു നിന്നും ഉണക്കചക്കക്ക് ആവശ്യക്കാര്‍ ഏറെയാണ്. സ്ഥിരം ആവശ്യക്കാരെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷക സംഘം. കൂടുതല്‍ ചക്ക കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു.

മുണ്ടക്കയത്തിന്റെ സ്വന്തം ‘ഗ്രീന്‍ ജാക്ക് പ്രോഡക്ട്‌സ്’

ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് വലിയ നേട്ടങ്ങള്‍ നേടിയ കഥയാണ് മുണ്ടക്കയത്തിനു സമീപം പറത്താനത്തെ മൗണ്ട് ഗ്രീന്‍ ജാക്ക് പ്രോഡക്ട്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പറയാനുള്ളത്. ഇതും കര്‍ഷക കൂട്ടായ്മയില്‍ വിരിഞ്ഞ ഒരു സംരംഭമാണ്. എവര്‍ഗ്രീന്‍ പ്രോഡക്ട്‌സ് എന്നായിരുന്നു ആദ്യപേര്. കയറ്റുമതിക്ക് പര്യാപതമായ രീതിയില്‍ ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയാണ് ഈ സംരംഭം ചെയ്യുന്നത്.ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 75 ശതമാനത്തിന് മുകളിലും മറ്റ് ഏജന്‍സികള്‍ മുഖാന്തിരം വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.

പത്തനംതിട്ടയിലെ കാര്‍ഡ് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നിന്നാണ് ചക്ക സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യ ഇവര്‍ വാങ്ങിയത്.പ്രവര്‍ത്തനം തുടങ്ങിയ വര്ഷം തന്നെ 50 ടണ്‍ ചക്ക ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു.ഉണങ്ങിയ പച്ചച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, പള്‍പ്, ചക്കവരട്ടി, ഉണക്കക്കപ്പ എന്നിവയാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഇവര്‍ വിപണിയില്‍ എത്തിച്ചത്. ഇടുക്കി കേന്ദ്രീകരിച്ച് തന്നെയാണ് ചക്കയുടെ ശേഖരണം നടക്കുന്നത്.

കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ് കമ്പനി സംസ്‌കരണത്തിനുള്ള ചക്ക വാങ്ങുന്നത്.ഉണങ്ങിയ ചക്കയും ചക്കപ്പൊടിയും കിലോയ്ക്ക് 400 രൂപ നിരക്കിലും ചക്കക്കുരു പൊടി 200 രൂപയ്ക്കും ചക്കപള്‍പ്പ് 150 രൂപയ്ക്കും ചക്കവരട്ടി 400 രൂപയ്ക്കുമാണ് ഇവര്‍ പ്രാദേശിക വിപണിയില്‍ വില്‍ക്കുന്നത്.ഡ്രയര്‍, പള്‍പ്പര്‍, കട്ടര്‍, പള്‍വറൈസര്‍, പായ്ക്കിങ് മെഷീന്‍ തുടങ്ങിയ അടിസ്ഥാനകേസ്തുക്കള്‍ക്ക് മാത്രമേ കാര്യമായ നിക്ഷേപം വേണ്ടി വന്നിട്ടുള്ളൂ. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയാണ് തയ്യാറാക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special