മസ്‌ക്കും, സുക്കര്‍ബെര്‍ഗും നേരിടുന്ന അഗ്നിപരീക്ഷ

മസ്‌ക്കും, സുക്കര്‍ബെര്‍ഗും നേരിടുന്ന അഗ്നിപരീക്ഷ

മസ്‌ക്കിനെയും സുക്കര്‍ബെര്‍ഗിനെയും സംബന്ധിച്ച് ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസങ്ങളാണ് കടന്നുപോയത്. സമീപകാലത്തു തിരിച്ചുകയറാനാവാത്ത വിധമുള്ള തിരിച്ചടികളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.

സിലിക്കണ്‍വാലിയിലെ താരമൂല്യമുള്ള രണ്ട് വ്യക്തികളാണു മാര്‍ക്ക് സുക്കര്‍ബെര്‍ഗും, എലോണ്‍ മസ്‌ക്കും. ഒരാള്‍ ലോകത്തില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സിഇഒ. മറ്റൊരാള്‍ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഫ്യൂച്ചറിസ്റ്റിക് സംരംഭകനും, വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ സിഇഒയും. ഇരുവര്‍ക്കും സാമ്യമുള്ള കാര്യങ്ങള്‍ വളരെ കുറവായിരിക്കാം. ഇവര്‍ രണ്ടു പേരും ഉറ്റ സുഹൃത്തുക്കളുമല്ല. 2017-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ചൊല്ലി രണ്ട് പേരും ഭിന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക വരെയുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞപ്പോള്‍, മസ്‌ക്ക് നേര്‍ വിപരീത അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
എന്നാല്‍, രണ്ട് പേരും ഇപ്പോള്‍ നേരിടുന്ന സാഹചര്യങ്ങള്‍ക്കു ചില സമാനതകള്‍ കൈവന്നിരിക്കുന്നു. ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്നു വിശ്വാസ്യത നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതാകട്ടെ സിഇഒ എന്ന നിലയില്‍ സുക്കര്‍ബെര്‍ഗിനു സൃഷ്ടിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. മറുവശത്ത്, നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച ഇലോണ്‍ മസ്‌ക്ക് തട്ടിപ്പിനു സമാനമായ കാര്യമാണു ചെയ്തിരിക്കുന്നതെന്നും ലിസ്റ്റഡ് കമ്പനിയുടെ ഡയക്ടര്‍ സ്ഥാനത്തുനിന്നും മറ്റ് നേതൃപദവികളില്‍നിന്നും മസ്‌ക്കിനെ മാറ്റണമെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ന്യൂയോര്‍ക്കിലെ ഒരു ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ തങ്ങളെ കുറിച്ചു മോശം വാര്‍ത്തകള്‍ മാത്രം ഉയരുന്ന സാഹചര്യത്തില്‍ അതിനെ എങ്ങനെ അഭിമഖീകരിക്കാമെന്നതു സംബന്ധിച്ചു മാര്‍ക്ക് സുക്കര്‍ബെര്‍ഗിനും, ഇലോണ്‍ മസ്‌ക്കിനും പരസ്പരം കുറച്ച് ടിപ്‌സ് പങ്കുവെച്ചു കൂടെയെന്നു ചിന്തിച്ചാല്‍ അത് ഒട്ടും അതിശയോക്തിയും ആകില്ല.

ഫേസ്ബുക്കില്‍ എന്താണ് സംഭവിക്കുന്നത് ?

ഫേസ്ബുക്കിന് 2018 വളരെ മോശമായൊരു വര്‍ഷമാണെന്നത് തീര്‍ച്ച. കൂടുതല്‍ മോശം സാഹചര്യത്തിലേക്കു ഫേസ്ബുക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് തുടക്കമിട്ടത്. ഫേസ്ബുക്കിന്റെ വിശ്വാസ്യത ഇതോടെ നഷ്ടപ്പെടുന്ന സാഹചര്യവും ഉയര്‍ന്നുവന്നു. ഫേസ്ബുക്കിന്റെ 50 ദശലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ വലിയ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെയാണു കഴിഞ്ഞയാഴ്ച ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍നിന്നും സഹസ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും, മൈക്ക് ക്രിഗറും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. ജൂണില്‍ ഇന്‍സ്റ്റാഗ്രാം ഒരു ബില്യന്‍ യൂസര്‍മാര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. പരസ്യവരുമാനയിനത്തില്‍, ഇന്‍സ്റ്റാഗ്രാം ഈ വര്‍ഷം ആറ് ബില്യന്‍ ഡോളര്‍ കൈവരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റാഗ്രാമില്‍നിന്ന് സഹസ്ഥാപകര്‍ പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പില്‍നിന്നും സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ പടിയിറങ്ങിയത് ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു. ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ സഹസ്ഥാപകര്‍ ബൈ പറഞ്ഞത് സുക്കര്‍ബെര്‍ഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു. ഇവരുടെ പടിയിറക്കം ഫേസ്ബുക്കിന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുന്നതായിരുന്നു. ഇതിനു പുറമേ ഇപ്പോള്‍ മറ്റൊരു തിരിച്ചടി കൂടി ഫേസ്ബുക്കിനു സംഭവിച്ചിരിക്കുകയാണ്. ഡാറ്റ ലംഘനത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഫേ്‌സ്ബുക്കിനോട് 1.63 ബില്യന്‍ ഡോളര്‍ പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ടെസ്‌ലയുടെ അവസ്ഥ ഭേദമാണോ ?

ഇലോണ്‍ മസ്‌ക്കിന് ടെസ്‌ലയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങേണ്ടി വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്‌ക്കെങ്കിലും മസ്‌ക്കിന് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കേണ്ടി വരും. ട്വീറ്റുകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച ഇലോണ്‍ മസ്‌ക്ക് തട്ടിപ്പിനു സമാനമായ കാര്യമാണു ചെയ്തിരിക്കുന്നതെന്നും ലിസ്റ്റഡ് കമ്പനിയുടെ ഡയക്ടര്‍ സ്ഥാനത്തുനിന്നും മറ്റ് നേതൃപദവികളില്‍നിന്നും മസ്‌ക്കിനെ മാറ്റണമെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ന്യൂയോര്‍ക്കിലെ ഒരു ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, മസ്‌ക്കിന് 20 മില്യന്‍ ഡോളര്‍ പിഴ അടയ്ക്കണമെന്നും ഉത്തരവുണ്ട്. ഓഗസ്റ്റ് ഏഴിന് കമ്പനിയുടെ ഓഹരിയുടമകളെ സന്തോഷിപ്പിക്കുവാനായി മസ്‌ക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.കമ്പനി സ്വകാര്യവത്കരിക്കാന്‍ പോവുകയാണെന്നു ട്വീറ്റ് ചെയ്തു. ടെസ്‌ലയുടെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്കു മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിന് 7000 കോടി ഡോളര്‍ വേണ്ടി വരുമെന്നും ഫണ്ട് താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ പബ്ലിക് കമ്പനിയായിട്ടാണു ടെസ്‌ല ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ മസ്‌ക്ക് പിന്നീട് തീരുമാനം മാറ്റി. പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്കു മാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ടെസ്‌ലയുടെ ബോര്‍ഡുമായി ചര്‍ച്ച ചെയ്യാതെ ട്വിറ്ററിലൂടെ ഇത്തരം വിശദീകരണങ്ങള്‍ നടത്തിയത് ചോദ്യം ചെയ്യപ്പെടുകയുണ്ടായി. മസ്‌ക്കിന്റെ ട്വീറ്റുകള്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നെന്നും വിലയിരുത്തലുണ്ടായി. ട്വീറ്റുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ഫലമോ, കോടതിയില്‍ കേസ് ഫയല്‍ ചെയ്തു, ടെസ്‌ലയുടെ ചെയര്‍മാന്‍ പദവി നഷ്ടപ്പെടുന്ന അവസ്ഥയിലുമെത്തി.

ഇത് എങ്ങനെ സംഭവിച്ചു ?

ടെസ്‌ലക്കും, ഫേസ്ബുക്കിനും ഇന്നു നേരിടേണ്ടി വന്നിരിക്കുന്ന പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രധാന കാരണം എന്താണെന്ന് അന്വേഷിച്ചാല്‍ ഒരു കാര്യം മനസിലാകും. പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരൊറ്റ വ്യക്തി നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നിലധികം അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്ന് സുക്കര്‍ബെര്‍ഗും ഇലാണ്‍ മസ്‌ക്കും ആഗ്രഹിക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിന്റെയും, വാട്‌സ് ആപ്പിന്റെയും തലപ്പത്ത് ഇപ്പോള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ക്രിസ് ഡാനിയേല്‍സിനെയും, ആദം മൊസേറിയെയുമാണ്. ഇവര്‍ രണ്ടു പേരും സുക്കര്‍ബെര്‍ഗിന്റെ വലം കൈയെന്നാണ് അറിയപ്പെടുന്നത്. മറുവശത്ത് ടെസ്‌ലയുടെ കാര്യമെടുക്കാം. ടെസ്‌ലയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍, മസ്‌ക്ക് തന്റെ സഹോദരന്‍ കിംബലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലുള്ള മറ്റ് അംഗങ്ങളാകട്ടെ, മസ്‌ക്കിന്റെ തന്നെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുമായി അടുത്ത് ബന്ധമുള്ളവരാണ്. ടെസ്‌ലയില്‍ ഒരു സ്വതന്ത്ര ചെയര്‍മാന്‍ വേണമെന്ന ഓഹരി ഉടമകളുടെ ആവശ്യം അദ്ദേഹം നിരസിച്ചിട്ടുണ്ട്. മാത്രമല്ല, പല കാര്യങ്ങളും, പ്രത്യേകിച്ച് ട്വിറ്ററിലൂടെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവവും മസ്‌ക്കിനുണ്ട്. ഇതാകട്ടെ അദ്ദേഹത്തെ പല കുഴപ്പങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്.

Comments

comments

Categories: Slider, Tech