മുമുസോ ഇന്ത്യയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കും

മുമുസോ ഇന്ത്യയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ കരകൗശല ഉല്‍പ്പന്ന മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാനൊരുങ്ങുകയാണ് കൊറിയന്‍ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ മുമുസോ. കൊല്‍ക്കത്തയില്‍ സ്‌റ്റോര്‍ ആരംഭിച്ചുകൊണ്ട് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ചുവടുവെച്ച കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ഓളം സ്‌റ്റോറുകളാരംഭിക്കാനാണ് പദ്ധതിയിടുന്നത്. പ്രാദേശിക കരകൗശല ഉല്‍പ്പന്നങ്ങളും മൊമന്റോകളുമെല്ലാം സ്‌റ്റോറുകളില്‍ ലഭ്യമാക്കും.

ഇന്ത്യയിലെ ആദ്യഘട്ട ബിസിനസ് വികസനത്തിനായി 40-50 കോടി രൂപയോളം മാറ്റിവെച്ചതായും പൂര്‍ണതോതില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഓരോ പ്രാദേശിക കരകൗശലവസ്തുക്കള്‍ക്കും സ്റ്റോറില്‍ പ്രത്യേക സ്ഥലം അനുവദിക്കുമെന്നും മുമുസോ ഇന്ത്യന്‍ എംഡി രൗനക് അഗര്‍വാള്‍ അറിയിച്ചു.

ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി സിലിഗുരി, ജയ്പൂര്‍, മുംബൈ, ഡെല്‍ഹി, സൂററ്റ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലായി 25 സ്റ്റോറുകളായിരിക്കും തുറക്കുന്നത്. സ്വന്തം സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് ശരാശരി 1.5 മുതല്‍ രണ്ടു കോടി വരെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ അപ്പാരല്‍, ചെറിയ ലെതര്‍ ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്ന് രൗനക് അഗര്‍വാള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി രൂപയുടെ ബിസിനസ് നേടാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറിയ മലേഷ്യ, സിംഗപ്പൂര്‍, ചൈന, ഇന്തോനേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അക്‌സെസറീസ്, സ്റ്റേഷണറി, ചെറിയ ഇലക്ട്രോണിക്, ലൈഫ്‌സ്റ്റെല്‍ ഉല്‍പ്പന്നങ്ങളാണ് മുമുസോ വിപണിയിലെത്തിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Mumuso