ഐഫോണ്‍ 10 എസ്, 10 എസ് മാക്‌സ് ഫോണുകള്‍ക്ക് തണുപ്പന്‍ പ്രതികരണം

ഐഫോണ്‍ 10 എസ്, 10 എസ് മാക്‌സ് ഫോണുകള്‍ക്ക് തണുപ്പന്‍ പ്രതികരണം

സ്റ്റോക്ക് എടുത്തതിന്റെ പകുതിയില്‍ താഴെ മാത്രമാണ് വില്‍പ്പന നടന്നതെന്ന് ആദ്യവാര വില്‍പ്പനക്ക് ശേഷം റീട്ടെയ്‌ലര്‍മാര്‍

ന്യൂഡെല്‍ഹി: ഏറെ പുതുമകളുമായി ഉപഭോക്താക്കളുടെ മനസ് കീഴടക്കാനെത്തിയ ആപ്പിള്‍ ഐഫോണിന്റെ ഐഫോണ്‍ 10 എസ്, 10 എസ് മാക്‌സ് എന്നിവയ്ക്ക് ഇന്ത്യന്‍ വിപണില്‍ തണുപ്പന്‍ പ്രതികരണം. സ്റ്റോക്ക് എടുത്തതിന്റെ പകുതിയില്‍ താഴെ മാത്രമാണ് വില്‍പ്പന നടന്നതെന്ന് ആദ്യവാര വില്‍പ്പനക്ക് ശേഷം റീട്ടെയ്‌ലര്‍മാര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ എത്തിക്കുന്ന ഐഫോണുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ തികയാത്ത അവസ്ഥയായിരുന്നു ദൃശ്യമായിരുന്നത്. സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നേര്‍ വിപരീതമായ പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്.

പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഐഫോണിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. കൂടുതല്‍ വിപണികളിലും സ്റ്റോറുകളിലും ഇത്തവണ കമ്പനി ഐഫോണുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്തിയ ഫോണുകളില്‍ 40-45 ശതമാനം വരെ വിറ്റഴിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പല പ്രമുഖ റീട്ടെയ്ല്‍ ബ്രാന്‍ഡുകളും വ്യക്തമാക്കുന്നത്. എങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 8 നേക്കാളും ആവശ്യകതയുണ്ട് 10 എസ് വിഭാഗത്തിലുള്ള പുതിയ ഫോണുകള്‍ക്ക്. ഐഫോണ്‍ 8 ന് ഇന്ത്യയില്‍ കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഐഫോണ്‍ 10 എസ്, 10 എസ് മാക്‌സ് എന്നിവയുടെ വില്‍പ്പന 55 മുതല്‍ 60 ശതമാനം വരെയാണ്.

ആവശ്യക്കാരില്‍ പകുതിയും എത്തിയത് 1,24,900 രൂപയോളം വിലവരുന്ന ഐഫോണ്‍ 10 എസ് മാക്‌സിന്റെ 256 ജിബി, ഗോള്‍ഡ് നിറമുള്ള മോഡലിന് വേണ്ടിയാണ്. 99,900 രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് ആപ്പിള്‍ നിലവില്‍ വിപണയിലെത്തിച്ചിരിക്കുന്ന 10 എസ്, 10 എസ് മാക്‌സ് എന്നിവയുടെ വില. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 10 ന് 89,000 രൂപ മുതല്‍ 1.02 ലക്ഷം വരെയായിരുന്നു വില. വിലക്കൂടുതലും കുറഞ്ഞ വിലയുള്ള ആന്‍ഡ്രോയ്ഡ് ഫോമുകളുടെ ലഭ്യതയുമാണ് താല്‍പ്പര്യം ഇടിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

‘കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഡലിന്റെ സ്‌റ്റോര്‍ വില്‍പ്പന വളരെ മോശമായിരുന്നു. അതിന്റെ സ്‌റ്റോക്ക് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഉയര്‍ന്ന സ്‌റ്റോക്ക് ലഭ്യത മൂലം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഐഫോണുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്,’ 540 മൊബീല്‍ സ്‌റ്റോറുകളുള്ള, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീത മൊബീല്‍സ് എംഡി സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

Comments

comments

Categories: Slider, Tech
Tags: Iphone 10 s