ഐഎല്‍ & എഫ്എസ്; സര്‍ക്കാര്‍ തീരുമാനം ഉചിതം

ഐഎല്‍ & എഫ്എസ്; സര്‍ക്കാര്‍ തീരുമാനം ഉചിതം

കടക്കെണിയിലായ ഐഎല്‍ & എഫ്എസ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത് നിലവിലെ സാഹചര്യത്തില്‍ മികച്ച തീരുമാനമായി. കമ്പനിക്ക് മുന്നോട്ടുപോകാന്‍ അത് മാത്രമായിരുന്നു വഴി

അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയില്‍ വളരെ മികച്ച പ്രൊഫൈലായിരുന്നു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍&എഫ്എസ്) കമ്പനിയുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഐല്‍&എഫ്എസില്‍ 25 ശതമാനം ഓഹരി ഉടമസ്ഥതയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ 91,000 കോടി രൂപയുടെ കടക്കെണിയിലാണ് ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം. സിഡ്ബിയില്‍ മാത്രം 1,000 കോടി രൂപയുടെ തരിച്ചടവ് മുടങ്ങിയിട്ടുണ്ട് കമ്പനിക്ക്. ഇത് പുറത്തായതോടെയാണ് സ്ഥാപനം എത്രമാത്രം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന വസ്തുത പുറത്തുവരുന്നത്.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ട്രിപ്പിള്‍ എ റേറ്റിംഗ് നല്‍കിയ ഒരു കമ്പനിയാണ് ഇന്ന് ഇന്ത്യന്‍ വ്യവസായലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ തകര്‍ച്ചയിലെത്തി നില്‍ക്കുന്നതെന്നത് വലിയ വൈരുദ്ധ്യമാണ്.

ഐഎല്‍&എഫ്എസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങള്‍ അവസാനിക്കാതെ കമ്പനിയും നിക്ഷേപകരും ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വന്നത്. സത്യം കംപ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ട എക്കൗണ്ടിംഗ് ക്രമക്കേടുകള്‍ക്ക് ശേഷം സമാനമായ രീതിയിലുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഐഎല്‍&എഫ്എസിന്റേതെന്ന് വിലയിരുത്തപ്പെടുന്നു. വിവാദത്തെ തുടര്‍ന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയെല്ലാം ഓഹരിവിലയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചത്. സെപ്റ്റംബര്‍ 29ന് നടന്ന കമ്പനിയുടെ വാര്‍ഷക യോഗത്തില്‍ സ്ഥാപനത്തിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ നീക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം വന്നത്.

ഉദയ് കൊട്ടക്കിനെ പോലെ ബാങ്കിംഗ് രംഗത്ത് അത്യന്തം ബഹുമാന്യാര്‍ഹനായ ഒരു വ്യക്തിയെ പ്രശ്‌നപരിഹാരത്തിന് എത്തിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ശ്രദ്ധേയമായി. പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ അസാമാന്യമായ പാടവം പ്രകടമാക്കിയിട്ടുള്ള കൊട്ടക്കിന് ഐഎല്‍&എഫ്എസില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചേക്കും. കമ്പനിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പഴയ ബോര്‍ഡിനെ പിരിച്ചുവിട്ട് ഉദയ് കോട്ടക്കിന്റെ നേതൃത്വത്തിലുള്ള പുതിയ ബോര്‍ഡ് സ്ഥാനമേല്‍ക്കും. ഒരു സ്വകാര്യ കമ്പനിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത് അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. മുമ്പ് സത്യം കംപ്യൂട്ടേഴ്‌സിന്റെ നിയന്ത്രണം സമാനമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

വായ്പാ തിരിച്ചടവ് തന്നെയാണ് ഐഎല്‍&എഫ്എസിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി. നിലവിലെ 91,000 കോടി രൂപ വായ്പാ ബാധ്യതയില്‍ 25,798 കോടി രൂപ 2019 മാര്‍ച്ച് 31ന് മുമ്പ് അടച്ചുതീര്‍ക്കേണ്ടതാണ്. ഇതിനായി പണം സമാഹരിക്കാന്‍ വഴികള്‍ കണ്ടെത്തുകയെന്നതാകും പുതിയ ബോര്‍ഡിന്റെ പ്രധാന വെല്ലുവിളി. സര്‍ക്കാരിന്റെ പിന്തുണയും നിലവിലെ നിക്ഷേപകരുടെ പോസിറ്റീവ് മനോഭാവവും അതില്‍ നിര്‍ണായകമാകും.

അടുത്ത ഘട്ടമെന്ന നിലയില്‍ എവിടെയാണ് കമ്പനിക്ക് തെറ്റുപറ്റിയതെന്ന് കണ്ടെത്തണം. അതിന് കാരണക്കാരായവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടികളും വേണം. പുതിയ ബോര്‍ഡിന്റെ മറ്റൊരു പ്രധാന ഉത്തരവാദിത്തം ഐഎല്‍&എഫ്എസിന്റെ ബിസിനസ് മോഡലില്‍ അല്‍പ്പം മാറ്റം വരുത്തുകയെന്നതാകും. നിലവില്‍ വായ്പാ ദാതാവിന്റെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെ നടത്തിപ്പ് ചുമതലക്കാരന്റെയും റോള്‍ കമ്പനി വഹിക്കുന്നുണ്ട്. ഇതിനെ രണ്ടിനെയും ഭാവിയില്‍ വേര്‍തിരിക്കാനാണ് സാധ്യത. സങ്കീര്‍ണതകള്‍ ഒഴിവാക്കിയുള്ള ബിസിനസിന് അതാണ് നല്ലത്.

എന്തായാലും അനിശ്ചിതത്വത്തില്‍ നിന്ന് മാറി കമ്പനിയുടെ ഭാവിയെ കുറിച്ച് ഒരു കൃത്യമായ ധാരണ നിക്ഷേപകരില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചു. ഐഎല്‍&എഫ്എസ് ഓഹരിവിലയില്‍ വന്ന വര്‍ധന തന്നെയാണ് അതിന്റെ സാധൂകരണം.

Comments

comments

Categories: Editorial, Slider
Tags: IL and FS