ഫോഡ് ഫ്രീസ്റ്റൈല്‍ പരിഷ്‌കരിച്ചു

ഫോഡ് ഫ്രീസ്റ്റൈല്‍ പരിഷ്‌കരിച്ചു

5.23 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഉല്‍സവ സീസണ്‍ പ്രമാണിച്ച് ഫോഡ് ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച് പരിഷ്‌കരിച്ചു. റൂബി റെഡ് എന്ന പുതിയ പെയിന്റ് ഷേഡ് ഉള്‍പ്പെടെ ചെറിയ ചില മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബോഡിയുടെ അതേ നിറത്തിലുള്ള പുറം കണ്ണാടികള്‍ ഇപ്പോള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ലഭിക്കും. ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്‌റെസ്റ്റുകളാണ് മറ്റൊരു ഫീച്ചര്‍. ഈ വര്‍ഷം ഏപ്രിലില്‍ കാര്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇവ നല്‍കിയിരുന്നില്ല.

ഫോഡിന്റെ പുതിയ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഫ്രീസ്റ്റൈലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 96 എച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിശ്വസ്തനായ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 100 എച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. രണ്ട് എന്‍ജിനുകള്‍ക്കും ഒരു ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. 5 സ്പീഡ് മാന്വല്‍.

ചെറുതായി പരിഷ്‌കരിച്ചപ്പോള്‍ ഫോഡ് ഫ്രീസ്റ്റൈലിന്റെ ബേസ് വേരിയന്റിന് 20,000 രൂപയോളം വില വര്‍ധിച്ചു. 5.23 ലക്ഷം രൂപ മുതല്‍ 7.89 ലക്ഷം രൂപ വരെയാണ് ക്രോസ്-ഹാച്ച്ബാക്കിന് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. മാരുതി സുസുകി ഇഗ്നിസ്, ടാറ്റ ടിയാഗോ എന്‍ആര്‍ജി മോഡലുകളാണ് എതിരാളികള്‍. ഫ്രീസ്റ്റൈല്‍ പരിഷ്‌കരിച്ചതുകൂടാതെ, ഉല്‍സവ സീസണ്‍ പ്രമാണിച്ച് കോംപാക്റ്റ് സെഡാനായ ആസ്പയര്‍ ഫേസ്‌ലിഫ്റ്റ് നാളെ പുറത്തിറക്കും.

Comments

comments

Categories: Auto
Tags: Freestyle