ആര്‍കോമിനെതിരെ കോടതിയലക്ഷ്യ കേസുമായി എറിക്‌സണ്‍

ആര്‍കോമിനെതിരെ കോടതിയലക്ഷ്യ കേസുമായി എറിക്‌സണ്‍

സെപ്റ്റംബര്‍ 30നകം നല്‍കാമെന്നേറ്റ 550 കോടി രൂപ ആര്‍കോം കൈമാറിയില്ല; നാഷണല്‍ കമ്പനി ലോ അപ്പീലേറ്റ് ട്രിബ്യൂണല്‍ ഇന്നും സുപ്രീം കോടതി നാളെയും കേസ് പരിഗണിക്കും

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ (ആര്‍കോം) കോടതിയലക്ഷ്യ കേസുമായി സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍. ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനായി നല്‍കാമെന്നേറ്റ 550 കോടി രൂപ നിശ്ചിത തീയതി കഴിഞ്ഞിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്. ധാരണ പ്രകാരം സെപ്റ്റംബര്‍ 30 ആയിരുന്നു പണം കൊടുക്കേണ്ട അവസാന തിയതി. പണം കണ്ടെത്താന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് ആര്‍കോം എറിക്‌സണോട് 60 ദിവസം കൂടി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വീഡിഷ് കമ്പനി ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

” അനില്‍ അംബാനിക്കെതിരെ ഞങ്ങള്‍ ഒരു കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എറിക്‌സണു നല്‍കാനുള്ള ഒത്തുതീര്‍പ്പ് തുക സെപ്റ്റംബര്‍ അവസാനം അടച്ചു തീര്‍ക്കാമെന്ന് സുപ്രീം കോടതിയില്‍ ആര്‍കോം ഉറപ്പ് നല്‍കിയിരുന്നു.” എറിക്‌സണിന്റെ പ്രതിനിധിയായ അനില്‍ ഖേര്‍ വ്യക്തമാക്കി.

നാഷണല്‍ കമ്പനി ലോ അപ്പീലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) ഇന്ന് വിഷയത്തില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. നാളെ സുപ്രീംകോടതിയും കേസ് പരിഗണിക്കും. ഒത്തുതീര്‍പ്പിലെത്താനും എറിക്‌സണു നല്‍കാനുള്ള തുകയുടെ ഏതാണ്ട് പകുതിയോളം വരുന്ന 550 കോടി സെപ്റ്റംബര്‍ അവസാനത്തോടെ നല്‍കാനും എന്‍സിഎല്‍എടിയാണ് ആര്‍കോമിനോട് നിര്‍ദേശിച്ചിരുന്നത്. കുടിശിക കൊടുത്തു തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആര്‍കോമിനെ എന്‍സിഎല്‍ടിയില്‍ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കുമെന്നതായിരുന്നു വ്യവസ്ഥ. ഇത് കമ്പനിയുടെ ആസ്തി വില്‍പ്പനകള്‍ക്കെല്ലാം തിരിച്ചടിയാകും. ഈ വ്യവസ്ഥ പ്രകാരം വയര്‍ലസ് ആസ്തികളും ടവറുകളും ജിയോക്ക് വില്‍ക്കാനുള്ള കരാര്‍ ഉള്‍പ്പടെ ആര്‍കോമിന്റെ 18,000 കോടി രൂപ മൂല്യം വരുന്ന ആസ്തി വില്‍പ്പന കരാറുകള്‍ തടസപ്പെടും. 46,000 കോടി രൂപ വരുന്ന കടം ഘട്ടംഘട്ടമായി കുറക്കാനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയാവും.

ഒപ്റ്റിക് ഫൈബര്‍ ശൃംഖലയും സ്വിച്ചിംഗ് നോഡുകളും 5,000 കോടി രൂപക്ക് ആര്‍കോം ജിയോക്ക് വിറ്റുകഴിഞ്ഞു. എന്നാല്‍ മുകേഷ് അംബാനിക്ക് സ്‌പെക്ട്രം വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന കരാര്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം തടസപ്പെട്ടിരിക്കുകയാണ്. ഇടപാടിന് അനുമതി നല്‍കുന്നതിനു മുന്‍പ് 2,000 കോടി രൂപ സ്‌പെക്ട്രം യൂസേജ് ചാര്‍ജായി നല്‍കണമെന്നുള്ള ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യത്തിനെതിരെ ആര്‍കോം സമര്‍പ്പിച്ച അപ്പീലില്‍ ടെലികോം ട്രിബ്യൂണല്‍ വാദം കേട്ടുവരികയാണ്. ബാങ്ക് ഗ്യാരണ്ടി തിരിച്ചടക്കാത്തതോ തിരിച്ച് സമര്‍പ്പിക്കാത്തതോ സ്‌പെക്ട്രം വില്‍പ്പനയെ തടസപ്പെടുത്തുന്ന ഘടകമാവില്ലെന്ന് ടെലികോം ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ടിഡിഎസ്എടി) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെ എയര്‍വേവുകള്‍ ജിയോക്ക് വില്‍ക്കുന്നതില്‍ ആര്‍കോമിന് നേരിട്ട പ്രധാന തടസം നീങ്ങിയിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് ടിഡിഎസ്എടിയുടെ അന്തിമ വിധി ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയോജിപ്പുകളുണ്ടെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന് സുപ്രീംകോടതിയെ സമീപിക്കാം. ജിയോക്ക് 43,000 ടവറുകള്‍ വില്‍ക്കാനും കനേഡിയന്‍ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡിന് റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനുമുള്ള ആര്‍കോമിന്റെ കരാറുകളും അനിശ്ചിതത്വത്തിലാണ്.

Comments

comments

Categories: Business & Economy
Tags: Reliance