പത്തില്‍ നാലു പേര്‍ക്കും അമിത കൊളസ്‌ട്രോളെന്ന് പഠനം

പത്തില്‍ നാലു പേര്‍ക്കും അമിത കൊളസ്‌ട്രോളെന്ന് പഠനം

കൊളസ്‌ട്രോള്‍ നില സാധാരണമായിരിക്കുമ്പോഴും എച്ച്ഡിഎല്‍ കുറയുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് ചികില്‍സ വേണമെന്ന് മാത്രമല്ല ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്

മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ കൊച്ചിയില്‍ നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേരിലും കൊളസ്‌ട്രോളിന്റെ അളവു വളരെ കൂടുതലാണെന്ന് കണ്ടെത്തി. 20നും 80നും ഇടയില്‍ പ്രായമുള്ള 1,23,867 പേര്‍ക്കിടയില്‍ നടത്തിയ ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. 12 മാസത്തെ കാലയളവിനുള്ളിലാണ് പഠനത്തിനാവശ്യമായ സാംപിളുകള്‍ ശേഖരിച്ചത്.

സാംപിളുകളില്‍ 10 ശതമാനത്തിനും ആവശ്യമായ എച്ച്ഡിഎല്‍ അളവുണ്ട്. കൊളസ്‌ട്രോള്‍ നില സാധാരണമായിരിക്കുമ്പോഴും എച്ച്ഡിഎല്‍ കുറയുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് ചികില്‍സ വേണമെന്ന് മാത്രമല്ല ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്.

ഹൃദ്രോഗങ്ങളുടെ അളവ് ഇന്ത്യയില്‍ ഗണ്യമായി ഉയരുകയാണെന്നും ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും വ്യായാമങ്ങളില്ലാത്തതും പോഷകങ്ങള്‍ ഇല്ലാത്ത ഭക്ഷണവും സമ്മര്‍ദ്ദം ഉയരുന്നതും പുകയിലയുടെ ഉപയോഗവുമെല്ലാമാണ് ഇതിന് പ്രധാന കാരണമെന്നും മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. നിലേഷ് ഷാ പറഞ്ഞു.

അടിസ്ഥാന ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ നല്ല ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ പരിശോധന നിര്‍ണായകമാണെന്നും തുടര്‍ച്ചയായ ജോലി സമയവും അമിതവണ്ണവും അലസമായ ജീവിതശൈലിയും ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നുണ്ടെന്നും ഡോക്റ്റര്‍ പറഞ്ഞു.

പഠനം നടത്തിയ സാംപിളുകളില്‍ 10 ശതമാനത്തിന് കൊളസ്‌ട്രോളിന്റെ അളവു അഭികാമ്യമാണെങ്കില്‍ 10ല്‍ നാലു പേര്‍ക്കു അമിതവും 10ല്‍ അഞ്ചു പേര്‍ക്ക് ചീത്ത കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍ അളവു കൂടുതലും 10ല്‍ മൂന്നു പേര്‍ക്ക് ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് അളവുമാണ് കണ്ടെത്തിയത്.

കോശ പടലങ്ങളിലുള്ള കൊഴുപ്പ് പോലുള്ള വസ്തുവാണ് (ലിപിഡ്) കൊളസ്‌ട്രോള്‍. ബൈലി ആസിഡ്, സ്റ്റെറോയിഡ് ഹോര്‍മോണ്‍സ് എന്നിവയുടെ മുന്‍ഗാമിയുമാണിത്.

സാധാരണയായി കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ലിപിഡ്, പ്രോട്ടീന്‍ കണികകളായി നീങ്ങുന്നു. ആധുനിക കാലത്ത് എല്‍ഡിഎല്‍ അല്ലാത്ത കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപിഡ് പാറ്റേണ്‍ അളവു നിശ്ചയിക്കുന്നതിനായി കണക്കാക്കുന്നു. ഇത് കൂടുന്നത് ഹൃദ്രോഗങ്ങത്തിന് കാരണവുമാകുന്നു.

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവു കൂടുന്ന അവസ്ഥയാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ഇതിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയത്തെ അപകടത്തിലാക്കുന്നു. രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്നു. തടസമുണ്ടാക്കുന്ന വസ്തു കൊഴുപ്പാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പ് തടസമുണ്ടാക്കുന്നതോടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള ഓക്‌സിജന്റെ അളവു കുറയ്ക്കുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമായ അതെറോസ്‌കളിറോസിസിന് വഴിയൊരുക്കുന്നു.

ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ ആര്‍ട്ടറിയില്‍ മതിലുകള്‍ സൃഷ്ടിക്കുന്നു. ആര്‍ട്ടറി വ്യാസം കുറഞ്ഞ് കട്ടിയാകുന്നതിന് ഇത് കാരണമാകുന്നു. രക്തത്തില്‍ സര്‍ക്കുലേറ്റ് ചെയ്യുന്ന ട്രൈഗ്ലിസറൈഡും കൊളസ്‌ട്രോളും വ്യത്യസ്തമാണ്.

ട്രൈഗ്ലിസറൈഡുകള്‍ ഉപയോഗിക്കാത്ത കലോറികളെ ശേഖരിച്ച് ശരീരത്തിന് ഊര്‍ജം പകരും. കൊളസ്‌ട്രോള്‍ കോശങ്ങളുടെ സൃഷ്ടിക്കും ചില ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ഉപയോഗിക്കുന്നു. രണ്ടിനും രക്തത്തില്‍ അലിയാനാവാത്തതിനാല്‍ ശരീരത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കും.

ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് ഹൃദയത്തിന് ദോഷമായേക്കാവുന്ന മറ്റു പലതിന്റെയും സൂചനകളാണ്. അരകെട്ടിലെ കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുക, അസാധാരണ കൊളസ്‌ട്രോള്‍ അളവ് എന്നിവയെല്ലാം കാരണമായേക്കാം.

കൊളസ്‌ട്രോള്‍ അളവ് കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം. വ്യായാമത്തിന്റെ കുറവ്, അനങ്ങാതിരിക്കുക എന്നിവയെല്ലാം കൊളസ്‌ട്രോള്‍ അളവു വ്യത്യാസപ്പെടുത്തും. എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നത് എല്‍ഡിഎല്ലിന്റെ ദോഷം കുറയ്ക്കും. ശരിയായ സമയത്ത് ശരിയായ പരിശോധനകള്‍ നടത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം മുന്നോട്ടു പോയാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാം.

Comments

comments

Categories: Health
Tags: cholestrol