സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്ത വീക്ഷണം

സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്ത വീക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ വെളിയിട വിസര്‍ജനം ഇല്ലാതാക്കാനുള്ള ബൃഹദ് പരിപാടി വിജയപാതയില്‍ തന്നെ മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് കുടുംബങ്ങള്‍ക്കായി 86 ദശലക്ഷം ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചും ഏകദേശം അര ദശലക്ഷത്തോളം ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമാക്കിയും മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തങ്ങോളമിങ്ങോളം വാസയോഗ്യമായതും സുസ്ഥിരവുമായ സ്മാര്‍ട്ട്‌സിറ്റികള്‍ വികസിപ്പിക്കുന്ന പരിപാടിയിലാണ് ഇപ്പോള്‍ ഇന്ത്യ. ഈ ദൗത്യങ്ങളില്‍ തങ്ങളുടെ പരിചയസമ്പന്നത ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുകയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി.

ലീ സിയെന്‍ ലൂംഗ്; സിംഗപ്പൂര്‍ പ്രധാനമന്ത്രി

2019 ഓടെ ‘ശുചിത്വ ഇന്ത്യ’ എന്ന ദര്‍ശനം നേടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ഒരു ദേശീയ മുന്‍ഗണയാക്കാന്‍ യത്‌നിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികദിനമായ 2019 ഒക്‌ടോബര്‍ രണ്ട്, ഇതിന് ഏറ്റവും ഉചിതവുമാണ്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് കുടുംബങ്ങള്‍ക്കായി 86 ദശലക്ഷം ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചും ഏകദേശം അര ദശലക്ഷത്തോളം ഗ്രാമങ്ങളെ (47,000) വെളിയിട വിസര്‍ജന മുക്തമാക്കിയും ഇന്ത്യ വന്‍ പുരോഗതി കൈവരിച്ചിട്ടുമുണ്ട്.

സിംഗപ്പൂരും ഈ വഴിയില്‍ പ്രയാണം ചെയ്തു വന്നതാണ്. സ്വാതന്ത്ര്യലബ്ധി മുതല്‍ തന്നെ ജനങ്ങള്‍ക്ക് ശുചിത്വവും ഹരിതജീവിത പരിതസ്ഥിതിയും സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ അതികഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ നിരവധി വീടുകളില്‍ മലിനജല ചാലുകള്‍ ഉണ്ടായിരുന്നില്ല. മനുഷ്യ വിസര്‍ജ്യം തൊട്ടികളില്‍ ശേഖരിച്ച് ദുര്‍ഗന്ധം വമിക്കുന്ന ട്രക്കുകളിലാണ് സ്വീവറേജ് പ്ലാന്റുകളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. സാധാരണയായി മനുഷ്യവിസര്‍ജ്യം അടുത്തുള്ള നദികളിലും മറ്റ് ജലാശയങ്ങളിലും മറ്റ് നിക്ഷേപിച്ച് വെള്ളം മലീമസമാക്കുകയും വിഷമയമാക്കുകയും ചെയ്യുമായിരുന്നു. ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ നിരന്തരം ജലജന്യരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതുള്‍പ്പെടെ നിരവധി പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ശക്തമായി പ്രവര്‍ത്തിക്കാന്‍ തന്നെ ഞങ്ങളുടെ പൂര്‍വ്വ പിതാമഹന്‍മാര്‍ പ്രതിജ്ഞയെടുത്തു, ‘സിംഗപ്പൂരിനെ ശുചിയായിസൂക്ഷിക്കുക’ എന്നൊരു ദേശീയ പ്രചാരണ പരിപാടിക്ക് അവര്‍ തുടക്കം കുറിച്ചു. എല്ലാ വീടുകളിലും അഴുക്കുചാലുകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. എല്ലാ നദികളും വൃത്തിയാക്കി. അങ്ങനെ സിംഗപ്പൂരിനെ വൃത്തിയുള്ളതും ഹരിതാഭവുമായ നഗരമാക്കി മാറ്റി. പ്രത്യേകമായി, ഞങ്ങള്‍ സിംഗപ്പൂര്‍ നദി ശുചീകരിച്ചു. ഈ പ്രക്രിയയില്‍ ഞങ്ങള്‍ക്ക് നിരവധി കൈയേറ്റങ്ങളും വീടിന്റെ പുറകുവശത്തെ വ്യവസായങ്ങളും പന്നിഫാമുകളും നദികളുടെ വൃഷ്ടി പ്രദേശങ്ങളെ മലീമസമാക്കുന്ന മറ്റ് നിരവധി സ്രോതസുകളും ഒഴിപ്പിക്കേണ്ടതായി വന്നു. ഇന്ന് വളരെ ശുചിയായ സിംഗപ്പൂര്‍ നദി നഗരത്തിലൂടെ ഒഴുകി നഗരത്തിലെ ജലവിതരണം നടത്തുന്ന മറീന റിസര്‍വോയറില്‍ എത്തുന്നു,

സിംഗപ്പൂരിനെക്കാളും വലിയതോതില്‍ വ്യത്യസ്തതകളുള്ള രാജ്യമാണ് ഇന്ത്യ. ഗംഗാനദി സിംഗപ്പൂര്‍ നദിയെക്കാള്‍ ആയിരം മടങ്ങ് നീളമുള്ളതാണ്. എന്നാലും ഇന്ത്യയുടേയും സിംഗപ്പൂരിന്റെയും ശുചിത്വയാത്രക്ക് ചില സമാനതകളുമുണ്ട്. ആദ്യമായി ഇരു രാജ്യങ്ങളിലും നേതൃത്വത്തിന്റെ ദര്‍ശനത്തിന്റെ പ്രാധാന്യം പ്രകടമായി. ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവും പ്രധാനമന്ത്രി മോദിയും രാജ്യത്തെ വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കി. അവബോധം വര്‍ധിപ്പിക്കുന്നതിനും ബഹുജന പിന്തുണയുണ്ടാക്കുന്നതിനുമായി അവര്‍ വ്യക്തിപരമായി തന്നെ ബഹുജന പ്രചാരണം നടത്തി. രണ്ടുപേരും ചൂല് എടുത്തുകൊണ്ട് പൊതുജനങ്ങളോടൊപ്പം തെരുവുകള്‍ ശുചിയാക്കാന്‍ രംഗത്തിറങ്ങി. ലീ തനിക്ക് ”വ്യക്തിപരമായ പ്രചോദന”മായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്. ”രാജ്യത്തിന്റെ പരിവര്‍ത്തനം നാം എങ്ങനെയാണോ അതിലുള്ള മാറ്റത്തില്‍ നിന്നാണ് ആരംഭിക്കുന്നത്” എന്ന ലീയുടെ ആദര്‍ശത്തില്‍ നിന്നാണ് അദ്ദേഹം തന്റെ ആശയം രൂപീകരിച്ചതെന്നും മോദിസൂചിപ്പിച്ചിട്ടുണ്ട്. സ്വഛ് ഭാരത് മിഷന്‍ എന്നത് ഇന്ത്യയുടെ പരിസ്ഥിതിയെ വൃത്തിയാക്കുന്നതിനുള്ള ഒരു പദ്ധതി മാത്രമല്ല, അത് ” നാം ചിന്തിക്കുന്ന, ജീവിക്കുന്ന പ്രവര്‍ത്തിക്കുന്ന രീതിയിലെ പരിവര്‍ത്തന”മെന്ന ആഴത്തിലുള്ള പരിഷ്‌ക്കരണമാണ്.

രണ്ടാമതായി വിജയത്തിന് ദീര്‍ഘകാല ദേശീയ സമര്‍പ്പണം അനിവാര്യമാണ്. അഴുക്കു ചാല്‍, ഓവുചാല്‍ ശൃംഖലകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു സ്വിവറേജ് മാസ്റ്റര്‍പ്ലാന്‍ സിംഗപ്പൂര്‍ നടപ്പാക്കി. മഴവെള്ളം മലീമസമാകുന്നത് തടഞ്ഞുകൊണ്ട് അവ സംഭരിച്ച് ഉപയോഗിക്കുകയെന്നതായിരുന്നു ലക്ഷ്യം. അതോടൊപ്പം തന്നെ സിംഗപ്പൂര്‍ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള ജലം പുനര്‍ചാക്രീകരണം നടത്തുന്നുണ്ട്. വളരെയധികം ശുചിത്വമുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള പുതിയ വെള്ളം ഉണ്ടാക്കാനായി പ്രതിവ്യതിവ്യാപനത്തിലൂടെ (റിവേഴ്‌സ്ഓസ്‌മോസിസ്സ്) ശുദ്ധീകരിക്കുന്നു. ഉപയോഗിച്ച വെള്ളത്തെ എന്തുചെയ്യണമെന്ന ഒരു പ്രശ്‌നത്തെ ജല ദൗര്‍ലഭ്യം എന്ന മറ്റൊരു പ്രശ്‌നത്തിന് പരിഹാരമാക്കി.

ഇന്ത്യയില്‍ പ്രധാനപ്പെട്ട പങ്കാളികളായ വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, എന്നിവയുടെ സഹായത്തോടെ ദേശവ്യാപകമായി സ്വഛ് ഭാരത് മിഷന്‍ നടപ്പാക്കാനുള്ള ശ്രമം ഗുണപരമായ ഫലമാണ് കാണിക്കുന്നത്. ‘2018 യൂണിസെഫ് കുടിവെള്ള ശുചിത്വ ആരോഗ്യ സംരക്ഷണം സ്‌കൂളുകളില്‍: ആഗോള അടിസ്ഥാന റിപ്പോര്‍ട്ട് 2006’ലെ 50% എന്നതില്‍ നിന്ന് ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ സ്‌കൂളുകളിലും ശുചിത്വ സൗകര്യങ്ങളുണ്ടെന്ന് എടുത്തുപറയുന്നുണ്ട്.

മൂന്നാമതായി, ഇന്ത്യയും സിംഗപ്പൂരും അന്താരാഷ്ട്ര സഹകരണത്തിനെ വിലമതിക്കുന്നു. ഒരേ പരിഹാരം വ്യത്യസ്ത രാജ്യങ്ങളില്‍ ഫലപ്രദമായില്ലെന്ന് വരാം, എന്നാല്‍ മറ്റുള്ളവര്‍ പങ്കുവെക്കുന്ന അനുഭവങ്ങള്‍ പഠിക്കുന്നത് നമുക്കെല്ലാം ഗുണമുണ്ടാക്കും. തങ്ങളുടെ ശുചിത്വകഥകള്‍ പങ്കുവെക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍, പ്രയോക്താക്കള്‍, വിദഗ്ധര്‍ എന്നിവരെ ഒന്നിച്ചു കൊണ്ടുവന്ന പ്രഥമ മഹാത്മാഗാന്ധി അന്താരാഷ്ട്ര ശുചിത്വ കണ്‍വെന്‍ഷന്‍ വളരെ വിജയകരമായി സംഘടിപ്പിച്ചതിന് ഞാന്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണ്. ദ്വൈവാര്‍ഷിക ലോക നഗര ഉച്ചകോടിയും സിംഗപ്പൂര്‍ അന്താരാഷ്ട്ര ജലവാരവും പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സിംഗപ്പൂരും സംഘടിപ്പിക്കുന്നുണ്ട്. ആഗോള ശുചിത്വ വെല്ലുവിളികളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി 2013ല്‍ ഐക്യരാഷ്ട്ര സഭ ‘എല്ലാവര്‍ക്കും ശുചിത്വം’ എന്ന സിംഗപ്പൂരിന്റെ പ്രമേയം അംഗീകരിക്കുകയും നവംബര്‍ 19 ലോക ശൗചാലയ ദിനമായി ആചരിക്കുകയുംചെയ്യുന്നു.

ഇന്ത്യ ഇപ്പോള്‍ രാജ്യത്തങ്ങോളമിങ്ങോളം വാസയോഗ്യമായതും സുസ്ഥിരവുമായ സ്മാര്‍ട്ട്‌സിറ്റികള്‍ വികസിപ്പിക്കുന്ന പരിപാടിയിലാണ്. ഈ മേഖലയിലെ പരിചയസമ്പന്നത ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ സിംഗപ്പൂരിന് അതിയായ സന്തോഷമുണ്ട്. നഗരാസൂത്രണം, ജല മാലിന്യ പരിപാലനം എന്നിവയില്‍ നൂറ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സിംഗപ്പൂര്‍ ഇന്ത്യയുടെ നഗര ഗ്രാമ ആസൂത്രണ സംഘടനകളുമായി സഹകരിക്കുന്നുണ്ട്. നഗരാസൂത്രണത്തിന് വേണ്ട പരിഹാരങ്ങള്‍ നല്‍കുന്നതിനായി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി സഹകരിക്കാന്‍ സിംഗപ്പൂര്‍ ഉറ്റുനോക്കുകയാണ്.

സ്വഛ് ഭാരത് മിഷനും ‘ശുചിത്വ ഇന്ത്യക്കും’ ഞാന്‍ പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും എല്ലാ ഭാവുകളും നേരുന്നു. നമ്മുടെ ഭാവി തലമുറയ്ക്ക് ശുദ്ധമായ വെള്ളത്തിനും ശുചിത്വത്തിനുമായുള്ള ഐക്യരാഷ്ട്ര സഭയുടെസുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ഞാന്‍ ഉറ്റുനോക്കുകയുമാണ്.

Comments

comments

Categories: Editorial, Slider