ഹോര്‍ലിക്‌സ് ഏറ്റെടുപ്പ്: രണ്ടാംഘട്ട മല്‍സരത്തില്‍ കോക്കും നെസ്ലേയും യൂണിലിവറും

ഹോര്‍ലിക്‌സ് ഏറ്റെടുപ്പ്: രണ്ടാംഘട്ട മല്‍സരത്തില്‍ കോക്കും നെസ്ലേയും യൂണിലിവറും

ന്യൂഡെല്‍ഹി: ആരോഗ്യ പാനീയ ബ്രാന്‍ഡായ ഹോര്‍ലിക്‌സിന്റെ രണ്ടാം ഘട്ട ബിഡിംഗിനു വേണ്ടിയുള്ള ചുരുക്കപ്പട്ടികയില്‍ നെസ്ലേ, യൂണിലിവര്‍, കൊക്ക കോള തുടങ്ങിയ കമ്പനികള്‍ ഇടം നേടി. അടുത്ത ആഴ്ച ലണ്ടനില്‍ പുതിയ ഘട്ട മാനേജ്‌മെന്റ് കമ്മറ്റി യോഗങ്ങള്‍ ചേരാനിരിക്കെ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിന്റെ (ജിഎസ്‌കെ) ഉല്‍പന്ന നിരയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ തീവ്രമായേക്കുമെന്ന് അവനുമാനിക്കപ്പെടുന്നു.

കടുത്ത മല്‍സരമാണ് ഹോര്‍ലിക്‌സിനു വേണ്ടി ഇതുവരെ നടന്നത്. പെപ്‌സികോ, റെകിറ്റ് ബെന്‍കൈസര്‍, ജനറല്‍ മില്‍സ്, ഡാനണ്‍, കെല്ലോഗ് എന്നിവയുള്‍പ്പടെ ലോകത്തിലെ വലിയ ഭക്ഷ്യ പാനീയ കമ്പനികള്‍ക്ക് പുറമേ ആഭ്യന്തര കമ്പനിയായ ഐടിസി, സ്വകാര്യ ഇക്വിറ്റി ഫണ്ടായ കെകെആര്‍ എന്നിവയും ഹോര്‍ലിക്‌സിനു വേണ്ടി മാറ്റുരച്ചു. എന്നാല്‍, തുടക്കത്തിലുണ്ടായിരുന്ന ചില കമ്പനികള്‍ പിന്‍മാറുകയും മറ്റു ചില കമ്പനികള്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ പോവുകയും ചെയ്തു. എത്ര ബിഡര്‍മാര്‍ ഇപ്പോഴും പരിഗണനയിലുണ്ടെന്ന് വ്യക്തമല്ല.

ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള തങ്ങളുടെ പോഷകാഹാര ബ്രാന്‍ഡുകളിന്‍മേല്‍ തന്ത്രപരമായ അവലോകനം നടത്തുമെന്ന് മാര്‍ച്ചിലാണ് ജിഎസ്‌കെ സിഇഒ എമ്മ വാംസ്‌ലി പ്രഖ്യാപിച്ചത്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായന്‍മാരായ ബ്രിട്ടീഷ് കമ്പനി ജിഎസ്‌കെയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിന്റെ 72.5 ശതമാനം ഓഹരികള്‍ പൂര്‍ണമായോ ഭാഗികമായോ വില്‍ക്കാനാണ് നീക്കം. ജിഎസ്‌കെയ്ക്ക് പങ്കാളിത്തമുള്ള സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്‍ട്ടിസുമായുള്ള സംയുക്ത സംരംഭത്തില്‍ ഓഹരികള്‍ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായാണ് ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നത്. 2.75 ബില്യണ്‍ ഡോളര്‍ മുതല്‍ 3.2 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ബിഡുകളാണ് ഇന്ത്യന്‍ അനുബന്ധ കമ്പനിയുടെ ഓഹരികള്‍ക്കായി കമ്പനി പ്രതീക്ഷിക്കുന്നത്.

ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് നെസ്‌ലേയുടെയും കൊക്ക കോളയുടെയും വക്താക്കള്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ യൂണിലിവറും വിഷയത്തില്‍ പ്രതികരിച്ചില്ല. ജിഎസ്‌കെയെ സംബന്ധിച്ച് ഏറെ മുന്‍ഗണന നല്‍കി വരുന്ന വിപണിയാണ് ഇന്ത്യയെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ഹോര്‍ലിക്‌സിനു വേണ്ടിയുള്ള മല്‍സരത്തില്‍ നിന്ന് ഇന്ത്യന്‍ കമ്പനിയായ ഐടിസി കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഉയര്‍ന്ന ഇടപാട് മൂല്യവും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിക്ക് അനുയോജ്യമല്ലാത്തതുമാണ് കമ്പനിയെ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചത്.

Comments

comments

Categories: Business & Economy
Tags: horlicks