മലബാറിന്റെ കൂണ്‍ഗ്രാമമായി എടക്കര

മലബാറിന്റെ കൂണ്‍ഗ്രാമമായി എടക്കര

ടതൂര്‍ന്ന് നില്‍ക്കുന്ന തേക്കിന്‍കാടുകളും ചരിത്രം ഉറങ്ങുന്ന ചാലിയാര്‍ പുഴയും മാത്രമല്ല ഇന്ന് നിലമ്പൂരിനെ പ്രശസ്തമാക്കുന്നത്. മലാബാറിന്റെ കൂണ്‍ഗ്രാമം എന്നറിയപ്പെടുന്ന എടക്കര പഞ്ചായത്തിന്റെ സാമിപ്യമാണ് നിലമ്പൂരിന് തിലകക്കുറിയാകുന്നത്. സാമൂഹ്യസംരംഭകത്വം എന്ന രീതിയില്‍ എടക്കര പഞ്ചായത്തില്‍ ആരംഭിച്ച കൂണ്‍കൃഷി വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് പരിസരവാസികള്‍ ഏറ്റെടുത്തത്. തുടക്കത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞു നടന്നിരുന്ന കൂണ്‍കൃഷി ഇന്ന് അന്‍പതിലേറെ ഗ്രൂപ്പുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. കൂണ്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെസംസ്ഥാനത്തെ ആദ്യത്തെ ഹൈടെക്ക് കൂണ്‍ഗ്രാമ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് എടക്കര പഞ്ചായത്തില്‍

കൂണ്‍കൃഷി ഒരു ഗ്രാമത്തിന്റെ മുഖചിത്രം മാറ്റിയതെങ്ങനെയെന്ന കഥയാണ് മലപ്പുറം, നിലമ്പൂരിലെ എടക്കര ഗ്രാമപഞ്ചായത്തിന് പറയാനുള്ളത്. നാലുവര്‍ഷം മുമ്പവരെ എടുത്തുപറയത്തക്ക സാമൂഹ്യസംരംഭകത്വ പദ്ധതികളോ വനിതാ സംരംഭകത്വ പദ്ധതികളോ ഇല്ലായിരുന്ന എടക്കരയുടെ പ്രതിച്ഛായ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മാറിയത്. അതിനു കരണമായതോ മുന്‍ എടക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ സെറീന മുഹമ്മദലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂണ്‍കൃഷിയും. ഗ്രാമത്തിലെ വീട്ടമ്മമാരായ വനിതകള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായി ഉതകുന്ന ഒരു സ്വയം തൊഴില്‍ പദ്ധതി എന്ന നിലയിലാണ് 2014 ല്‍ എടക്കരയില്‍ കൂണ്‍കൃഷിക്ക് തുടക്കമിട്ടത്.

തുടക്കത്തില്‍ ഇന്ന് കാണുന്ന പേരും പ്രശസ്തിയും ഒന്നുംതന്നെ ഈ കൂണ്‍കൃഷിക്ക് ഉണ്ടായിരുന്നില്ല. പഞ്ചായത്ത് തലത്തില്‍ നല്‍കിയ കൂണ്‍കൃഷി പരിശീലനത്തിന്റെ ഭാഗമായി കുറച്ചു വനിതകള്‍ ചേര്‍ന്ന് തങ്ങളുടെ വീടിനോട് അനുബന്ധിച്ച് കൃഷി തുടങ്ങി. എന്നാല്‍ കൂണ്‍കൃഷിയില്‍ നിന്നും കുറഞ്ഞസമയത്തിനുള്ളില്‍ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ കൃഷി അഞ്ചു ഗ്രൂപ്പുകളിലേക്ക് വ്യാപിച്ചു. ആദ്യം 12 സ്ഥലങ്ങളിലായി തുടങ്ങിയ കൃഷി പിന്നീട് 15 ഫാമിലേക്കും പിന്നീട് 20 ഫാമിലേക്കും വ്യാപിച്ചു. നിലവില്‍ എടക്കരയില്‍ 60, വഴിക്കടവില്‍ 40, ചുങ്കത്തറയില്‍ 30 കര്‍ഷകര്‍ എന്നിവരെ കൂടാതെ 10 പ്രോസസിങ് യൂണിറ്റ് അംഗങ്ങളുമാണ് കൂണ്‍കൃഷിയില്‍ വ്യാപൃതരായിട്ടുള്ളത്.

വരൂ, കൂണ്‍ കര്‍ഷകരാകാം

കൂണ്‍കൃഷികൊണ്ട് ഒരു ഗ്രാമത്തെയാകെ സംരംഭകത്വം പഠിപ്പിച്ച എടക്കര ഗ്രാമപഞ്ചായത്ത് കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. എടക്കരയില്‍ 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ലാബ് സൗകര്യവും പരിശീലനവും നല്‍കുന്നുണ്ട്. കൃഷി രീതികളും കൂണ്‍കൃഷിയുടെ നേട്ടവും വിപണി കണ്ടെത്തലും എല്ലാം ഇവിടെ നിന്നും പഠിക്കാം. കൂണ്‍കൃഷിയില്‍ ആകൃഷ്ടരായി എത്തുന്ന ഓരോ വ്യക്തിക്കും 10 ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റോടു കൂടിയ പരിശീലനമാണ് നല്‍കുന്നത്. പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ ഏകദേശം നാന്നൂറില്‍ പരം ആളുകളാണ് ഇവിടെ നിന്നും പൂര്‍ണമായ രീതിയില്‍ കൂണ്‍കൃഷി പരിശീലനം നേടിയത്.

മാസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വെള്ളായനി, ബാംഗ്ലൂര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പരിശീലനം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ മറ്റ് അംഗങ്ങളെയും പരിശീലിപ്പിക്കുന്നു. ഓരോ ഗ്രൂപ്പിനും കൃഷി തുടങ്ങാനായി കുടുംബശ്രീയുടെ കീഴില്‍ സബ്‌സിഡിയോടെ വായ്പയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ നിന്നും ഒരു ലക്ഷം രൂപയോളം പലിശ രഹിത വായ്പയും ലഭിച്ചിരുന്നു. കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഇത് അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ നബാര്‍ഡിന്റെ സാമ്പത്തിക പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. ഇതോടു കൂടി കൂടുതലംഗങ്ങള്‍ കൂണ്‍കൃഷിയില്‍ ആകൃഷ്ടരായി എത്തി. ഓരോ വീട്ടിലും കൂണ്‍കൃഷി ചെയ്യുന്ന ഒരു അംഗമെങ്കിലും ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് എടക്കര പഞ്ചായത്ത് കൂണ്‍ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.

ഉല്‍പാദിപ്പിക്കപ്പെടുന്ന കൂണുകള്‍ ആദ്യകാലത്ത് പ്രാദേശിക വിപണിയില്‍ മാത്രമാണ് വിറ്റിരുന്നത്. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിച്ചതോടെ മറ്റുജില്ലകളിലേക്കും കൂണിന്റെ വിതരണം വര്‍ധിച്ചു. പാല്‍ക്കൂണ്‍ , ചിപ്പിക്കൂണ്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് എങ്ങനെ കൂണ്‍കൃഷി ചെയ്യാം എന്നതിലും ഇവിടെ പരിശീലനം നല്‍കുന്നു. വനിതകളാണ് കൂടുതലായും കൃഷിയുടെ ഭാഗമായിരിക്കുന്നത്. സ്വന്തമായി വരുമാനം ഒന്നുമില്ലാതെ കഴിഞ്ഞിരുന്ന ഗ്രാമത്തിലെ 60 ശതമാനത്തിലേറെ വനിതകള്‍ക്കും ചെറിയ രീതിയിലെങ്കിലും സ്വന്തമായി വരുമാനം ലഭിക്കുന്നുണ്ട് എന്നതാണ് എടക്കര കൂണ്‍ഗ്രാമത്തിന്റെ വിജയം.
ചിപ്പി കൂണിന് കിലോ 300 രൂപ വരെ ലഭിക്കുമ്പോള്‍ പാല്‍ കൂണിന് കിലോ 400 രൂപ വരെ വില ലഭിക്കുന്നു. മാസം 40000 രൂപ വരെ ഓരോ ഗ്രൂപ്പിനും ലാഭം നേടാനാകുന്നുണ്ട്.

ഹൈടെക്ക് കൂണ്‍ഗ്രാമം

കൂണ്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെസംസ്ഥാനത്തെ ആദ്യത്തെ ഹൈടെക്ക് കൂണ്‍ഗ്രാമ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് എടക്കര പഞ്ചായത്ത് രംഗത്ത്. കുടുംബശ്രീയുടെ ചേര്‍ന്നാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കൂണ്‍കൃഷിക്കായുള്ള വിത്തുല്‍പാദനം മുതല്‍ ഉല്‍പാദിപ്പിച്ച കൂണുകള്‍ക്ക് വിപണി കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പദ്ധതി പ്രകാരം 20 യൂണിറ്റുകളിലാണ് പ്രവര്‍ത്തനം നടക്കുക. ഒരുമാസം 5000 കിലോഗ്രാം കൂണ്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ഹൈടെക്ക് കൂണ്‍ഗ്രാമം പദ്ധതിക്ക് എടക്കര പഞ്ചായത്ത് നിവാസികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഓരോ യൂണിറ്റും ലക്ഷ്യമിടുന്നത് അഞ്ഞൂറ് കിലോ കൂണിന്റെ ഉല്‍പ്പാദനമാണ്. നിലവില്‍ തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതലായി കൂണുകള്‍ വരുന്നത്. ഇവ എടക്കരയുടെ പേരില്‍ കുറിക്കുകയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുകള്‍ ഇവര്‍ പിന്നിട്ടുകഴിഞ്ഞു. കൂണ്‍യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു സജ്ജരായി നിരവധിയാളുകള്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നുണ്ട്. ഒരു കൂണ്‍ യൂണിറ്റിന് രണ്ടര ലക്ഷം രൂപയാണ് ചിലവ്. ബാങ്ക് വായ്പയില്‍ 50000 രൂപ കുടുംബശ്രീ സബ്‌സിഡിയായി നല്‍കും. ബാക്കി തുക നിശ്ചിത ഗഡുക്കളായി തിരിച്ചടയ്ക്കണം. അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്നതാണ് ഒരുയൂണിറ്റ്.

കൂണ്‍ ഉല്‍പ്പാദനം വിതരണം എന്നിവയ്‌ക്കൊപ്പം ഉല്‍പ്പാദിപ്പിക്കുന്ന കൂണുകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഒരു പ്രോസസ്സിംഗ് ഫാമും ഉണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ വിപണവും സ്ഥാപനത്തിന്റെ നടത്തിപ്പും കുടുംബശ്രീ അധികൃതരെ ഉള്‍പ്പെടുത്തി ആരംഭിച്ച സമൃദ്ധി വനിതാ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ്.

ഹൈട്ടെക്ക് കൂണ്‍ ഫാമിംഗിനായി സജ്ജീകരിച്ച പോളിഹൌസിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് മാസമെടുത്താണ് പഞ്ചായത്തില്‍ ഹൈടെക്ക് പോളിഹൗസ് കൂണ്‍ ഗ്രാമം ഒരുക്കിയത്.പച്ചക്കറി കൃഷിക്കുളള പോളിഹൗസ് മാതൃകയിലാണ് കൂണ്‍കൃഷിക്കായി ഹൈടെക്ക് ഫാമുകള്‍ ഒരുക്കിയിരിക്കുന്നത്. വളരെ വിസ്തൃതമായ ഫാമില്‍ സൂര്യപ്രകാശത്തെ തടഞ്ഞുനിറുത്താന്‍ ഇരുണ്ട കളറിലുളള പോളിഷീറ്റുകളാണ് ഉപയോഗിച്ചത്. വീടിനോടു അനുബന്ധിച്ച് എത്ര ചുരുങ്ങിയ സ്ഥലത്ത് വേണമെങ്കിലും കൂണ്‍കൃഷി നടത്താം. എന്നാല്‍ പോളിഹൌസ് ഫാം രണ്ടര സെന്റ് സ്ഥലത്താണ് നിര്‍മിക്കുന്നത്. രണ്ടര സെന്റിന് മുകളില്‍ എത്രസ്ഥലത്തേക്ക് വേണമെങ്കിലും ഫാം വ്യാപിപ്പിക്കാനാകും.

വിത്തുകള്‍ മുതല്‍ കവര്‍ വരെ എല്ലാം സുലഭം

കൂണ്‍ വിത്തുകള്‍ കിലോഗ്രാമിന് 150 രൂപക്ക് പ്ലാന്റേഷന്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ നിന്ന് ലഭിക്കും. എട്ടുതരം ചിപ്പിക്കൂണുകളും പാല്‍ക്കൂണുകളുമാണ് എടക്കരയില്‍ കൃഷി ചെയ്യുന്നത്. അത്യുല്‍പ്പാദനശേഷി തന്നെയാണ് ഇവയുടെ പ്രത്യേകത.വിത്ത് വിതച്ച് 5 ദിവസം മുതല്‍ 23 ദിവസങ്ങള്‍ക്കുളളില്‍ ഇവ വിളവ് നല്‍കി തുടങ്ങുന്നു.വൈക്കോലുകളിലാണ് വിത്ത് വിതയ്ക്കുക.കൂണ്‍വിത്തുകള്‍ നിക്ഷേപിക്കാനുളള വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്.

കൂണ്‍വിത്ത് നിക്ഷേപിക്കുന്നതിനുള്ള വൈക്കോല്‍, അതു കെട്ടിവയ്ക്കുന്നതിനുള്ള കവര്‍ എന്നിവയ്ക്ക് 80 മുതല്‍ 100 രൂപ വരെ വില വരും. ഒരു ബെഡില്‍ 6 മുതല്‍ 8 കിലോ വരെ കൂണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.ഇത്തരില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൂണുകള്‍ കിലോയ്ക്ക് 175 200 രൂപയ്ക്കുളളില്‍ ഫാം ഹൗസ് ശേഖരിക്കും. വിപണിയില്‍ 300 രൂപക്ക് മുകളിലാണ് ഇവയുടെ വില. ഒരു ബെഡില്‍ നിന്നും എങ്ങനെ പോയാലും 1000 രൂപക്കടുത്ത് വരുമാനം നേടാന്‍ ഓരോ യൂണിറ്റുകള്‍ക്കും സാധിക്കുന്നു. യൂണിറ്റില്‍ അംഗങ്ങളായുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ ലഭിക്കുന്ന ലാഭവിഹിതം പങ്കിട്ടു നല്‍കുകയാണ് ചെയ്യുന്നത്. വീട്ടുജോലികള്‍ കഴിഞ്ഞുള്ള സമയം മാത്രമാണ് ഇവര്‍ കൂണ്‍കൃഷിക്കായി വിനിയോഗിക്കുന്നത് എന്നതിനാല്‍ കിട്ടുന്നതത്രയും ലാഭം എന്നാണ് കര്‍ഷകരുടെ പക്ഷം. വനിതകളുടെ വിജയത്തിന്റെ ചുവടുപിടിച്ച് നിരവധി പുരുഷന്മാരും ഇപ്പോള്‍ കൂണ്‍കൃഷിയില്‍ സജീവമാണ്.

കൂണില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍

കൂണിന്റെ വില്‍പനയ്ക്ക് പുറമെ ഗുണമേന്മയും ഔഷധമൂല്യവും ഉള്ള കൂണില്‍ നിന്നും വിവിധങ്ങളായ മൂല്യവര്‍ധിത വസ്തുക്കളും ഇവിടെ നിര്‍മിച്ചു വിപണനം ചെയ്യുന്നു. കൂണ്‍ കട്‌ലറ്റ്, സമോസ, ബിരിയാണി, സാന്‍വിച്ച്, പായസം, പുട്ട്, ബജി തുടങ്ങി മംസംകൊണ്ട് ഉണ്ടാക്കുന്നതെല്ലാം കൂണ്‍ ഉപയോഗിച്ചും ഇവര്‍ നിര്‍മിക്കുന്നു. അച്ചാര്‍, സൂപ്പിനുളള കൂണ്‍പൊടി, കൂണ്‍ ബിരിയാണി എന്നീ വിഭവങ്ങള്‍ സമൃദ്ധിയെന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നത്. കൂണ്‍ സ്‌പെഷല്‍ബിരിയാണി ലഭിക്കാന്‍ രണ്ട് ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കണം. ആവശ്യക്കാര്‍ക്കെല്ലാം ഇത്തരത്തില്‍ കൂണ്‍ ബിരിയാണി എത്തിക്കുന്ന യൂണിറ്റും അതിനോടനുബന്ധിച്ചു നടത്തുന്നു.ഒരു ബിരിയാണിക്ക് 90 രൂപയാണ് വില. ഉത്പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് ഉടനീളം വിപണി കണ്ടെത്താനുളള ശ്രമങ്ങളിലാണ് അധികൃതര്‍

തണുപ്പുകാലത്താണ് പ്രധാനമായും കൂണ്‍കൃഷി നടക്കുന്നത്.ഓണം പോലുള്ള ഉത്സവ സീസണുകളിലും മേളകള്‍ക്കുമെല്ലാം കൂണ്‍ ഗ്രാമത്തിലെ കൂണ്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. എടക്കരയിലെ സ്ത്രീകളുടെ വരുമാനമാര്‍ഗം എന്നതിലുപരി ഒരു നാടിനെ കൃഷിയിലൂടെ പേരെടുക്കാനും വളര്‍ച്ച നേടാനും കൂണ്‍വിപ്ലവം വഴിതെളിച്ചു എന്നുവേണം പറയാന്‍.

Comments

comments

Categories: FK Special, Top Stories
Tags: Mushroom