ബിഎസ്ഇ ചരക്ക് ഉല്‍പ്പന്ന വ്യാപാരം ആരംഭിച്ചു

ബിഎസ്ഇ ചരക്ക് ഉല്‍പ്പന്ന വ്യാപാരം ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ചരക്ക് ഉല്‍പ്പന്ന കരാര്‍ അവതരിപ്പിക്കുന്ന ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) മാറി. സ്വര്‍ണം, വെള്ളി എന്നിവയിലെ ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വില്‍പ്പനയാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവരെ ചരക്ക് ഉല്‍പ്പന്ന കരാറുകള്‍ എംസിഎക്‌സ്, എന്‍സിഡിഇഎക്‌സ് എന്നീ പ്രത്യേക ചരക്ക് ഉല്‍പ്പന്ന എക്‌സ്‌ചേഞ്ചുകളില്‍ മാത്രമായിരുന്നു രാജ്യത്ത് കൈകാര്യം ചെയ്തിരുന്നത്.

ചരക്ക് ഉല്‍പ്പന്ന കരാറുമായി ബന്ധപ്പെട്ട ബോര്‍ഡില്‍ 142 അംഗങ്ങളാണ് ഉണ്ടാവുക. എന്‍എസ്ഇ ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വ്യാപരം ഒക്‌റ്റോബര്‍ 12 മുതല്‍ ആരംഭിക്കും.

ബിഎസ്ഇ ആദ്യത്തെ 12 മാസത്തേക്ക് കമ്മോഡിറ്റി ബ്രോക്കര്‍മാരില്‍ നിന്ന്ചാര്‍ജ് ഈടാക്കില്ല. ക്രൂഡ്ഓയില്‍, ചെമ്പ് എന്നീ വിഭാഗങ്ങളിലെ ചരക്കുല്‍പ്പന്ന കരാറുകളുടെ വില്‍പ്പനയ്ക്കായി ബിഎസ്ഇ സെബിയുടെ അനുമതി തേടിയിട്ടുണ്ട്. പിന്നീട് കാര്‍ഷിക ഉല്‍പ്പന്നങ്ങളിലും ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വില്‍പ്പന നടപ്പാക്കാനാകുമെന്ന പ്രതീക്ഷിക്കുന്നതായി ബിഎസ്ഇ സിഇഒ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു.

ചരക്ക് ഉല്‍പ്പന്ന പ്ലാറ്റ്‌ഫോമുകള്‍ മികച്ച വില കണ്ടെത്തുന്നതിനും സമയ നഷ്ടം ഒഴിവാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിപണിയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപയോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമാണ് ബിഎസ്ഇ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നതെന്ന് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 10 മണി മുതല്‍ രാത്രി 11.30 വരെ ബിഎസ്ഇ ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വ്യാപാരം നടത്തും.

Comments

comments

Categories: Business & Economy
Tags: BSE