ക്ലൗഡ് ബിസിനസ് വികസിപ്പിക്കാനൊരുങ്ങി ആലിബാബ

ക്ലൗഡ് ബിസിനസ് വികസിപ്പിക്കാനൊരുങ്ങി ആലിബാബ

ന്യൂഡെല്‍ഹി: ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഇന്ത്യയിലെ തങ്ങളുടെ ക്ലൗഡ് ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തര റീട്ടെയ്ല്‍ വിപണിയില്‍ വിജയകരമായി നടപ്പിലാക്കിയ ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ന്യൂ റീട്ടെയ്ല്‍ ആശയം ഇന്ത്യയിലും നടപ്പിലാക്കാനാണ് ആലിബാബയുടെ പദ്ധതി. ഇതിനായി പ്രാദേശിക കമ്പനികളുമായി ആലിബാബ സഹകരിക്കും.

സിംഗിള്‍സ് ഡേ പോലുള്ള ഷോപ്പിംഗ് ഇവന്റുകളില്‍ ചൈനയില്‍ ആലിബാബ ഉപയോഗിക്കുന്ന ഓഗുമെന്റഡ് റിയാലിറ്റി (എആര്‍) പോലുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നുകൊണ്ട് ഇവിടത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് കടയുടമകള്‍ക്കായി താവോബാവോ ബൈ എന്ന പേരില്‍ ഒരു എആര്‍ എക്‌സ്പീരിയന്‍സ് ആപ്ലിക്കേഷന് ആലിബാബ രൂപം നല്‍കിയിരുന്നു. ഡിഎല്‍എഫ് ഷോപ്പിംഗ് മാളുകളുമായി മാത്രം പങ്കാളിത്തമുണ്ടാക്കിയിരുന്ന കമ്പനി ഇപ്പോള്‍ ഈ മേഖലയിലെ മറ്റ് പ്രമുഖരുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിവരികയാണ്. കഴിഞ്ഞ ആഴ്ച്ച ആലിബാബ തങ്ങളുടെ ഇന്ത്യയില്‍ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ തുറന്നിരുന്നു.

ഇന്ത്യയിലെ റീട്ടെയ്ല്‍ ബിസിനസിന് കമ്പനി വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്ന് ആലിബാബ ക്ലൗഡ് ഇന്ത്യ, സാര്‍ക് ബിസിനസ് ഡെലവ്പമെന്റ് തലവന്‍ വിവേക് ഗുപ്ത പറഞ്ഞു. ചൈനയില്‍ ആലിബാബയ്ക്ക് സ്വന്തമായി മാളുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമുണ്ട് ഈ സൗകര്യങ്ങള്‍ ഇന്ത്യയിലും കൊണ്ടുവരുമെന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഇകൊമേഴ്‌സുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസുകള്‍, ഗെയിമിംഗ്, മീഡിയ, എന്റര്‍ടെയ്‌മെന്‍, നിര്‍മാണമേഖല തുടങ്ങിയ മേഖലകളിലും ആലിബാബ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Alibaba