ഭൂതവും ഭാവിയുമില്ലാത്ത വഴിത്താരകള്‍

ഭൂതവും ഭാവിയുമില്ലാത്ത വഴിത്താരകള്‍

നമ്മുടെ വഴികളില്‍ ഭൂതവും ഭാവിയുമില്ല. ഇപ്പോള്‍ ഈ നിമിഷത്തിനാണ് പ്രാധാന്യം. അതിലേക്കു ശ്രദ്ധ വരട്ടെ. ഭൂതകാലം നല്‍കുന്നത് അനുഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ തിരിച്ചറിവിനും വളര്‍ച്ചക്കുമുള്ള ആഴത്തിലുള്ള അനുഭവങ്ങള്‍.

 

സന്യാസിക്ക് അഗാധമായ അറിവുണ്ടായിരുന്നു. സന്യാസിയായിരുന്നെങ്കിലും തന്റെ ജ്ഞാനത്തില്‍ സ്വല്‍പ്പം അഹങ്കാരം അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം തനിച്ച് അപരിചിതമായ ഗ്രാമപാതയിലൂടെ കടന്നുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ എതിരെ ഒരാള്‍ നടന്നു വരുന്നുണ്ടായിരുന്നു. സന്യാസിയെ കണ്ട് തന്റെ കൈകള്‍ കൂപ്പി വന്ദനം പറഞ്ഞ് അയാള്‍ കടന്നു പോയി. താന്‍ കടന്നുപോന്ന പാതയിലൂടെ അയാള്‍ പിന്നിലേക്ക് സഞ്ചരിക്കുകയാണല്ലോ എന്ന് സന്യാസി പുഞ്ചിരിയോടെ ഓര്‍ത്തു.

താന്‍ മുന്നോട്ടും അയാള്‍ പിന്നോട്ടും! ആ ചിന്ത അദ്ദേഹത്തിന് രസകരമായി തോന്നി. സ്വയം ഒന്നുകൂടി വലുതായത് പോലെ. മനസില്‍ ചിരിച്ചുകൊണ്ട് സന്യാസി കാല്‍ മുന്നിലേക്ക് വെച്ചു. പെട്ടെന്ന് അദ്ദേഹം ഒന്ന് ഞെട്ടി. അയാള്‍ കടന്നുപോന്ന വഴിയിലൂടെയല്ലേ താന്‍ മുന്നോട്ട് പോകുന്നത്.

ആകെസംഭ്രമമായി. അയാളാണോ പിന്നിലേക്ക് നടക്കുന്നത്, അതോ താനാണോ?

താന്‍ പിന്നിട്ട പാതയിലൂടെ അയാള്‍ മുന്നോട്ട് നടക്കുന്നു. അയാള്‍ പിന്നിട്ട പാതയിലൂടെ താന്‍ മുന്നോട്ട് നടക്കുന്നു. ദിശകള്‍ വ്യത്യസ്തമെങ്കിലും യാത്രകള്‍ മുന്നോട്ട്തന്നെ. ആരും പിന്നിലേക്ക് നടക്കുന്നില്ല. സന്യാസി ഒന്ന് വിറച്ചു. മനസില്‍ നിന്നും എന്തോ അപ്രത്യക്ഷമായ പോലെ. അറിവിന്റെ ഭാരം ഒഴിഞ്ഞുപോയിരിക്കുന്നു.

സന്യാസി ആ നിമിഷം ബോധോദയം പ്രാപിച്ചു.

വഴികള്‍ക്ക് ഭൂതവും ഭാവിയുമില്ല. നാം കടന്ന്‌പോന്ന വഴികള്‍ നമ്മുടെ ഭൂതമല്ല. നാം നടക്കുവാന്‍ പോകുന്ന വഴികള്‍ നമ്മുടെ ഭാവിയുമല്ല. ജീവിതത്തില്‍ വര്‍ത്തമാനം മാത്രമേ ഉള്ളൂ. ഇപ്പോള്‍ ഈ നിമിഷമാണ് പ്രധാനം. ഭൂതത്തെ ചുമലില്‍ തൂക്കി മുടന്തി നീങ്ങേണ്ട ആവശ്യമേ നമുക്കില്ല. എന്തിന് ഭാവിയെപ്പറ്റി ഭയപ്പെട്ട് ചുവടുകള്‍ വെക്കണം.

നാം കടന്നുപോന്ന വഴികള്‍ എത്രയോ ആളുകള്‍ മുന്നേ കടന്നുപോന്നിട്ടുള്ളതാണ്. നാം ഇനി കടന്നുപോകാന്‍ പോകുന്നവ എത്രയോ ആളുകള്‍ മുന്നേ കടന്നുപോന്നിട്ടുള്ളതാണ്. ഒന്നും പുതിയതല്ല. എല്ലാം ആവര്‍ത്തനങ്ങള്‍ മാത്രം. വ്യക്തികള്‍ മാത്രം മാറുന്നു. അനുഭവങ്ങള്‍ വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. സന്ദര്‍ഭങ്ങളും ഇടപെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു ചലച്ചിത്രം തിരശീലയില്‍ ഓടിക്കൊണ്ടേയിരിക്കുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.

മനസ് ഈ നിമിഷാര്‍ദ്ധത്തിലാണോ, അതോ ഭൂതത്തില്‍ കുടുങ്ങിക്കിടക്കുകയാണോ? അല്ലെങ്കില്‍ അത് ഭാവിയില്‍ തൂങ്ങിയാടുകയാണോ? ഒരു പെന്‍ഡുലം പോലെ. സ്ഥിരതയില്ലാത്ത മനസ് ഒരു യാത്രയിലാണ്. അത് മുന്നിലേക്കും പിന്നിലേക്കും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതൊരിക്കലും ഈ സമയത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.

മനസ് എപ്പോഴും വിശകലനത്തിലാണ്. അത് സംഭവങ്ങളെ പിന്നിട്ട അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇനി വരാന്‍ പോകുന്നവയുമായി അതിനെ ബന്ധിപ്പിക്കുന്നു. മനസ് ഇപ്പോള്‍ നടക്കുന്ന വഴിയിലല്ല ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അത് എപ്പോഴും താരതമ്യം ചെയ്തുകൊണ്ടിരിക്കുന്നു. അത് സംഘര്‍ഷത്തിലാണ്. ഭൂതകാലത്തെ പഴിച്ചും ഭാവിയെക്കുറിച്ച് പേടിച്ചും നടക്കുന്ന ഒരു ജീവി.

എപ്പോള്‍ ഇത് അപ്രത്യക്ഷമാകുന്നുവോ അപ്പോള്‍ അവബോധം ഉണരുന്നു. അറിവിന്റെ നിറവെളിച്ചം കടന്നുവരുന്നു. നമ്മുടെ വഴികളില്‍ ഭൂതവും ഭാവിയുമില്ല. ഇപ്പോള്‍ ഈ നിമിഷത്തിനാണ് പ്രാധാന്യം. അതിലേക്കു ശ്രദ്ധ വരട്ടെ. ഭൂതകാലം നല്‍കുന്നത് അനുഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ തിരിച്ചറിവിനും വളര്‍ച്ചക്കുമുള്ള ആഴത്തിലുള്ള അനുഭവങ്ങള്‍. അത് നാം നേടിക്കഴിഞ്ഞു. ഇനി അതിലേക്ക് ശ്രദ്ധ ആവശ്യമേയില്ല. ഓരോ വഴിയും മുന്നോട്ടാണ്. പിന്നോട്ട് നടക്കേണ്ടുന്ന ഒരു വഴിയുമില്ല.

ഇപ്പോള്‍ ഈ നിമിഷം അത് മാത്രമാണ് യാഥാര്‍ത്ഥ്യം. ആ അവബോധത്തില്‍ ജീവിക്കുകയാണ് വെളിച്ചത്തിലേക്കുള്ള വഴി.

Comments

comments

Categories: FK News, Slider