ദക്ഷിണാഫ്രിക്കയില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ സിംഹകുട്ടികള്‍ ജനിച്ചു

ദക്ഷിണാഫ്രിക്കയില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ സിംഹകുട്ടികള്‍ ജനിച്ചു

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാന നഗരിയായ പ്രിട്ടോറിയയിലെ ഒരു സംരക്ഷണ കേന്ദ്രത്തില്‍ രണ്ട് സിംഹക്കുട്ടികള്‍ ഉത്സാഹത്തോടു കൂടി കളിക്കുന്നത് കാണുമ്പോള്‍, അതില്‍ അസാധാരണത്വം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പക്ഷേ രണ്ട് സിംഹക്കുട്ടികളും അസാധാരണത്വമുള്ളവയാണ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച ആദ്യ സിംഹക്കുട്ടികളാണ് ഇവ. ഒരുപക്ഷേ, ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ജനിച്ച ആദ്യ ജോഡികള്‍ കൂടിയായിരിക്കുമെന്നു യൂണിവേഴ്‌സിറ്റി ഓഫ് പ്രിട്ടോറിയയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. രണ്ട് സിംഹക്കുട്ടികളില്‍ ഒരെണ്ണം ആണും, രണ്ടാമത്തേത് പെണ്ണുമാണ്. ഈ വര്‍ഷം ഓഗസ്റ്റ് 25നാണ് ഇവ രണ്ടും ജനിച്ചത്. രണ്ട് സിംഹക്കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുകയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പ്രിട്ടോറിയയിലെ മാമല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ആന്ദ്രേ ഗാന്‍സ്‌വിന്‍ഡ് പറഞ്ഞു. തന്റെ കീഴിലുള്ള ഗവേഷക സംഘത്തിന്റെ ഏകദേശം ഒന്നര വര്‍ഷക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണു പരീക്ഷണം വിജയത്തിലെത്തിച്ചതെന്ന് ആന്ദ്രേ ഗാന്‍സ്‌വിന്‍ഡ് പറഞ്ഞു. പരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യമുള്ള ആണ്‍സിംഹത്തില്‍നിന്നും ബീജം ശേഖരിച്ചു. പിന്നീട് പെണ്‍സിംഹത്തിന്റെ ഹോര്‍മോണ്‍ ലെവല്‍ യോജ്യമാണെന്നു കണ്ടപ്പോള്‍ കൃത്രിമമായി ബീജസങ്കലനം നടത്തുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. ഈ പരീക്ഷണം ഇനിയും തുടരുമെന്ന് അദ്ദേഹം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന സിംഹത്തിന്റെ മറ്റ് വിഭാഗങ്ങളിലും ഈ പരീക്ഷണം ഗുണം ചെയ്യുമെന്നും ശാസ്ത്രലോകത്തിന് പ്രതീക്ഷയുണ്ട്. 26-ാളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സിംഹം വംശനാശ ഭീഷണി നേരിടുകയാണ്.

Comments

comments

Categories: World
Tags: Lion