പതിനായിരം പ്രീ-ബുക്കിംഗ് ആകര്‍ഷിച്ച് ഔഡി ഇ-ട്രോണ്‍

പതിനായിരം പ്രീ-ബുക്കിംഗ് ആകര്‍ഷിച്ച് ഔഡി ഇ-ട്രോണ്‍

ബെല്‍ജിയത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പില്‍ വിതരണം തുടങ്ങും

ന്യൂഡെല്‍ഹി : ഇലക്ട്രിക് കാറായ ഇ-ട്രോണ്‍ ഇതിനകം പതിനായിരത്തിലധികം പ്രീ-ഓര്‍ഡര്‍ കരസ്ഥമാക്കിയതായി ഔഡി. സെപ്റ്റംബര്‍ മൂന്നിന് ബെല്‍ജിയത്തില്‍ ഔഡി ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പില്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ വിപണിയിലേക്കായി 79,000 യൂറോയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 66 ലക്ഷം ഇന്ത്യന്‍ രൂപ.

മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ ഇലക്ട്രിക് കാറായ ഇക്യുസിയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അവതരിപ്പിച്ചതിനുപിറകേയാണ് ഔഡി ഇ-ട്രോണ്‍ വരുന്നത്. ഇക്യുസിയുടെ എതിരാളിയാണ് ഇ-ട്രോണ്‍. ഔഡി ക്യു5, ക്യു7 വാഹനങ്ങള്‍ക്കിടയിലായിരിക്കും ഇ-ട്രോണിന് സ്ഥാനം. 2019 അവസാനത്തോടെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഔഡി സ്ഥിരീകരിച്ചിട്ടുണ്ട്.

36 മൊഡ്യൂളുകളിലായി 432 സെല്ലുകളാണ് ഔഡി ഇ-ട്രോണിലെ മോട്ടോറുകള്‍ക്ക് കരുത്തേകുന്നത്. ഫ്‌ളോറിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സെല്ലുകള്‍ ആകെ 95 കിലോവാട്ട്അവര്‍ ഊര്‍ജ്ജം പകരും. രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കാണ് ബാറ്ററി ബാങ്ക് കരുത്തേകുന്നത്. 125 കിലോവാട്ട്അവര്‍ മോട്ടോര്‍ മുന്‍ ആക്‌സിലിലും 140 കിലോവാട്ട്അവര്‍ മോട്ടോര്‍ പിന്‍ ആക്‌സിലിലും സ്ഥാപിച്ചിരിക്കുന്നു.

ഇരു മോട്ടോറുകളും ചേര്‍ന്ന് ആകെ 355 ബിഎച്ച്പി കരുത്തും 561 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ ബൂസ്റ്റ് മോഡില്‍ പവര്‍ ഔട്ട്പുട്ട് 408 ബിഎച്ച്പി വരെ വര്‍ധിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. ബൂസ്റ്റ് മോഡില്‍ അല്ലെങ്കില്‍ 6.6 സെക്കന്‍ഡ് വേണം. ഔഡി എസ്‌യുവികളുടെ പ്രത്യേകതയായ ക്വാട്രോ (4 വീല്‍ ഡ്രൈവ് സിസ്റ്റം) സ്റ്റാന്‍ഡേഡായി നല്‍കും.

Comments

comments

Categories: Auto, Slider
Tags: Audi e trone