നിരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നിരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നിരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി. നാലു രാജ്യങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയതെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥലങ്ങള്‍, ആഭരണങ്ങള്‍, ഫ്‌ളാറ്റുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോങ്ങിലുള്ള 22.69 കോടിവിലമതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫ്‌ളാറ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്‌ളാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മാര്‍ച്ചില്‍ നിരവ് മോദിയുടെ 36 കോടിയോളം രൂപ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 2018 ജനുവരി ആദ്യവാരമാണ് ഇന്ത്യ വിട്ടത്. മോദി ഇപ്പോള്‍ ബ്രിട്ടനിലാണെന്നു കരുതപ്പെടുന്നു.

Comments

comments

Categories: Current Affairs