മാരുതിയുടെ പുതുവര്‍ഷ സമ്മാനമായി പുതിയ വാഗണ്‍ആര്‍ വരും

മാരുതിയുടെ പുതുവര്‍ഷ സമ്മാനമായി പുതിയ വാഗണ്‍ആര്‍ വരും

2019 തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി വാഗണ്‍ആര്‍ 2019 തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. സ്ലാബ് സൈഡ് ടാള്‍ ബോയ് ഡിസൈനിലായിരിക്കും വാഹനം തുടര്‍ന്നും വിപണിയിലെത്തുന്നത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള പുതിയ വാഗണ്‍ആര്‍ ഇതിനകം പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു. വാഹനത്തിനകത്ത് അവിശ്വസനീയമായ സ്ഥലസൗകര്യം മുമ്പത്തേപ്പോലെ പ്രതീക്ഷിക്കാം. ലഗേജ് സൂക്ഷിക്കാനും വേണ്ടുവോളം സ്ഥലം ഉണ്ടായിരിക്കും.

സുസുകിയുടെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കില്ല പുതിയ വാഗണ്‍ആര്‍ നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. 2019 തുടക്കത്തില്‍ പുറത്തിറക്കുമ്പോള്‍ ടാറ്റ ടിയാഗോ, റെനോ ക്വിഡ്, മാരുതിയുടെ തന്നെ സെലേറിയോ, പുതിയ ഹ്യുണ്ടായ് സാന്‍ട്രോ എന്നിവയായിരിക്കും എതിരാളികള്‍. പ്രതിമാസം പതിനെട്ടായിരം പുതിയ വാഗണ്‍ആര്‍ വില്‍ക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം.

പുതു തലമുറ വാഗണ്‍ആര്‍ നിലവില്‍ ജപ്പാനില്‍ വിറ്റുവരുന്നുണ്ട്. എന്നാല്‍ ഇന്ത്യാ സ്‌പെക് വാഗണ്‍ആര്‍ വ്യത്യസ്ത ലുക്കിലായിരിക്കും. മിതമായ സ്‌റ്റൈലിംഗോടുകൂടി താരതമ്യേന നീളമേറിയ ബോണറ്റ് ഒരുപക്ഷേ കണ്ടേക്കും. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഇവിടെ സൂക്ഷിക്കേണ്ടതായി വരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനും നല്‍കും.

പുതിയ വാഗണ്‍ആറിന്റെ ഓള്‍-ഇലക്ട്രിക് വേര്‍ഷന്‍ 2020 ല്‍ വിപണിയിലെത്തിക്കുമെന്ന് മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് പുതിയ വാഗണ്‍ആറില്‍ ഫീച്ചറുകള്‍ നിരവധിയായിരിക്കും. എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കും.

Comments

comments

Categories: Auto
Tags: Wagon R