കാല്‍നട യാത്രക്കാരുടെ കൊലയാളികളാകുന്ന ഇന്ത്യന്‍ റോഡുകള്‍

കാല്‍നട യാത്രക്കാരുടെ കൊലയാളികളാകുന്ന ഇന്ത്യന്‍ റോഡുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റോഡുകള്‍ കാല്‍നട യാത്രക്കാരുടെ കൊലയാളികളായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മരണപ്പെട്ട കാല്‍നട യാത്രക്കാരുടെ എണ്ണം 2014ലെ 12,330ല്‍ നിന്ന് 2017ല്‍ 20,457 ആയി മാറിയെന്ന് സര്‍ക്കാരിന്റെ ഡാറ്റ പറയുന്നു.66 ശതമാനം വര്‍ധനവ്. അതായത് പ്രതിദിനം മരണപ്പെടുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം 56 ആണ്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് സംബന്ധിച്ച് നയനിര്‍മാതാക്കളും അധികൃതരും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുന്നത്.

കാല്‍നട യാത്രക്കാരാണ് ഏറ്റവും അപകടകരമായ റോഡ് ഉപയോക്താക്കള്‍. സൈക്കിളും ഇരുചക്ര വാഹനങ്ങളും ഓടിക്കുന്നവരും ഈ വിഭാഗത്തില്‍ പെടുന്നു. 2017ല്‍ ഇരുചക്ര വാഹനമുപയോഗിച്ച 133 പേരും സൈക്കിള്‍ ഉപയോഗിച്ച 10 പേരുമാണ് പ്രതിദിനം റോഡ് അപകടം മൂലം കൊല്ലപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലാണ് ഏറ്റവും അധികം കാല്‍നട യാത്രക്കാര്‍ കൊല്ലപ്പെട്ടത്. 3507 പേര്‍. മഹാരാഷ്ട്രയില്‍ 1831 പേരും ആന്ധ്രാപ്രദേശില്‍ 1379 പേരും കൊല്ലപ്പെട്ടു.

ഇരുചക്ര വാഹനമോടിക്കുന്നവരുടെ മരണത്തിലും തമിഴ്‌നാടാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം 6329 പേരാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 5699 പേരും മഹാരാഷ്ട്രയില്‍ 4659 പേരും കൊല്ലപ്പെട്ടു.

നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനാലും കടകള്‍ സ്ഥാപിക്കുന്നതിനാലുമാണ് റോഡുകളിലൂടെ സഞ്ചരിക്കാന്‍ കാല്‍നട യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നതെന്ന് ഡാറ്റ പറയുന്നു.

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ നിരത്തിലോടുന്ന വാഹനങ്ങള്‍ക്ക് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 മുതല്‍ രാജ്യത്ത് പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും എബിഎസ് സംവിധാനം നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories
Tags: Indian Roads