സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് കര്‍ശന നിബന്ധനകള്‍ അവതരിപ്പിച്ചേക്കും

സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് കര്‍ശന നിബന്ധനകള്‍ അവതരിപ്പിച്ചേക്കും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിനെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്കാനും പദ്ധതി

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് ഭരണനിര്‍വഹണ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. വിവിധ കമ്പനികളില്‍ നിന്നും രാജിവച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പടെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ വെളിപ്പെടുത്തണമെന്നതടക്കമുള്ള നിബന്ധനകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ബന്ധപ്പെട്ട വൃത്തങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത ശേഷം ഡയറക്റ്റര്‍മാരുടെ വളിപ്പെടുത്തല്‍ മാനദണ്ഡങ്ങളില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കോര്‍പ്പറേറ്റ്കാര്യ വകുപ്പ് സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ് അറിയിച്ചു. കമ്പനീസ് ആക്റ്റിനു കീഴിലും വിവിധ കമ്മിറ്റികളുടെ ഭാഗമായും സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് ചില നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തവും (സിഎസ്ആര്‍) പ്രതിഫലവുമായി ബന്ധപ്പെട്ടതടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ ഇവര്‍ പാലിക്കണം. കോര്‍പ്പറേറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരുടെ പങ്ക് നിരീക്ഷിക്കാറുണ്ടെന്നും ഇന്‍ജെതി ശ്രീനിവാസ് പറഞ്ഞു.

ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരിക്കില്ല മാനദണ്ഡങ്ങള്‍ നടപ്പാക്കുകയെന്നും എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ അനുസരിച്ച് തീര്‍ത്തും ആവശ്യമായിട്ടുള്ള നടപടികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് കമ്പനികളില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരാകാനുള്ള അടിസ്ഥാന യോഗ്യതകള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നടത്തുന്നുണ്ട്. സ്വതന്ത്ര ഡയറക്റ്റര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 60 മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ കോഴ്‌സ് ഒരുക്കാനും സര്‍ക്കാര്‍ നോക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിനെ (ഐഐസിഎ) സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK News, Slider
Tags: Director