മൂന്നു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍

മൂന്നു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍

കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും. ഇതു കൂടാതെ പ്രാദേശികവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മുഖേന കൂടുതല്‍ പരിശീലന പരിപാടികളും നല്‍കുന്നുണ്ടെന്നും റാണി ജോര്‍ജ്ജ്

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്തരവാദിത്ത ടൂറിസം വഴി 5 ലക്ഷം തൊഴിലവസരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ടൂറിസം: സാമ്പത്തിക പുരോഗതിയുടെ പ്രവര്‍ത്തനയന്ത്രം(ടൂറിസം ആന്‍ എന്‍ജിന്‍ ഫോര്‍ എക്കണോമിക് പ്രോസ്പിരിറ്റി) എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചാ വിഷയം. ടൂറിസം സെക്രട്ടറിയെ കൂടാതെ ഐടിസി ഫോര്‍ച്ച്യൂണ്‍ ഹോട്ടെല്‍സ് എംഡി സമീര്‍ എംസി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസ്, കെടിഎം മുന്‍ പ്രസിഡന്റുമാരായിരുന്ന റിയാസ് അഹമ്മദ്, ഇ എം നജീബ്, ഏബ്രഹാം ജോര്‍ജ്ജ് എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

15 ലക്ഷം തൊഴിലവസരമാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായം നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വരവിനു ശേഷം തൊഴിലവസരങ്ങള്‍ ഏറെ കൂടിയിട്ടുണ്ട്. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും. ഇതു കൂടാതെ പ്രാദേശികവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മുഖേന കൂടുതല്‍ പരിശീലന പരിപാടികളും നല്‍കുന്നുണ്ടെന്നും റാണി ജോര്‍ജ്ജ് പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയില്‍ സംസ്ഥാനത്തുണ്ടായതെന്ന് അവര്‍ പറഞ്ഞു. കേവലം ഒരു മാസത്തിനുള്ളില്‍ ടൂറിസം കേന്ദ്രങ്ങളെല്ലാം സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമായി. ടൂറിസം റെഡിനെസ് സര്‍വേയിലൂടെയാണ് ഇത് സാധിച്ചത്. ദുരന്തത്തെക്കുറിച്ച് മറച്ച് വയ്ക്കാതെ ‘ഇറ്റ്‌സ് ടൈം ഫോര്‍ കേരള’ എന്ന ആഹ്വാനവുമായി അതിജീവിക്കാനാണ് സംസ്ഥാനം തീരുമാനിച്ചതെന്നും റാണി ജോര്‍ജ്ജ് പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലില്ലാതിരുന്ന രാജ്യങ്ങളാണ് ഇന്ന് ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ഇ എം നജീബ് ചൂണ്ടിക്കാട്ടി. ലോകത്തിലെ മറ്റ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുമെടുത്താലും ഇന്ത്യയിലുള്ളയത്രയും വൈവിദ്ധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ കാണില്ല. 2 കോടി വിദേശ ടൂറിസ്റ്റുകള്‍ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്ന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ടൂറിസം സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന സമീര്‍ എം സി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും പുരോഗതി ആവശ്യമാണ്. കേരളത്തിലെ ടൂറിസം മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിത സമയത്ത് കേരളത്തിലെ മാധ്യമങ്ങള്‍ ടൂറിസ്റ്റുകളെ രക്ഷിച്ചതിനെക്കുറിച്ചാണ് പ്രധാനവാര്‍ത്ത നല്‍കിയതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസ് പറഞ്ഞു. ഓരോ ടൂറിസം കേന്ദ്രത്തെയും വാര്‍ത്താ പ്രാധാന്യത്തോടു കൂടി വിപണനം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയി യുടെ സന്ദര്‍ശനം കൊണ്ട് കുമരകത്തെ ലോക പ്രശസ്ത ടൂറിസം കേന്ദ്രമാക്കി മാറ്റിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ മിടുക്കായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയദുരിതത്തില്‍ ഒരു ടൂറിസ്റ്റ് പോലും അകപ്പെട്ടു പോയില്ലെന്നത് ഈ മേഖലയുടെ കഴിവായി അംഗീകരിക്കണമെന്ന് ഇ എം നജീബ് പറഞ്ഞു. ദുരിതാശ്വാസത്തിനായി എല്ലാ അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ സംവിധാനത്തില്‍ വിട്ടു കൊടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയദുരിതത്തില്‍ നിന്നും കേരളം നടത്തിയ അതിജീവനത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശികളടക്കമുള്ള ശ്രോതാക്കള്‍ പ്രശംസിച്ചു.
…………………..

15 ലക്ഷം തൊഴിലവസരമാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായം നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വരവിനു ശേഷം തൊഴിലവസരങ്ങള്‍ ഏറെ കൂടിയിട്ടുണ്ട്

Comments

comments

Categories: FK News
Tags: Tourism