കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ധന

കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ധന

ബെംഗളൂരു: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ചു മാസം (ഏപ്രില്‍-ഓഗസ്റ്റ്) ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍. വിദേശ വിപണിയില്‍ ബസുമതി അരി, പോത്തിറച്ചി തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ആവശ്യകതയാണ് ഈ കാലയളവില്‍ അനുഭവപ്പെട്ടത്. രൂപയുടെ മൂല്യ തകര്‍ച്ചയും കയറ്റുമതി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകളനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ മൊത്ത കാര്‍ഷികോല്‍പ്പന്ന കയറ്റുമതി 7.7 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബസുമതി അരിയാണ് ഇന്ത്യയില്‍ നിന്ന് വിദേശ വിപണിയിലെത്തുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് ബില്യണ്‍ ഡോളറിന്റെ ബസുമതി അരിയാണ് ഇക്കാലയളവില്‍ ഇന്ത്യ കയറ്റുമതി ചെയ്തത്. 8.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 26.3 ശതമാനമാണ് ബസുമതി അരിയുടെ പങ്കാളിത്തം. ഇറാനാണ് ഇന്ത്യന്‍ ബസുമതി അരിയുടെ ഏറ്റവും വലിയ ആവശ്യക്കാര്‍. ഏപ്രില്‍-ഓഗസ്റ്റ് മാസത്തില്‍ നടന്ന ബസുമതി അരി കയറ്റുമതിയുടെ 36 ശതമാനവും ഇറാനിലേക്കായിരുന്നു. സൗദി അറേബ്യയും ഇറാഖുമാണ് ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

പോത്തിറച്ചിയാണ് ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ കാര്‍ഷികോല്‍പ്പന്നം. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി മൂല്യത്തില്‍ വര്‍ധനവുണ്ടായെങ്കിലും ഷിപ്‌മെന്റ് ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ അളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറവു സംഭവിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം 5.03 ലക്ഷം ടണ്‍ നടന്ന കയറ്റുമതി ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് മാസം കുറഞ്ഞ് 4.99 ലക്ഷം ടണിലെത്തി. കയറ്റുമതിയില്‍ നിന്ന ലഭിക്കുന്ന 20 ശതമാനം വരുമാനവും പോത്തിറച്ചി ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് രാജ്യം നേടുന്നത്. വിയറ്റ്‌നാമാണ് ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഇക്കാലയളവില്‍ നടന്ന ആകെ കയറ്റുമതിയില്‍ 50.6 ശതമാനത്തോളമാണ് വിയറ്റ്‌നാം വിപണിയിലേക്കെത്തിയത്. മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ വിയറ്റ്‌നാമിനു തൊട്ടു പിന്നിലുള്ളത്.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബസുമതി ഇതര അരിയിനങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യകത കുറയുന്ന കാഴ്ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം കണ്ടത്. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഈ വിഭാഗത്തിലെ കയറ്റുമതി 3.4 മെട്രിക് ടണില്‍ നിന്ന് കുറഞ്ഞ് 3.17 മെട്രിക് ടണില്‍ എത്തിയിരുന്നു. അതുപോലെ മുന്‍വര്‍ഷം സമാന കാലയളവില്‍ 1.382 ബില്യണ്‍ ഡോളര്‍ നേടിയ സ്ഥാനത്ത്് 1.31 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം ബസുമതി ഇതര അരിയിനങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്. യഥാക്രമം ബംഗ്ലാദേശ്, സെനെഗാള്‍, നേപ്പാള്‍ രാജ്യങ്ങളാണ് ഇക്കാലയളവില്‍ ഇറക്കുമതിയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അരിയുടെ ഏറ്റവും വലിയ ആവശ്യക്കാരായ ചൈന ആദ്യമായി ഇന്ത്യയില്‍ നിന്ന് ബസുമതി ഇതര അരി വാങ്ങി വാങ്ങിയ ചരിത്രത്തിനും കഴിഞ്ഞ ആഴ്ച്ച വിപണി സാക്ഷ്യം വഹിച്ചിരുന്നു.

സംസ്‌കരിച്ച പച്ചക്കറികള്‍, ഗര്‍ഗം ( ബീന്‍സില്‍ നിന്നും വേര്‍തിരിക്കുന്ന ഉല്‍പ്പന്നം), പയര്‍വര്‍ഗങ്ങള്‍ നിലക്കടല, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍-ഓഗസ്റ്റ് പയര്‍വര്‍ഗങ്ങളുടെ ഷിപ്പ്‌മെന്റ് ഇരട്ടിയായി വര്‍ധിച്ച് 1.44 ലക്ഷം ടണിലെത്തി. മുന്‍ വര്‍ഷം 66,687 ടണാണ് കയറ്റുമതി നടത്തിയത്. കയറ്റുമതി മൂല്യമാകട്ടെ മുന്‍ വര്‍ഷത്തില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 131 ദശലക്ഷം ഡോളറാകുകയും ചെയ്തു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലത്ത് 39,102 ടണിന്റെ കയറ്റുമതി നടത്തിയ സ്ഥാനത്ത് ഈ വര്‍ഷം സമാന കാലയളവില്‍ 50,000 ടണ്‍ കയറ്റുമതിയിലൂടെ 957 കോടിയാണ് രാജ്യം നേടിയത്. 194 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 2.01 ലക്ഷം ടണ്‍ നിലക്കടലയാണ് ഈ സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെ ഇന്ത്യ കയറ്റുമതി ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഇതേ സമയം 1.57 ലക്ഷം ടണ്‍ കയറ്റുമതി ചെയ്തുകൊണ്ട് 184 ദശലക്ഷം ഡോളറാണ് രാജ്യം സമ്പാദിച്ചത്. എണ്ണക്കുരുക്കളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്കു നഷ്ടം നേരിട്ടിട്ടുണ്ട്. മുന്‍ വര്‍ഷം ഒരു ടണിന് 1,167 ഡോളര്‍ ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം ഒരു ടണിന് 962 ഡോളറാണ് ഇന്ത്യന്‍ എണ്ണക്കുരുകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ലഭിച്ചത്.

Comments

comments

Categories: Business & Economy

Related Articles