‘ഫ്രീമിയം’ ബിസിനസ് മാതൃക ജിയോക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്

‘ഫ്രീമിയം’ ബിസിനസ് മാതൃക ജിയോക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സൗജന്യ സേവനങ്ങള്‍ ഒരു പരിധി വരെ അവസാനിപ്പിച്ച് ഭാവിയില്‍ ‘ഫ്രീമിയം’ മാതൃകയിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നത് ടെലികോം കമ്പനിയായ ജിയോക്ക് വെല്ലുവിളിയാകുമെന്ന് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ് സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ റിപ്പോര്‍ട്ട്. അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി നല്‍കുകയും കൂടുതല്‍ നൂതനമായ ഫീച്ചറുകള്‍ ലഭിക്കുന്നതിന് പണം ഇടാക്കുകയും ചെയ്യുന്നതാണ് ‘ഫ്രീമിയം’ രീതി. പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരാകാനും ഉപഭോക്താക്കളില്‍ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ഭാവി വളര്‍ച്ചക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സൗജന്യ വിനോദ ആപ്ലിക്കേഷനുകളാണ് നിലവില്‍ റിലയന്‍സ് ജിയോ ഉപയോഗിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്കു വേണ്ടി പണം നല്‍കാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സന്നദ്ധത വളരെ കുറവാണെന്ന് സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ ചെലവിലുള്ള വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ക്കുമപ്പുറത്തേക്ക് വളരാനും എതിരാളികളായ ഓപ്പറേറ്റര്‍മാരില്‍ നിന്നും വരിക്കാരെ പിടിച്ചെടുക്കാനും നിലനിര്‍ത്താനും കമ്പനിയെ സഹായിക്കുന്നതും സൗജന്യ വിനോദ ആപ്ലിക്കേഷനുകളുടെ വിശാലമായ ശ്രേണിയാണെന്ന് സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ വയര്‍ലസ് മീഡിയ സ്ട്രാറ്റജീസില്‍ വിശകലന വിദഗ്ധനായ ബ്രിസ് ലോംഗ്നോസ് പറഞ്ഞു. തങ്ങളുടെ മ്യൂസിക് ആപ്പ് ആയ ജിയോ മ്യൂസിക്കിനെ കമ്പനി അടുത്തിടെ ഡിജിറ്റല്‍ മ്യൂസിക് പ്രൊവൈഡറായ സാവനുമായി ലയിപ്പിച്ചിരുന്നു. കൂടാതെ ഇറോസ് ഇന്റര്‍നാഷണലിന്റെ വീഡിയോ പ്ലാറ്റ്‌ഫോമുമായി സഹകരിക്കാനും ജിയോ ബ്രാന്‍ഡഡ് ആപ്പുകളില്‍ ഉള്ളടക്കങ്ങള്‍ വികസിപ്പിക്കാന്‍ റോയ് കപൂര്‍ ഫിലിംസുമായി ബഹുവര്‍ഷ കരാറില്‍ ഒപ്പു വെക്കാനും തയാറായി.

”വിനോദ ബിസിനസ് ഭാവിയില്‍ വരുമാനം കൊണ്ടുവരുമെന്നാ റിലയന്‍സ് ജിയോയുടെ പ്രതീക്ഷ. ഫ്രീമിയം ആയാലും പരസ്യത്താല്‍ പിന്തുണക്കപ്പെടുന്ന ബിസിനസ് മാതൃക ആയാലും, വിവിധ ഉള്ളടക്കങ്ങള്‍ക്കായി പണം നല്‍കാനുള്ള ഉപഭോക്താക്കളുടെ സന്നദ്ധതയും ആവശ്യകതയും ജിയോ ഉള്‍പ്പടെയുള്ള ഉള്ളടക്ക വിതരണക്കാര്‍ വിലയിരുത്തണം. ഫ്രീയില്‍ നിന്നും ഫ്രീമിയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഇത്തരമൊരു വിലയിരുത്തല്‍ അത്യാവശ്യമാണ്,” സ്ട്രാറ്റജി അനലിറ്റിക്‌സിലെ വയര്‍ലസ് മീഡിയ വിഭാഗം ഡയറക്റ്റര്‍ നിതേഷ് പട്ടേല്‍ പറഞ്ഞു.

Comments

comments

Categories: Tech
Tags: Jio