പ്രമോട്ടര്‍മാരുടെ ഓഹരികള്‍ പടിപടിയായി കുറക്കുമെന്ന് ബന്ധന്‍ ബാങ്ക്

പ്രമോട്ടര്‍മാരുടെ ഓഹരികള്‍ പടിപടിയായി കുറക്കുമെന്ന് ബന്ധന്‍ ബാങ്ക്

ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് ബാങ്കില്‍ ഉള്ളത് 82.28 ശതമാനം ഓഹരികള്‍; ഇത് 40 ശതമാനത്തിന് താഴെയാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

 

കൊല്‍ക്കത്ത: തന്ത്രപരമായ ഏറ്റെടുപ്പുകളിലൂടെ പ്രമോട്ടര്‍മാരുടെ ഓഹരികള്‍ പടിപടിയായി കുറക്കാന്‍ നീക്കമിട്ട് ബന്ധന്‍ ബാങ്ക്. പ്രമോട്ടര്‍മാരുടെ ഓഹരികള്‍ 40 ശതമാനത്തിനു താഴെയാക്കി കുറക്കണം എന്ന ആര്‍ബിഐ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ വാഷയത്തില്‍ ബാങ്കിന്റെ മെല്ലെപ്പോക്കില്‍ നിക്ഷേപകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, യോഗ്യരായ വിദേശ നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവരാണ് നിലവില്‍ ബന്ധന്‍ ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്.

ഓഹരി വില്‍ക്കാനുള്ള കൃത്രിമമായ മാര്‍ഗത്തിലൂടെ അതിവേഗം നീങ്ങിയില്ലെങ്കില്‍, പ്രമോട്ടര്‍മാര്‍ തങ്ങളുടെ ഓഹരികള്‍ നേരിട്ട് ദ്വിതീയ വിപണിയില്‍ വില്‍ക്കുമെന്ന് ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കിയെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്രമോട്ടര്‍മാരുടെ ഓഹരികള്‍ സ്വയമേവ കുറക്കുന്ന രീതിയില്‍ മറ്റൊരു സ്ഥാപനത്തെ ഏറ്റെടുക്കുക എന്നതാണ് പോംവഴി.

സ്വതന്ത്രമായി ശാഖകള്‍ ആരംഭിക്കുന്നതില്‍ നിന്നും ആര്‍ബിഐ കഴിഞ്ഞ ദിവസം ബന്ധന്‍ ബാങ്കിനെ വിലക്കിയിരുന്നു. സ്ഥാപക മാനേജിംഗ് ഡയറക്റ്ററായ ചന്ദ്രശേഖര്‍ ഘോഷിന് നിലവിലെ പദവിയില്‍ ശമ്പളം നല്‍കുന്നതും കേന്ദ്ര ബാങ്ക് മരവിപ്പിച്ചു. ശാഖാ വിപുലീകരണത്തിന് മുന്നോടിയായി അനുമതി വാങ്ങണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ക്കു കീഴില്‍ നോണ്‍ ഓപ്പറേറ്റീവ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ (എന്‍ഒഎഫ്എച്ച്‌സി) ഓഹരി 40 ശതമാനമാക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടിരുന്നു. 2015 ഓഗസ്റ്റില്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക് 2018 മാര്‍ച്ചിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് 82.28 ശതമാനം ഓഹരികളാണ് ബാങ്കില്‍ ഉള്ളത്. ഇത് 40 ശതമാനമാക്കി കുറക്കേണ്ടതുണ്ട്. ഓഗസ്റ്റ് 22 ആണ് ഇതിനുള്ള അവസാന തിയതി. 16 മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി ബാങ്കില്‍ 3.17 ശതമാനം ഓഹരികള്‍ ഉണ്ട്. എട്ട് തദ്ദേശീയ സ്ഥാപനങ്ങള്‍ 0.32 ശതമാനം ഓഹരികളും 98 വിദേശ നിക്ഷേപകര്‍ 5.24 ശതമാനം ഓഹരികളും കയ്യാളുന്നു. നിലവില്‍ 937 ശാഖകളാണ് ബന്ധന്‍ ബാങ്കിനുള്ളത്. 2,764 ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് സെന്ററുകളും 476 എടിഎമ്മുകളും ബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നു.

Comments

comments