അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ പകരം സംവിധാനമൊരുക്കിയിരുന്നു

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ പകരം സംവിധാനമൊരുക്കിയിരുന്നു

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ കഴിഞ്ഞ മാസം 21ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ നേവിയിലെ 46-കാരനായൊരു ക്യാപ്റ്റന്‍ പകരം സംവിധാനം (പ്ലാന്‍-ബി) ഒരുക്കിയിരുന്നെന്ന് റിപ്പോര്‍ട്ട്. പേരു വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ക്യാപ്റ്റന്‍, ഇന്ത്യയുടെ പശ്ചിമ കമാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറൈന്‍ കമാന്‍ഡോസ് (MARCOS) എന്ന യൂണിറ്റിനു നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ്. നാവികന്‍ മാത്രമല്ല, ഉയര്‍ന്ന യോഗ്യതയുള്ള സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപറേറ്റര്‍ കൂടിയാണ് 46-കാരനായ ഈ ക്യാപ്റ്റന്‍.
സെപ്റ്റംബര്‍ 21ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ചായിരുന്നു അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റിലും, തിരമാലയിലും ഉള്‍പ്പെട്ട് തുരിയ എന്ന പായ് വഞ്ചി തകര്‍ന്നു. വഞ്ചിയില്‍ നാട്ടിയിരുന്ന പായ് മരം ഒടിഞ്ഞു വീണ് അഭിലാഷ് ടോമിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അഭിലാഷ് ടോമി രക്ഷിക്കണമെന്ന് സൂചിപ്പിച്ചു കൊണ്ടു സന്ദേശം അയച്ചത്. എന്നാല്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയിലേക്ക് അടുക്കാന്‍ പറ്റാത്ത വിധം മോശമായിരുന്നു കാലാവസ്ഥ. അപകടം സംഭവിച്ച് ഏകദേശം 18 മണിക്കൂറുകളോളം കഴിഞ്ഞപ്പോഴായിരുന്നു ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍, പ്രതികൂല കാലാവസ്ഥയോ മറ്റ് തടസങ്ങളോ കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ തടസം നേരിടുകയാണെങ്കില്‍, അപകടം നടന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എയര്‍ഫോഴ്‌സ് സി-17 വിമാനത്തില്‍ മൂന്ന് കമാന്‍ഡോകളുമായി പറന്ന് ചെന്ന് രക്ഷപ്പെടുത്താനായിരുന്നു ക്യാപ്റ്റന്‍ പദ്ധതിയിട്ടത്. അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചിയുടെ സമീപത്തേയ്ക്കു പാരച്ച്യൂട്ടില്‍ പറന്നിറങ്ങിയതിനു ശേഷം രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. വെള്ളത്തിലും, കരയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കെല്‍പ്പുള്ള സ്്കൈ ഡൈവേഴ്‌സായിരുന്നു ദൗത്യത്തിനു തയാറെടുത്ത കമാന്‍ഡോകള്‍.

Comments

comments

Categories: FK News