കണക്റ്റഡ് കാറുകള്‍ക്കായി മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് വോക്‌സ്‌വാഗണ്‍

കണക്റ്റഡ് കാറുകള്‍ക്കായി മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് വോക്‌സ്‌വാഗണ്‍

ബെര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ വോക്‌സ്‌വാഗണ്‍ യുഎസ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തു. ക്ലൗഡ് സാങ്കേതികവിദ്യയില്‍ മൈക്രോസോഫ്റ്റിനുള്ള വൈദഗ്ധ്യം കണക്റ്റഡ് കാറുകളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്.

കരാറിന്റെ ഭാഗമായി ഇരു കമ്പനികളും ചേര്‍ന്ന് ‘വോക്‌സ്‌വാഗണ്‍ ഓട്ടോമോട്ടീവ് ക്ലൗഡ്’ വികസിപ്പിക്കും. ഭാവിയില്‍ വോക്‌സ്‌വാഗണിന്റെ എല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും മൊബിലിറ്റി സംവിധാനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് വോക്‌സ്‌വാഗണ്‍ ഓട്ടോമോട്ടീവ് ക്ലൗഡ് വികസിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് സര്‍വീസ് ആയ അസൂറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൊബീല്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) ഹബ്ബ് ആയി ഭാവിയില്‍ വോക്‌സ്‌വാഗണ്‍ കാറുകള്‍ മാറുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

മൈക്രോസോഫ്റ്റുമായുള്ള തന്ത്രപരമായ പങ്കാളിത്തം കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് വോക്‌സ്‌വാഗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹെര്‍ബട്ട് ഡീസ് പറഞ്ഞു. വോക്‌സ്‌വാഗണ്‍ ഓട്ടോമോട്ടീവ് ക്ലൗഡിലൂടെ വാഹനങ്ങള്‍ക്കിടയിലെ ഇന്റര്‍കണക്ഷന്‍ സൗകര്യം മെച്ചപ്പെടുത്താനും എല്ലാ ബ്രാന്‍ഡുകളിലുമുള്ള ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. 2020ഓടെ വോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിലുള്ള അഞ്ച് മില്യണിലധികം പുതിയ വാഹനങ്ങള്‍ പൂര്‍ണമായും കണക്റ്റഡ് ആകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ഇന്നോവൊറ്റീവ് ആയിട്ടുള്ള പുതിയ കണക്റ്റഡ് കാര്‍ സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും വോക്‌സ്‌വാഗണ്‍ തങ്ങളുടെ ാങ്കേതികവിദ്യ സംയോജിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. ഇത്തരമൊരു പങ്കാളിത്തത്തിന് വോക്‌സ്‌വാഗണ്‍ മൈക്രോസോഫ്റ്റിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒരുമിച്ച് നിന്നുകൊണ്ട് തങ്ങള്‍ ജനങ്ങള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്നും നാദെല്ല പറഞ്ഞു.

Comments

comments

Categories: Auto, Slider