എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവുമായി എസ്ബിഐ

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണവുമായി എസ്ബിഐ

മുംബൈ: പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)വെട്ടിക്കുറച്ചു. മാസ്‌ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. നേരത്തെ 40,000 രൂപയായിരുന്നു ദിവസേനെ എടിഎമ്മുകളിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക. സാഘാരണക്കാര്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാവുക. ഒക്ടോബര്‍ 31 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

മറ്റ് കാര്‍ഡുകളായ സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയ്ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. സൗജന്യമായി എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള പരിധി അഞ്ച് തവണ തന്നെയായി തുടരും. ഇത് മൂന്നാക്കി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ധനകാര്യ മന്ത്രാലയം ഇതുവരേക്കും അനുമതി നല്‍കിയിട്ടില്ല.

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ നടപടിയെന്നാണ് എസ്ബിഐ നല്‍കിയിരിക്കുന്ന വിശദീകരണം. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലോടെ എടിഎം ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായതായും എസ്ബിഐ പറയുന്നു.

Comments

comments

Categories: FK News, Trending