സര്‍വകലാശാലകള്‍ ഇന്നൊവേഷന് പ്രാധാന്യം നല്‍കണം : പ്രധാനമന്ത്രി

സര്‍വകലാശാലകള്‍ ഇന്നൊവേഷന് പ്രാധാന്യം നല്‍കണം : പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജ്ഞാനം നല്‍കുന്നതിനൊപ്പം ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കണമെന്നും ഇന്നൊവേഷനില്ലാത്ത ജീവിതം വലിയ ഭാരമായി തീരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കോണ്‍ഫറന്‍സ് ഓണ്‍ അക്കാഡമിക് ലീഡര്‍ഷിപ്പ് ഓണ്‍ എജുക്കേഷന്‍ ഫോര്‍ റീസര്‍ജന്‍സ്’ പരിപാടിയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സമ്പൂര്‍ണമായ വിദ്യാഭ്യാസം ആവശ്യമാണ്. വിജ്ഞാനവും വിദ്യാഭ്യാസവും പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യന്റെ എല്ലാ തലങ്ങളിലെയും സന്തുലിതമായ വളര്‍ച്ചയെ സഹായിക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇന്നൊവേഷന്‍ കൂടാതെ നേടാനാകില്ല. ഇന്നൊവേഷന്റെ അഭാവത്തില്‍ ജീവിതം കഠിനമായി തീരുന്നതാണ്. നമ്മുടെ പൈതൃക സര്‍വകലാശാലകളായിരുന്ന തക്ഷശില, നളന്ദ, വിക്രമശില എന്നിവ വിജ്ഞാനത്തിനൊപ്പം ഇന്നൊവേഷനും വലിയ പ്രധാന്യം നല്‍കിയിരുന്നു- പ്രധാനമന്ത്രി പറഞ്ഞു

ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സര്‍വകലാശാലകളും കോളെജുകളും ശ്രമിക്കണം. ഒരു രാജ്യത്തിനും വ്യക്തിക്കും ഒറ്റപ്പെട്ട് ജീവിതം നയിക്കാനാവില്ല ഇന്നൊവേഷനും ഇന്‍ക്യുബേഷനും സാധ്യമാക്കികൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കേണ്ടതും ആവശ്യമാണ്. ക്ലാസ്‌റൂമുകളില്‍ നേടുന്ന വിജ്ഞാനം രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യക്തിത്വ രൂപീകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി അംബേദ്ക്കര്‍, ഡീന്‍ ദയാല്‍ ഉപാദ്ധ്യായ, രാം മനോഹര്‍ ലോഹ്യ എന്നിവര്‍ എപ്പോഴും സാക്ഷരതയിലൂടെയുള്ള വ്യക്തിത്വ രൂപീകരണത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞിരുന്നതായും സ്വാമി വിവേകാനന്ദന്‍ സമ്പൂര്‍ണമായ വിദ്യാഭ്യാസമാണ് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളതായും ചൂണ്ടിക്കാട്ടി. സമൂഹത്തിനായി നല്ല അധ്യാപകരെ തയ്യാറാക്കുകയെന്നതും പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ജീവിതം സുഗമമാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ വ്യാപനത്തിനും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ദൗത്യം വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണം. ഇന്ത്യ എന്ന ബ്രാന്‍ഡിന് ആഗോളതലത്തില്‍ അസ്തിത്വം നല്‍കാന്‍ യുവതലമുറയ്ക്കു കഴിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനം നേരിടുന്ന വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യാനും വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി ഈ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ലക്ഷ്യമിട്ട് നടന്ന സമ്മേളനത്തില്‍ രാജ്യത്തെ 350 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വൈസ് ചാന്‍സിലര്‍മാരും ഡയറക്റ്റര്‍മാരും പങ്കെടുത്തു. പഠിതാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസം. വ്യക്തിപരമായ പഠനത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തല്‍, ഗവേഷണ പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയോജിത പ്രവര്‍ത്തനം സാധ്യമാക്കുക, ആഗോളതലത്തിലെ മൂല്യങ്ങളും മുന്നോട്ടുള്ള ജീവിതത്തിനുവേണ്ട നൈപുണ്യവും നല്‍കി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

യുജിസി, എഐസിടിഇ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്ട്, ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ശ്രീഗുരു ഗോബിന്ദ് സിംഗ് ട്രൈസെന്റിനറി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

Comments

comments