35 മൊബീല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

35 മൊബീല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന 35 മെഷീന്‍ ഘടകങ്ങളുടെ അടിസ്ഥാന ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. രാജ്യത്ത് മൊബീല്‍ ഫോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം.

പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി) കോട്ടിംഗ് മെഷീന്‍, പിസിബി അസംബ്ലി ലോഡര്‍ എന്നിവ അടക്കമുള്ള 35 ഉല്‍പ്പന്നങ്ങളെയാണ് ഇറക്കുമതി തീരുവയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററി, സ്പീക്കര്‍, റെസീവര്‍, ഡാറ്റ കേബിള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ തുടങ്ങിയ മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളാണിവ. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വ്യവസായ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ)പ്രശംസിച്ചു.
പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതിക്കാവശ്യമായ എച്ച്എസ് കോഡ് ഉണ്ടെന്നും ഇവയുടെ കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ വേഗത്തിലാക്കുമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 7.5 ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന അടിസ്ഥാന തീരുവ.

ഇറക്കുമതിക്ക് സംയോജിത ജിഎസ്ടി ബാധകമാണെന്നും ഐസിഇഎ ദേശീയ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രു പറഞ്ഞു. തീരുവ പരിഷ്‌കരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം രാജ്യത്ത് മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഫേസ്ഡ് മാനുഫാക്ച്ചറിംഗ് പ്രോഗ്രാമിന്റെ (പിഎംപി) ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊബീല്‍ ഫോണില്‍ ഉപയോഗിക്കുന്ന കംപോണന്റുകളുടെ തദ്ദേശീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഫേസ്ഡ് മാനുഫാക്ച്ചറിംഗ് പ്രോഗ്രാം.

Comments

comments