സെപ്റ്റംബറിലെ എഫ്പിഐ പിന്‍വലിക്കല്‍ നാലുമാസത്തെ ഉയര്‍ച്ചയില്‍

സെപ്റ്റംബറിലെ എഫ്പിഐ പിന്‍വലിക്കല്‍ നാലുമാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പുറത്തേക്കൊഴുക്കിയത് 210 ബില്യണ്‍ രൂപ. ആഗോള വ്യാപാര, സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതുമാണ് നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പിന്‍വലിക്കലിലേക്ക് എഫ്പിഐകളെ നയിച്ചത്.

ഓഗസ്റ്റില്‍ 52 ബില്യണ്‍ രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ മൂലധന വിപണിയില്‍ നടത്തിയിരുന്നത്. ജൂലൈയില്‍ 23 ബില്യണ്‍ രൂപയായിരുന്നു അറ്റ എഫ്പിഐ നിക്ഷേപം. ഇതിനു മുമ്പ് ഏപ്രില്‍ജൂണ്‍ മാസക്കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 610 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കല്‍ എഫ്പിഐകള്‍ നടത്തിയിട്ടുണ്ട്.

പുതിയ ഡോപ്പോസിറ്ററി ഡാറ്റ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 108.25 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഇക്വിറ്റിയിലും 101.98 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഡെറ്റ് വിപണിയിലും നടത്തി. മൊത്തം 210.23 ബില്യണ്‍ രൂപയുടെ പുറത്തേക്കൊഴുക്കാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ എഫ്പിഐ പിന്‍വലിക്കലാണിത്. മേയില്‍ 297.75 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കലാണ് നടന്നത്.

അടുത്തകാലത്തായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് ആശങ്കയും അനിശ്ചിതത്വവും ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള വ്യാപാര, സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം വര്‍ധിച്ച എണ്ണ വില, രൂപയുടെ മൂല്യത്തകര്‍ച്ച, വര്‍ധിക്കുന്ന കറന്റ് എക്കൗണ്ട് കമ്മി, ധനക്കമ്മി ലക്ഷ്യം പാലിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പ്രാപ്തി സംബന്ധിച്ച അവ്യക്തത, പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് ജിഎസ്ടി ശേഖരണം തുടങ്ങിയ ആശങ്കകളും സെപ്റ്റംബറില്‍ വലിയ തോതിലുള്ള നിക്ഷേപം പിന്‍വലിക്കലിന് കാരണമായെന്ന് മോണിംഗ്സ്റ്റാറിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ശ്രീവാസ്തവ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 130 ബില്യണ്‍ രൂപയില്‍ കൂടുതല്‍ ഇക്വിറ്റികളില്‍ നിന്നും 480 ബില്യണ്‍ രൂപയിലധികം ഡെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: FPI