ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് പുറത്തേക്ക്

ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് പുറത്തേക്ക്

വാഷിംഗ്ടണ്‍: ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ തലപ്പത്ത് നിന്നും ഇലോണ്‍ മസ്‌ക് പുറത്തേക്ക്. കമ്പനി സ്വകാര്യവത്കരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം തെറിച്ചത്.

യുഎസ് സെക്യൂരിറ്റി കമ്മീഷന്റെ ആവശ്യ പ്രകാരമാണ് മസ്‌ക് പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. എന്നാല്‍ കമ്പനിയുടെ സിഇഒ സ്ഥാനത്ത് അദ്ദേഹം തുടരും. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ നടത്തിയ ട്വീറ്റിന്റെ പേരില്‍ ടെസ്‌ലയും മസ്‌കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കാനും സെക്യൂരിറ്റി കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഓഗസ്റ്റ് ഏഴിന് മസ്‌ക് പുറത്ത് വിട്ട ട്വീറ്റാണ് വിവാദമായത്. ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളറെന്ന നിരക്കില്‍ സ്വകാര്യ ലിസ്റ്റിംഗിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചന പുരോഗമിക്കുകയാണെന്നായിരുന്നു ട്വീറ്റ്. നിലവില്‍ പബ്ലിക് കമ്പനിയായാണ് ടെസ്‌ല ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.താന്‍ സിഇഒയായി തുടരുമെന്നും കൈവശമുള്ള ഓഹരികള്‍ വില്‍ക്കില്ലെന്നും മസ്‌ക് വ്യക്തമാക്കിയതോടെയാണ് നിക്ഷേപകകര്‍ ഇടഞ്ഞത്.

കമ്പനി സഹഉടമകളോട് ആലോചിക്കാതെയായിരുള്ള മസ്‌കിന്റെ പ്രഖ്യാപനം. ഇതിനു പിറകെ ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യപിച്ചതിനെതിരെ യുഎസ് സെക്യൂരിറ്റി കമ്മീഷനും രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ മൂന്നു വര്‍ഷമെങ്കിലും മസ്‌കിന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും.

Comments

comments

Categories: Business & Economy, Slider