ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം

ലോകത്തെ ഏറ്റവും വലിയ കൊലയാളി രോഗമെന്ന റെക്കോഡ് മറ്റൊന്നിനും വിട്ടുകൊടുക്കാന്‍ തയാറാവാതെ ഹൃദ്രോഗം കൂടുതല്‍ ജീവനുകള്‍ അപഹരിച്ച് മുന്നോട്ടു നീങ്ങുന്ന കാഴ്ചയാണ് 2008 ലും കാണുന്നത്. ഓരോ വര്‍ഷവും 1,75,00,000 ആളുകളാണ് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ മൂലം കാലപുരി പൂകുന്നത്. അതായത് ലോകത്തിലെ എല്ലാ മരണങ്ങളുടെയും മൂന്നിലൊന്ന്. അവികസിത, മധ്യവര്‍ഗ രാജ്യങ്ങളിലാണ് ഇതില്‍ 80 ശതമാനം മരണങ്ങളും നടക്കുന്നത്. ഹൃദയാഘാത നിരക്ക് മനുഷ്യ ശരീരത്തില്‍ 24 മണിക്കൂറും നിര്‍ത്താതെ സേവനം ചെയ്യുന്ന ഈ യന്ത്രത്തിന്റെ പ്രവര്‍ത്തം ക്ഷണനേരം ഒന്നു നിലച്ചാല്‍ ഉണ്ടാവുന്ന ദുരന്തം ആലോചിക്കുമ്പോള്‍ ഹൃദ്രോഗത്തിനെതിരെ ജാഗ്രത എടുക്കേണ്ടതിന്റെ പ്രാധാന്യം മനസിലാവും. ശരിയായ ചികിത്സകള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ആഹാര, ജീവിതചര്യകള്‍ പ്രായഭേദമെന്യേ എല്ലാവരും പിന്തുടരേണ്ടതാണ്.

ഡോ. മുരളി പി വെട്ടത്ത്

ഹൃദയത്തിന് മുകളിലുള്ള രക്തധമനിയിലെ ഭിത്തികള്‍ക്കുള്ളിലുണ്ടാവുന്ന അസുഖത്തിനാണ്് ഹൃദ്രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നു പറയുന്നത്. രക്തധമനികളില്‍ ബ്ലോക്കുകള്‍ വരുമ്പോള്‍ മാംസപേശികളില്‍ രക്തയോട്ടം കിട്ടാതാവുന്നത് മൂലം അതിന്റെ ചലനം നിലയ്്ക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്്. മിക്കവാറും പ്രായമാകുന്നതിന്റെ ഭാഗമായിട്ടാണ് രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ വരുന്നത്. ഭക്ഷണരീതികള്‍ കൊണ്ടും ജനിതക കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ബ്ലോക്കുകള്‍ വരാം. ബ്ലോക്ക് വരുന്ന 50 ശതമാനത്തോളം ആളുകളില്‍ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം കാരണമാകുന്നുവെങ്കിലും ബാക്കി 50 ശതമാനം പേരിലും പ്രായം തന്നെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. എങ്കിലും ഭക്ഷണരീതി നിയന്ത്രിക്കുന്നവരിലും കൃത്യമായി വ്യായാമം ചെയ്യുന്നവരിലും ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. ഹൃദയാഘാതം മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ഒരുപരിധിവരെ മരണം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് സത്യം.

ചികിത്സാ രീതികളിലൊന്ന് ആന്‍ജിയോപ്ലാസ്റ്റിയാണ്. ഒന്നോ രണ്ടോ ബ്ലോക്ക് വന്ന ആളുകളില്‍ അതിന്റെ ലക്ഷണം കാണുകയാണെങ്കില്‍ പരിശോധനകള്‍ നടത്തിയശേഷം ആന്‍ജിയോഗ്രാം ചെയ്ത് സ്‌റ്റെന്റ് (ലോഹഘടകങ്ങള്‍) ഇടുന്നു. എന്നാല്‍ സ്‌റ്റെന്റിടാന്‍ പറ്റാത്ത സ്ഥലത്ത് ബ്ലോക്കുകളുണ്ടെങ്കില്‍ ചെയ്യുന്നതാണ് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ് (സിഎബിജി). ആന്‍ജിയോഗ്രാം ചെയ്ത് സ്‌റ്റെന്റിടാന്‍ പറ്റാത്ത രോഗികളില്‍ മാത്രമേ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുകയുള്ളൂ. ബൈപ്പാസ് ശസ്ത്രക്രിയയില്‍ തുന്നിപ്പിടിപ്പിക്കുന്ന രക്തധമനി രോഗിയുടെ ശരീരത്തില്‍ നിന്നു തന്നെയാണെടുക്കുന്നത്. അതായത് ആ രോഗിയുടെ അതേ വയസ്സ് തന്നെയുള്ള രക്തധമനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രക്തധമനികളില്‍ ഇതുപോലെയുള്ള അസുഖങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്്. ചില ആളുകളില്‍ ബൈപ്പാസ് ചെയ്ത രക്തധമനികള്‍ 10-20 കൊല്ലമായി തുറന്നിരിക്കാറുണ്ട്്. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയസാധ്യത കണക്കിലെടുത്തുകൊണ്ട് തന്നെ ആളുകള്‍ വീണ്ടും ഇതിന് തയ്യാറാവുന്നുണ്ട്്.

അതേസമയം ബൈപ്പാസ് ശസ്ത്രക്രിയ ചെയ്താലും ഒരു കൊല്ലത്തിനുള്ളില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം ആളുകള്‍ക്കും വീണ്ടും ബ്ലോക്ക് വരാം. ഇങ്ങനെ വരുന്ന സമയത്ത് ഒന്നുകില്‍ സ്‌റ്റെന്റിടുകയോ അല്ലെങ്കില്‍ മരുന്ന് കൊടുത്ത് ഇതിന്റെ ലക്ഷണങ്ങള്‍ മാറ്റുകയോ ചെയ്യാം. തുന്നിക്കൂട്ടുന്ന രക്തധമനികളിലോ അല്ലെങ്കില്‍ തുന്നിക്കൂട്ടിയ സ്ഥലത്തിന് ശേഷമുള്ള ഭാഗത്തോ രക്തയോട്ടം കുറഞ്ഞതെങ്കില്‍ അവിടെ ബ്ലോക്ക് വരാവുന്നതാണ്. അതേസമയം ചില രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ തന്നെ രക്തധമനികളില്‍ ബ്ലോക്ക് വരാന്‍ സാധ്യതയുണ്ട്. ഹൃദയാഘാതത്തിനുള്ള ശസ്ത്രക്രിയ ചികിത്സ തുടങ്ങിയിട്ട് 70 വര്‍ഷമായെങ്കിലും ഇപ്പോഴും ഈ ചികിത്സാ രീതി നിലനില്‍ക്കുന്നതിന്റെ കാരണം ശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ 40 വര്‍ഷത്തോളം ജീവിച്ചിരിക്കുന്നത് കൊണ്ട് തന്നെയാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തുന്ന രോഗിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ തുടരേണ്ടതാണ.് ഭാവിയില്‍ രോഗം മൂര്‍ച്ഛിക്കാതിരിക്കാനാണ് മരുന്നുകള്‍ തുടരേണ്ടത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകള്‍, ഹൃദയത്തിന്റെ പമ്പിംഗ് മെച്ചപ്പെടുത്തുന്നതിനും ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. അതുപോലെ കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള ഗുളികകളും കഴിക്കേണ്ടതാണ്. കൂടാതെ തുടര്‍ പരിശോധനകളും മുടങ്ങാതെ നടത്തണം. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കില്‍ ഇസിജി പരിശോധനയും നടത്തണം.

പുകവലി പൂര്‍ണമായി ഉപേക്ഷിക്കേണ്ടതാണ്. ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ കൊടുക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കേണ്ടതാണ്. പ്രമേഹരോഗികള്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രോഗിക്ക് കൃത്യമായി വ്യായാമം വേണം. വ്യായാമത്തിനു ശേഷം പള്‍സ്, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നത് നല്ലതാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗി കഴിയുന്നതും മാനസിക പിരിമുറുക്കം ഒഴിവാക്കി വിനോദങ്ങളിലേക്ക് മനസ്സിനെ തിരിച്ചു വിടേണ്ടതാണ്.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറി വിഭാഗം ചെയര്‍മാനാണ് ലേഖകന്‍)

Comments

comments

Categories: FK News, Slider
Tags: heart day