സിക്കിമിന്റെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് ചിറകേകി പക്യോംഗ്

സിക്കിമിന്റെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് ചിറകേകി പക്യോംഗ്

മലയിടിച്ചില്‍ പതിവുള്ള സംസ്ഥാനത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ദേശീയ പാത 10 തടസപ്പെട്ടാല്‍ സഞ്ചാരികളക്കം ദിവസങ്ങളോളം കുടുങ്ങുന്നത് പതിവായിരുന്നു

സിലിഗുരി: സംസ്ഥാനം രൂപീകരിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം യാഥാര്‍ഥ്യമായ സിക്കിമിലെ ആദ്യ വിമാനത്താവളം വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് മതിയായ കരുത്ത് പകരുമെന്ന് പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയിലൂന്നി സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കുന്ന കിഴക്കന്‍ ഹിമാലയന്‍ പ്രവിശ്യയിലേക്ക് എളുപ്പം എത്തുന്നതിനും മടങ്ങുന്നതിനും സഹായിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്ത പക്യോംഗ് വിമാനത്താവളം. സംസ്ഥാനത്തു നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള പശ്ചിമ ബംഗാളിലെ ബാഗ്‌ദോഗ്ര വിമാനത്താവളമാണ് നിലവില്‍ വിനോദസഞ്ചാരികള്‍ ഉപയോഗിക്കുന്നത്. വ്യോമയാന ശേഷി പൂര്‍ണമായി ഉപയോഗിച്ച് കഴിഞ്ഞ നിലയിലാണ് ഇവിടം. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തു തന്നെ വിമാനത്താവളം വന്നത് വിദേശ വിനോദ സഞ്ചാരികളെയടക്കം കൂടുതലായി ആകര്‍ഷിക്കുമെന്ന് പ്രമുഖ ടൂറിസം കണ്‍സള്‍ട്ടന്റ് ആയ എസ് സന്യാല്‍ പറഞ്ഞു.

ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, പോയ വര്‍ഷത്തില്‍ 101.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലേക്കെത്തിയത്. 2016 ല്‍ നിന്നും 15 ശതമാനത്തിന്റെ വര്‍ധനവാണിത്. അഞ്ച് ശതമാനം ടൂറിസ്റ്റുകള്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് സന്ദര്‍ശിക്കുമ്പോള്‍ 50,000 പേരാണ് തൊട്ടടുത്തുള്ള സിക്കിമിലേക്ക് എത്തുന്നത്.

മലയിടിച്ചില്‍ പതിവുള്ള സംസ്ഥാനത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ദേശീയ പാത 10 തടസപ്പെട്ടാല്‍ സഞ്ചാരികളക്കം ദിവസങ്ങളോളം കുടുങ്ങുന്നത് പതിവായിരുന്നു. ഇത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായി മാറി. ഈ പ്രശ്‌നത്തിനുള്ള മറുപടിയാണ് പക്യോംഗെന്ന് ഈസ്‌റ്റേണ്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സന്ദീപ് ഘോഷ് വ്യക്തമാക്കി. ഹോട്ടലുകളിലെ വാര്‍ഷിക ബുക്കിംഗ് ശതമാനം 50 മുതല്‍ 60 വരെ ആണെന്നും കൂടുതല്‍ സഞ്ചാരികള്‍ എത്തിയാല്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്യോംഗിലേക്കുള്ള വിമാന റൂട്ടുകളും സര്‍വീസുകളും ആശ്രയിച്ചിരിക്കും വരുമാന നേട്ടം. ‘കൊല്‍ക്കത്തയില്‍ നിന്ന് മാത്രമല്ല, ചെന്നൈ, ഹൈദരാബാദ്, മുംബൈ, എന്നിവിടങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. അതിനാല്‍ തന്നെ ഈ സ്ഥാലങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസുകളിലൂടെ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും,’ സന്ദീപ് ഘോഷ് പറഞ്ഞു.

Comments

comments

Categories: Current Affairs