റിയല്‍മീ 2 പ്രോ വിപണിയില്‍

റിയല്‍മീ 2 പ്രോ വിപണിയില്‍

ഇതോടൊപ്പം റിയല്‍മീ സി 1 അവതരിപ്പിച്ചു

 

ന്യൂഡെല്‍ഹി : ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മീ ഇന്ത്യന്‍ വിപണിയില്‍ റിയല്‍മീ 2 പ്രോ അവതരിപ്പിച്ചു. റിയല്‍മീ 1, റിയല്‍മീ 2 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുശേഷമാണ് മൂന്നാമത്തെ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നോയ്ഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിലായിരുന്നു ലോഞ്ച്. ഇന്ത്യയില്‍ ഇരുപതിനായിരം രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് റിയല്‍മീ 2 പ്രോ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 660 എഐഇ ചിപ്പ്‌സെറ്റാണ് റിയല്‍മീ 2 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. അഡ്രീനോ 512 ജിപിയു മികച്ച ഗെയ്മിംഗ് അനുഭവം സമ്മാനിക്കും. ഓപ്പോയുടെ കീഴിലായിരുന്ന റിയല്‍മീ ഇപ്പോള്‍ സ്വതന്ത്ര ബ്രാന്‍ഡാണ്.

8 ജിബി റാം, 6.30 ഇഞ്ച് ഡ്യൂഡ്രോപ്പ് ഫുള്‍ ടച്ച്‌സ്‌ക്രീന്‍ (90.8 %) സവിശേഷതയുള്ള ഈ പ്രൈസ് സെഗ്‌മെന്റിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് റിയല്‍മീ 2 പ്രോ. മൂന്ന് വേരിയന്റുകളില്‍ റിയല്‍മീ 2 പ്രോ ലഭിക്കും. 4 ജിബി റാം + 64 ജിബി റോം വേരിയന്റിന് 13,990 രൂപയും 6 ജിബി റാം + 64 ജിബി റോം വേരിയന്റിന് 15,990 രൂപയും 8 ജിബി റാം + 128 ജിബി റോം വേരിയന്റിന് 17,990 രൂപയുമാണ് വില. 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെയായി വര്‍ധിപ്പിക്കാം. 128 ജിബി സ്‌റ്റോറേജില്‍ 27,000 ഫോട്ടോകള്‍ അല്ലെങ്കില്‍ 200 ലധികം സിനിമകള്‍ സൂക്ഷിക്കാന്‍ കഴിയും. ഐസ് ലേക്ക്, ബ്ലൂ ഓഷ്യന്‍, ബ്ലാക്ക് സീ എന്നീ മൂന്ന് നിറങ്ങളില്‍ റിയല്‍മീ 2 പ്രോ ലഭിക്കും. ഒക്‌റ്റോബര്‍ 11 ന് പുലര്‍ച്ചെ 12 മണിക്ക് ഫഌപ്കാര്‍ട്ടിലൂടെ മാത്രം വില്‍പ്പന ആരംഭിക്കും.

ഡയമണ്ട് കട്ട് ഗ്ലാസ് പാനലാണ് റിയല്‍മീ 2 പ്രോയുടെ പിന്‍വശത്തെ മനോഹരമാക്കുന്നത്. റിയല്‍മീ 1, റിയല്‍മീ 2 ഡിവൈസുകളില്‍ ഇത് കാണാം. 16 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ പ്രധാന കാമറ പിന്നില്‍ നല്‍കിയിരിക്കുന്നു. 16 മെഗാപിക്‌സല്‍ കാമറ ഉപയോഗിച്ച് സെല്‍ഫികള്‍ ആഘോഷമാക്കാം. ഡുവല്‍ നാനോ സിം (ജിഎസ്എം & ജിഎസ്എം) സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ 2 പ്രോ. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, കോംപസ്/മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ് എന്നിവ സവിശേഷതകളാണ്. 3500 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് റിയല്‍മീ 2 പ്രോ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. 174 ഗ്രാമാണ് ഭാരം.

ബ്രാന്‍ഡ് പ്രവര്‍ത്തനം തുടങ്ങി ആദ്യ നാല് മാസത്തിനുള്ളില്‍ രണ്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയെന്നും പത്ത് ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന കരസ്ഥമാക്കാന്‍ കഴിഞ്ഞതായും റിയല്‍മീ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാധവ് സേഠ് പറഞ്ഞു. റിയല്‍മീ ഗ്ലോബല്‍ സിഇഒ സ്‌കൈ ലി, ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ലവി ലീ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടൊപ്പം റിയല്‍മീ സി 1 കൂടി വിപണിയില്‍ അവതരിപ്പിച്ചു. 6,990 രൂപയാണ് വില. ഒക്‌റ്റോബര്‍ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫഌപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Tech
Tags: Realme 2 pro