മാനുഫാക്ചറിംഗ് ഹബ്ബില്‍നിന്ന് ഡിസൈന്‍ ഡെസ്റ്റിനേഷനാകുന്ന തായ്‌വാന്‍

മാനുഫാക്ചറിംഗ് ഹബ്ബില്‍നിന്ന് ഡിസൈന്‍ ഡെസ്റ്റിനേഷനാകുന്ന തായ്‌വാന്‍

സ്‌പെയ്‌നിന്റെ ജനസംഖ്യയുടെ പകുതിയോളം മാത്രമാണ് തായ്‌വാനിലുള്ളത്. മെക്‌സിക്കോയുടെ അഞ്ചിലൊന്ന് വലുപ്പം (ഭൂവിഭാഗം) മാത്രമാണ് തായവാന്റേത്. എന്നിട്ടും ലോകത്തിലെ 10 ലാപ് ടോപ് കമ്പ്യൂട്ടറുകളില്‍ ഒന്‍പതെണ്ണവും നിര്‍മിക്കുന്നത് തായ്‌വാനിലാണ്.

നമ്മളില്‍ പലരുടെയും ബാല്യകാലത്ത് ഉപയോഗിച്ചിരുന്ന കളിക്കോപ്പുകളില്‍ ‘ മെയ്ഡ് ഇന്‍ തായ്‌വാന്‍ ‘ എന്ന് എഴുതിയിരുന്നത് കണ്ടു കാണും. ചിലതാകട്ടെ, ഹോങ്കോങ് നിര്‍മിതവുമായിരുന്നു. കളിപ്പാട്ടങ്ങളുടെ ആഗോള വിപണി കൈയ്യടക്കിയിരുന്നത് തായ്‌വാനായിരുന്നു. ചെലവ് കുറഞ്ഞ മാനുഫാക്ചറിംഗ് രീതിക്ക് അക്കാലത്ത് ലോക പ്രശസ്തമായിരുന്നു തായ്‌വാന്‍. ലോകത്തിന്റെ ഒട്ടുമിക്ക വിപണികളിലും തായ്‌വാന്റെ ഉത്പന്നങ്ങള്‍ സ്ഥാനംപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് തായ്‌വാന്റെ സ്ഥാനം ചൈന പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമായിരുന്നു മാനുഫാക്ച്ചറിംഗ് പവര്‍ ഹൗസ് ആയി തായ്‌വാന്‍ എന്ന ദ്വീപ് ഉയര്‍ന്നുവന്നത്. ഏറ്റവും വില കുറഞ്ഞ സാധനങ്ങളുടെ ഉറവിടം ഇന്ന് ചൈനയാണ്. എന്നാല്‍ ചൈനയ്ക്കു മുന്‍പ് ഈ സ്ഥാനം അലങ്കരിച്ചിരുന്നത് തായ്‌വാനായിരുന്നു. 1990-കളോടെ കളിപ്പാട്ടങ്ങളില്‍നിന്ന് ഇലക്‌ട്രോണിക്‌സ് വ്യവസായത്തിലെ ആഗോള ശക്തിയായി തായ്‌വാന്‍ മാറി. ഒരു കാലത്ത് Made in Taiwan എന്ന ടാഗ് സര്‍വ്വവ്യാപിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദ്വീപിന്റെ ക്രിയേറ്റീവ് ഇന്‍ഡസ്ട്രികള്‍ മെയ്ഡ് ഇന്‍ തായ്‌വാന്‍ എന്നത് Designed in Taiwan എന്ന് പുനര്‍നിര്‍വച്ചിച്ചു കൊണ്ടിരിക്കുകയാണ്.

വ്യവസായത്തിന്റെ വിത്ത് പാകുന്നു

1950-കളില്‍ തായ്‌വാന്‍, അമേരിക്കയുമായി പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ചതില്‍നിന്നാണു തായ്‌വാന്റെ മാനുഫാക്ചറിംഗ് ചരിത്രം ആരംഭിക്കുന്നത്. ഈ കരാര്‍ 1979-ല്‍ അവസാനിച്ചു. എന്നാല്‍ പ്രാദേശികതലത്തില്‍ ശക്തമായൊരു സഖ്യം വേണമെന്ന ആവശ്യം ഉണ്ടായിരുന്നതിനാല്‍ അമേരിക്ക, തായ്‌വാനു സാമ്പത്തിക സഹായം ചൊരിഞ്ഞു കൊണ്ടിരുന്നു. ഇതാകട്ടെ, യുഎസ് മാതൃകയില്‍ വ്യവസായവത്കരണവുമായി മുന്നോട്ടുപോകാന്‍ തായ്‌വാനു സാധിച്ചു. അമേരിക്കയുടെ സാങ്കേതികജ്ഞാനം ഉപയോഗപ്പെടുത്തിയതോടെ, മാനുഫാക്ചറിംഗ് ബിസിനസ് അതിവേഗവും, ലാഭകരമായും വികസിക്കുകയും ചെയ്തു. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തൊഴിലാളികളെ ലഭിച്ചതും, പാശ്ചാത്യ വ്യാവസായിക രീതികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെയും റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍, റേഡിയോ എന്നിവ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ തായ്‌വാനു സാധിച്ചു. വിദേശ ക്ലൈന്റുകള്‍ ആവശ്യപ്പെടുന്നതെന്തും ഉത്പാദിപ്പിക്കാനാവുമെന്ന ആത്മവിശ്വാസവും കൈവന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ചില ബ്രാന്‍ഡുകളുടെ മാനുഫാക്ചറിംഗ് ഹബ്ബായി തായ്‌വാന്‍ മാറുകയും ചെയ്തു.1990-കളില്‍ തായ്‌വാനില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളും, ആഭ്യന്തരതലത്തില്‍ ആര്‍ജ്ജിച്ച വൈദഗ്ധ്യവും ചേര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ബൂമിന്റെ രണ്ടാം തരംഗം തീര്‍ത്തു. അക്കാലത്ത് വളര്‍ന്നുവന്ന ഇലക്‌ട്രോണിക്‌സ് രംഗം തായ്‌വാനെ നാല് ഏഷ്യന്‍ ടൈഗര്‍മാരില്‍ (ഹോങ്കോങ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍) ഒന്നാക്കി മാറ്റി. അസൂസ്, ഏസര്‍, ക്വാണ്ട കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടെക്‌നോളജി കമ്പനികള്‍ ഈ കാലഘട്ടത്തില്‍ തായ്‌വാനില്‍ സ്ഥാപിക്കപ്പെട്ടു. ഈ ആഭ്യന്തര ഐടി പവര്‍ഹൗസുകള്‍, ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റുകള്‍, ഫോണ്‍ എന്നിവ മുതല്‍ സെര്‍വറുകള്‍, മദര്‍ ബോര്‍ഡ്, ഗ്രാഫിക് കാര്‍ഡ് എന്നിവ വരെ നിര്‍മിച്ചു. 1990-കളില്‍ സംഭവിച്ച വിപണിയിലെ ഉദാരവല്‍ക്കരണം, ആഗോളതലത്തില്‍ വ്യാപാരം ചെയ്യാന്‍ തായ്‌വാനിലെ കമ്പനികളെ പ്രാപ്തരാക്കി.

തായ്‌വാന്റെ എന്‍ജിനീയറിംഗ് വൈഭവം

വില കുറഞ്ഞ കളിപ്പാട്ടങ്ങളും മറ്റു സാധനങ്ങളും ലഭ്യമാക്കിയിരുന്ന തായ്‌വാന് ക്രമേണ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ മത്സരം നേരിടേണ്ടി വന്നു. മത്സരം കടുപ്പമായതോടെ തായ്‌വാന്‍ കളം വിട്ടു. തായ്‌വാന് എന്‍ജിനീയറിംഗ് രംഗത്തു വൈദഗ്ധ്യമുണ്ടായിരുന്നു. അവര്‍ അത് ഉപയോഗിച്ചു ഹാര്‍ഡ്‌വെയര്‍ ടെക്‌നോളജി മേഖലയിലേക്ക് പ്രവേശിച്ചു. തായ്‌വാനില്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി കരസ്ഥമാക്കിയിരിക്കുന്നവരില്‍ 25 ശതമാനത്തിലേറെ പേര്‍ എന്‍ജിനീയറിംഗ് വിഭാഗക്കാരാണ്. ഇത് തായ്‌വാന് അനുകൂല ഘടകവുമായി. ഇന്ന് ലോകത്തിലെ 60 ശതമാനം ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ നിര്‍മാണവും നടക്കുന്നത് തായ്‌വാനിലാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാണം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നിവയില്‍ വര്‍ഷങ്ങളായി തായ്‌വാനീസ് കമ്പനികള്‍ മികച്ചു നില്‍ക്കുന്നു. ഇന്ന് തായ്‌വാന്റെ ലക്ഷ്യങ്ങളിലൊന്ന് ഏഷ്യയിലെ സിലിക്കണ്‍ വാലിയാവുക എന്നതാണ്. ഇലക്‌ട്രോണിക്‌സ് വ്യവസായത്തിലെ പ്രധാനിയാണ് ഈ ദ്വീപ്. കമ്പ്യൂട്ടര്‍ ചിപ്‌സ്, എല്‍സിഡി പാനലുകള്‍ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളുമാണ്.

Comments

comments

Categories: Slider, Tech
Tags: Taiwan