ഉറസുമായി ഇന്ത്യ പിടിക്കാന്‍ ലംബോര്‍ഗിനി

ഉറസുമായി ഇന്ത്യ പിടിക്കാന്‍ ലംബോര്‍ഗിനി

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ആദ്യ പത്ത് ആഗോള വിപണികളില്‍ ഇന്ത്യന്‍ വിപണി ഇടംനേടുമെന്ന പ്രതീക്ഷയില്‍ ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഓട്ടോ മൊബീലി ലംബോര്‍ഗിനി. പുതിയ മോഡലായ എസ്‌യുവി ‘ഉറസ്’ലൂടെ ഇന്ത്യന്‍ വിപണി പിടിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 26 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യമെന്ന് ഓട്ടോമൊബീലി ലംബോര്‍ഗിനി ഏഷ്യ-പസഫിക് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മറ്റെയോ ഓര്‍ട്ടെന്‍സി വ്യക്തമാക്കി.

അമേരിക്ക, ജപ്പാന്‍, യുകെ, ചൈന, ജര്‍മനി, കാനഡ, പശ്ചിമേഷ്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, മൊണാക്കോ, ഇറ്റലി എന്നിവയാണ് ലംബോര്‍ഗിനിയുടെ 2017 ലെ ആദ്യ പത്ത് ആഗോള വിപണികള്‍. അമേരിക്കയില്‍ 1,095 യൂണിറ്റുകളും പത്താം സ്ഥാനത്തുള്ള ഇറ്റലിയില്‍ 119 യൂണിറ്റുകളും കമ്പനി വിറ്റു.

3.1 കോടി രൂപ മുതലാണ് ഉറസിന്റെ വില ആരംഭിക്കുന്നത്. ഹുറക്കാന്‍, അവെന്റാഡര്‍ എന്നീ മോഡലുകളുടെ ഒപ്പമാണ് ഉറസിനെ കൂടി ഉള്‍പ്പെടുത്തി ഉല്‍പ്പന്ന നിര ശക്തിപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ ഉറസ് വാങ്ങിയവരില്‍ 70 ശതമാനവും പുതിയ ലംബോര്‍ഗിനി ഉപഭോക്താക്കളാണ്. ഇന്ത്യയില്‍ ഇത് 68 ശതമാനമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആറ് മുതല്‍ ഒന്‍പത് മാസം വരെ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കേണ്ടി വരും.

Comments

comments

Categories: Auto
Tags: Lamborgini