വിദേശ വ്യാപാര നയത്തിനായി ഉന്നത ഉപദേശക സമിതി രൂപീകരിച്ചു

വിദേശ വ്യാപാര നയത്തിനായി ഉന്നത ഉപദേശക സമിതി രൂപീകരിച്ചു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സുര്‍ജിത്ത് ബല്ലയാണ് സമിതിക്ക് നേതൃത്വം നല്‍കുക

ന്യൂഡെല്‍ഹി: പുതിയ വിദേശ വ്യാപാര നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് വാണിജ്യ മന്ത്രാലയം 12 അംഗ ഉന്നത ഉപദേശക സമിതി രൂപീകരിച്ചു. രാജ്യത്തിന്റെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായിരിക്കും ഉന്നതതല സമിതി നിര്‍ദേശിക്കുക.
വിനിമയ നിരക്ക് കൈകാര്യം ചെയ്യല്‍, വ്യാപാര യുദ്ധത്തിന്റെ ആഘാതം, വ്യാപാര അനിശ്ചിതത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടായിരിക്കും സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.
നിലവിലുള്ള വ്യാപാര നടപടികളും സമിതി പരിശോധിക്കും. ഭാവിയില്‍ അന്താരാഷ്ട്ര വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സുര്‍ജിത്ത് ബല്ലയാണ് സമിതിക്ക് നേതൃത്വം നല്‍കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്‍, വാണിജ്യ വകുപ്പ് മുന്‍ സെക്രട്ടറി രാജിവ് ഖേര്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആദില്‍ സൈനുഭായ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അടുത്ത മാസം സമിതിയുടെ ആദ്യ യോഗം ചേരുകയുെ ഇതു സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് വാണിജ്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും.
2015 ഏപ്രിലിലാണ് 2015-2020 കാലയളവിലേക്കുള്ള വിദേശ വ്യാപാര നയം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സാധന, സേവനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുണ്ടായിരുന്നത്. 2020ല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ വ്യാപാര നയം വാണിജ്യ മന്ത്രാലയം അവതരിപ്പിക്കും.
പുതിയ നയത്തിനുകീഴില്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അനൂകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് സ്‌കീമുകളാണുള്ളത്, എംഇഐഎസും (മെര്‍ച്ചന്‍ഡൈസ് എക്‌സ്‌പോര്‍ട്ട് ഫ്രം ഇന്ത്യ സ്‌കീം) എസ്ഇഐഎസും (സര്‍വീസ് എക്‌സ്‌പോര്‍ട്ട് ഫ്രം ഇന്ത്യ സ്‌കീം). ഇന്ത്യയുടെ ഇത്തരം സ്‌കീമുകള്‍ക്കെതിരെ യുഎസ് ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം സ്‌കീമുകള്‍ യുഎസ് കമ്പനികള്‍ക്കു നേരേയുള്ള വിവേചനമാണെന്നാണ് അമേരിക്കയുടെ ആരോപണം.

Comments

comments

Categories: Business & Economy