യുഎയില്‍ ആദ്യമായി വെള്ളത്തിനു നടുവില്‍ നീന്തല്‍ക്കുളവുമായി നഖീല്‍

യുഎയില്‍ ആദ്യമായി വെള്ളത്തിനു നടുവില്‍ നീന്തല്‍ക്കുളവുമായി നഖീല്‍

പാം ജുമൈറ ദ്വീപിന്റെ തീരത്തു നിന്നും 50 മീറ്റര്‍ അകലെ വെള്ളത്തിനു നടുവിലാണ് നീന്തല്‍ക്കുളം

ദുബായ്: വെള്ളത്തിന്റെ പ്രതലത്തില്‍ പൊങ്ങിക്കിടക്കുന്ന നീന്തല്‍ക്കുളം യുഎഇയില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് പ്രമുഖ ഡെവലപ്പര്‍മാരായ നഖീല്‍. കമ്പനിയുടെ റെസ്റ്റോറന്റ് – ലെഷര്‍ മേഖലയിലെ നഖീല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ലെഷര്‍ വിഭാഗത്തിനുവേണ്ടിയാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഭാഗമായ അറേബ്യന്‍ ഗള്‍ഫിലെ പാം ജുമൈറയില്‍ വെള്ളത്തിനു മുകളിലായി നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നത്. യുഎഇയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീന്തല്‍ക്കുളം നിര്‍മിക്കപ്പെടുന്നത്.

ഹോട്ടല്‍ സന്ദര്‍ശകര്‍ക്ക് പകലും രാത്രിയും നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം ബീച്ചിന്റെ സൗന്ദര്യവും ആസ്വദിക്കാനാകും. പാം ജുമൈറ ദ്വീപിന്റെ തീരത്തു നിന്നും 50 മീറ്റര്‍ അകലെ വെള്ളത്തിനു നടുവിലാണ് നീന്തല്‍ക്കുളം സജ്ജമാക്കിയിരിക്കുന്നത്. നീന്തല്‍ക്കുളത്തിലേക്ക് പോകുന്നതിനായി നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. 20 മീറ്റര്‍ നീളത്തിലുള്ള നീന്തല്‍ക്കുളത്തിന് സമീപത്തായി ആളുകള്‍ക്ക് വിശ്രമിക്കുന്നതിനും സൂര്യപ്രകാശം കൊള്ളുന്നതിനുമായി സണ്‍ഷേഡ് കിടക്കകളും സ്ഥാപിച്ചിട്ടുണ്ട്. സീഫഌക്‌സ് ആങ്കറിംഗ് സംവിധാനത്തിലാണ് നീന്തല്‍ക്കുളം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വെളളത്തിനു മുകളിലെ നീന്തല്‍ക്കുളം സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് നഖീല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ലെഷര്‍ മാനേജിംഗ് ഡയറക്റ്റര്‍ തോര്‍സ്റ്റണ്‍ റീസ് പറഞ്ഞു. ആളുകള്‍ക്ക് അറേബ്യന്‍ ഗള്‍ഫിലെ ഉപ്പുവെള്ളം നിറഞ്ഞ വെള്ളത്തില്‍ നീന്തണോ അതോ ശുദ്ധ ജലം നിറഞ്ഞ നീന്തല്‍ക്കുളത്തില്‍ ഇറങ്ങണോ എന്ന വിഷയത്തില്‍ മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്താനും പുതിയ സൃഷ്ടി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാം ജൂമൈറയിലെ ബ്രീസ് ബീച്ച് ഗ്രില്‍, ആ പ്രദേശത്തെ ഏറ്റവും മികച്ച ഡൈനിംഗ് സെസ്റ്റിനേഷന്‍ ആയാണ് പൊതുവെ അറിയപ്പെടുന്നത്. ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നീന്തല്‍ക്കുളം കൂടി എത്തിയതോടെ ദുബായ് അത്യാവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി വീണ്ടും മാറിയിരിക്കുയാണെന്നും തോര്‍സ്റ്റണ്‍ റീസ് ചൂണ്ടിക്കാട്ടി. പകല്‍ സമയത്ത് മുതിര്‍ന്നവര്‍ക്കു മാത്രമാണ് നീന്തല്‍ക്കുളത്തില്‍ പ്രവേശനം. ഓരോ വ്യക്തിക്കും 200 ദിനാറാണ് പ്രവേശന ഫീസ്. എന്നാല്‍ ബ്രീസ് ബീച്ച് ഗ്രില്‍ ഹോട്ടലില്‍ നിന്നും ആഹാരവും മദ്യവും ഓര്‍ഡര്‍ ചെയ്താല്‍ നിരക്ക് 100 ദിനാറായി കുറയ്ക്കാനാകും. രാത്രികാലങ്ങളില്‍ ഇവിടെ കോര്‍പ്പറേറ്റ് പരിപാടികള്‍ക്കും പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗിനും കുടുംബ ആഘോഷങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുകയാണ്.

Comments

comments

Categories: Arabia