ഇലോണ്‍ മസ്‌ക്കിനെ മാറ്റിനിര്‍ത്തണം

ഇലോണ്‍ മസ്‌ക്കിനെ മാറ്റിനിര്‍ത്തണം

പലസമയങ്ങളിലും പക്വതയില്ലാതെ പെരുമാറുന്നതിന്റെ ഫലം ഇലോണ്‍ മസ്‌ക്ക് അനുഭവിക്കുകയാണ്. താല്‍ക്കാലികമായെങ്കിലും മസ്‌ക്കിനെ ടെസ്ലയുടെ നേതൃപദവിയില്‍ നിന്ന് മാറ്റാന്‍ ബോര്‍ഡ് തയാറാകണം

ഒരു ലിസ്റ്റഡ് കമ്പനിയുടെ തലപ്പത്തിരുന്നത് തോന്നും പോലെ എന്തും ഏത് സമയത്തും വിളിച്ചുപറയാന്‍ സാധിക്കുമോ. അങ്ങനെ വിളിച്ചുപറഞ്ഞാല്‍ അവിടുത്തെ നിയമസംവിധാനങ്ങള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമോ. എത്ര ഇതിഹാസ സംരംഭകനായാലും ശരി നിയമം നിയമത്തിന്റെ വഴിക്കെന്ന നിലപാടിലാണ് അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച മസ്‌ക്ക് തട്ടിപ്പിന് സമാനമായ കാര്യമാണ് ചെയ്തിരിക്കുന്നതെന്നും ഒരു ലിസ്റ്റഡ് കമ്പനിയുടെ ഡയറക്റ്റര്‍ സ്ഥാനത്തു നിന്നും മറ്റ് നേതൃപദവികളില്‍ നിന്നും അദ്ദേഹത്തെ മാറ്റണമെന്നുമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ന്യൂയോര്‍ക്കിലെ ഒരു ജില്ലാ കോടതയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാവിയെ കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍ തന്നെയാണ് മസ്‌ക്ക്. ടെസ്ലയും സോളാര്‍ സിറ്റിയും സ്‌പേസ് എക്‌സും വിളിച്ചോതുന്നതും അതുതന്നെയാണ്. എന്നാല്‍ ഓഹരി വിപണിയിലെ പ്രകടനത്തിനനുസരിച്ച് ടെസ്ലയുടെ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായപ്പോള്‍ മസ്‌ക്ക് നടത്തിയ കുപ്രസിദ്ധ ട്വീറ്റാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം. ഓഗസ്റ്റിലായിരുന്നു അത്. പ്രതിഓഹരിക്ക് 420 ഡോളറെന്ന നിലയില്‍ ടെസ്ലയെ ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിന്ന് മാറ്റി സ്വകാര്യമാക്കാന്‍ പോകുന്നുവെന്നാണ് മസ്‌ക്ക് ട്വീറ്റ് ചെയ്തത്. ഫണ്ടിംഗ് താന്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ട്വീറ്റിലുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ഫണ്ടിംഗിനെ കുറിച്ച് വിവരമൊന്നും വന്നില്ല. മസ്‌ക്ക് തീരുമാനം മാറ്റുകയും ചെയ്തു. ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ല, ലിസ്റ്റഡ് ആയി തുടരുകയാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇക്കാര്യങ്ങള്‍ പലതും ടെസ്ല ബോര്‍ഡുമായി ചര്‍ച്ച ചെയ്യാതെ ട്വിറ്ററിലൂടെ പറഞ്ഞതും ചോദ്യം ചെയ്യപ്പെട്ടു. മസ്‌ക്കിന്റെ ആദ്യ ട്വീറ്റിനെ തുടര്‍ന്ന് ടെസ്ലയുടെ ഓഹരിവിലയില്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. മസ്‌ക്കിന്റെ ട്വീറ്റുകള്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. ട്വീറ്റുകള്‍ക്കെതിരെ അന്വേഷണവും തുടുങ്ങി. അതിന്റെ പരിണിതഫലമാണ് ഇപ്പോഴുള്ള കോടതി വ്യവഹാരങ്ങള്‍. എത്രവലിയ സെലിബ്രിറ്റി ഇന്നൊവേറ്ററാണെങ്കിലും നിയമത്തില്‍ നിന്ന് രക്ഷ കിട്ടില്ലെന്ന സന്ദേശം കൂടിയാണ് മസ്‌ക്ക് എപ്പിസോഡ് നല്‍കുന്നത്.

Comments

comments

Categories: Editorial, Slider
Tags: Musk