രജിസ്‌ട്രേഷന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഓഫീസ് ആവശ്യമില്ല

രജിസ്‌ട്രേഷന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഓഫീസ് ആവശ്യമില്ല

ഒരു ശതമാനം നികുതിയാണ് വിതരണക്കാരില്‍ നിന്ന് ടിസിഎസ് പ്രകാരം ഈടാക്കേണ്ടത്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കുകീഴിലുള്ള വിത്ത്‌ഹോള്‍ഡിംഗ് നികുതി വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഓഫീസ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌റ്റോബര്‍ ഒന്നുമുതല്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമ്പോള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ടിസിഎസ് (ടാക്‌സ് കളകറ്റഡ് അറ്റ് സോഴ്‌സ്) നികുതി ഈടാക്കണമെന്നും അവര്‍ പറഞ്ഞു.
വിത്ത്‌ഹോള്‍ഡിംഗ് നികുതി വ്യവസ്ഥ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എല്ലാ സംസ്ഥാനത്തും സാന്നിധ്യം ആവശ്യമായതിനാല്‍ വ്യവസ്ഥ പാലിക്കുന്നതിന് പ്രശ്‌നം നേരിടുമെന്നും കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും കമ്പനികള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ സംസ്ഥാനത്തും കമ്പനികള്‍ക്ക് ഓഫീസ് വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചത്.
ജിഎസ്ടി വരുമാനം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് വിത്ത്‌ഹോള്‍ഡിംഗ് നികുതി വ്യവസ്ഥ നടപ്പാക്കുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വരുമാനം സംബന്ധിച്ച ആശങ്കയുണ്ട്. വ്യവസ്ഥ സംബന്ധിച്ച വ്യക്തമായ വിശദീകരണങ്ങളും സര്‍ക്കാര്‍ നല്‍കും. വ്യവസ്ഥ പാലിക്കുന്നതിന് ഏക രജിസ്‌ട്രേഷന്‍ നടപ്പാക്കണമെന്ന് ഇ-ടെയ്‌ലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഭാഗികമായി ആശ്വാസം നല്‍കുമെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്. ഒരു ഓഫീസിന്റെ ആവശ്യമില്ലാതെ ടിസിഎസിനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നത് രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുമെന്ന് പിഡബ്ല്യുസിയില്‍ നിന്നുള്ള പ്രതീക് ജയ്ന്‍ പറഞ്ഞു.
വിത്ത്‌ഹോള്‍ഡിംഗ് നികുതി വ്യവസ്ഥ പ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്ന് രണ്ടര ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ 0.5 ശതമാനം സംസ്ഥാന ജിഎസ്ടിയും 0.5 ശതമാനം കേന്ദ്ര ജിഎസ്ടിയും വിതരണക്കാരില്‍ നിന്നും ഈടാക്കണം. സംസ്ഥാനത്തിനകത്തുനിന്നുള്ള ഇപാടുകള്‍ക്ക് ഒരു ശതമാനം സംയോജിത ജിഎസ്ടിയാണ് ഈടാക്കേണ്ടത്. ഒക്‌റ്റോബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഈ തുക സ്രോതസ്സില്‍ നിന്ന് പിരിച്ച് സര്‍ക്കാരിലേക്ക് അടക്കണം.

Comments

comments

Categories: Business & Economy
Tags: e- commerce